അഭിഷേകo

ദൈവം സർവ്വ ശക്തൻ ആണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുവാൻ തൻെറ ചങ്കൂറ്റത്തി൯െറ നാളുകളിൽ ഏലിയാ പ്രവാചകൻ എത്ര വലിയ അത്ഭുതങ്ങളാണ് ദൈവനാമത്തിൽ ചെയ്തത് .

മഴയെ നിയന്ത്രിക്കുവാനും, ഭരണിയിലെ എണ്ണ വറ്റാതെയും കലത്തിലെ മാവ് കുറയാതെയും വിധവയുടെ ദാരിദ്ര്യത്തെ കൈപ്പിടിയിലൊതുക്കിയഏലിയാ,
ബാലിൻെറ പ്രവാചകന്മാരെ വെല്ലുവിളിച്ച് ദൈവം ആരെന്ന് തെളിയിക്കാൻ ദഹന വസ്തുക്കളിൽ അഗ്നി ഇറക്കിയ ഏലിയാ.

എന്നാൽ തൻെറ അഭിഷേകത്തിൽ ആലസ്യം കലർന്നപ്പോൾ , ശൂന്യതയുടെ കാലത്ത് ജസെബലി൯െറ ഭീഷണിയെ ഭയന്ന് ഏലിയ പ്രാണരക്ഷാർത്ഥം പലായനം ചെയ്തു .
ഏകാന്തതയുടെ മരുഭൂമിയിൽ തണൽ നൽകുവാൻ നല്ലൊരു തണൽമരം പോലുമില്ലാതെ ഒരു വാടാ മുൾചെടിയുടെ തണലിൽ ഇരുന്ന് പ്രവാചകൻ ദൈവത്തോട് പ്രാർത്ഥിച്ചു . “കർത്താവേ മതി എൻെറ പ്രാണനെ സ്വീകരിച്ചാലു൦.ഞാൻ എൻെറ പിതാക്കന്മാരെ കാൾ മെച്ചമല്ല .”
(1 രാജാക്കന്മാർ 19: 4 )

ഇന്നും കാര്യങ്ങൾ ഇങ്ങനെ തന്നെയാണ്.
ഒരു കാലത്ത് ആഴമായ ദൈവാനുഭവം ലഭിച്ച ,ദൈവരാജ്യ ത്തിനുവേണ്ടി വലിയ കാര്യങ്ങൾ ചെയ്ത ദൈവ ശുശ്രൂഷക൪…,
ദൈവഭക്ത൪…,വലിയ കാര്യങ്ങൾ ചെയ്യുവാൻ ദൈവകരങ്ങളിൽ ഉപകരണം ആയപ്പോൾ കടന്നുകൂടിയ ആത്മീയ അഹങ്കാരത്തിൽ , സ്ഥാപനങ്ങളുടെയും സംഘടനകളുടെയു൦ പേരും പെരുമയും വർധിപ്പിക്കാൻ ഓടിയ ഓട്ടങ്ങൾക്കൊടുവിൽ ഏലിയായെ പോലെ തണൽ മരങ്ങൾ ഇല്ലാത്ത ജീവിത വ്യഗ്രതയുടെ മുൾച്ചെടി തണലിൽ വിശ്രമിക്കുന്നു .

നിരന്തര ജാഗ്രത പുലർത്തേണ്ടവ൪ തളർന്നുറങ്ങുമ്പോൾ അവഗണിക്കുന്നവനല്ല നമ്മുടെ ദൈവം . ആത്മീയ മന്ദതയുടെ മടിത്തട്ടിൽ ഉറങ്ങുന്ന നിന്നെ തട്ടിയുണർത്താൻ ഏലിയായെ തട്ടിയുണർത്തിയ ദൈവം തൻെറ ദൂതനെ അയച്ച് നിന്നെയും തട്ടിയുണർത്തു൦.
സഹനത്തിൻെറ ചുടു കല്ലിൽ ചുട്ടെടുത്ത വിശുദ്ധ കു൪മ്പാനയാകുന്ന അപ്പവും വെള്ളവും നിനക്കും വിളമ്പി തരും .സുവിശേഷപ്രഘോഷണവീഥികളിൽ നിനക്കത് പാഥേയമാണ്.

ദൈവം നൽകിയ ഭക്ഷണം കഴിച്ച ഏലിയ നാല്പതു രാവും നാല്പതു പകലും തുടർച്ചയായി നടന്നതുപോലെ,
വരും നാളുകളിൽ ,
നാട്ടിലും നാൽക്കവലകളിലു൦ നാഥ൯െറ നന്മകളെ നാവിലേറുവാ൯ തക്ക ആത്മബലം നിനക്കവ൯ പകർന്നു നൽകും .ആ മഹാ കാരുണ്യത്തിന് മുൻപിൽ ഇപ്പോൾതന്നെ മുട്ടുകൾ മടക്കുക .ശൂന്യതയുടെ ഈ മരുഭൂയാത്രയിൽ ദൈവത്തിലേക്ക് എളിമയോടെ കണ്ണുകളുയ൪ത്തുക .

✍🏻Jincy Santhosh