‘അമ്മ’ ആഘോഷിക്കപ്പെടാതെ പോകുന്ന സുകൃത കൂട്ടുകളുടെ കൂടാരമാണ്.
സ്നേഹത്തിൻ്റെ എല്ലാ പാഠങ്ങൾക്കുമുള്ള ആദ്യ പാഠപുസ്തകം ‘അമ്മ’ യാണ്.
ആഴമുള്ള ബന്ധങ്ങളുടെ സൂക്ഷിപ്പുകാരായി അമ്മമാരോളം വേറാരുമില്ല പാരിൽ
ഉണ്ണാൻ മറന്നാലും ഊട്ടാൻ മറക്കാത്തവൾ.
ഊഷ്മളമായ ബന്ധങ്ങളുടെ കരുതൽ കാത്തു സൂക്ഷിക്കാൻ ……,
ബന്ധങ്ങൾ ശുഷ്കിക്കുമ്പോൾ…..,
കാലഘട്ടത്തിൻ്റെ വീണ്ടെടുപ്പിനായി
കെട്ടുറപ്പുള്ള മനുഷ്യബന്ധങ്ങളുടെ
കരുതൽ വേണമെന്ന് വൃദ്ധസദനങ്ങളിലെ അമ്മമാരുടെ കണ്ണീർ നമ്മെ ഓർമ്മിപ്പിക്കുന്നു.
അന്ന് …..
അമ്മയുടെ കൈ പിടിച്ച് സ്കൂളിലേക്ക് കയറും നേരം നിൻ്റെ കണ്ണിലൊരു പ്രതീക്ഷയുണ്ടായിരുന്നു.
വൈകുന്നേരം അതേ കൈ പിടിച്ച് തിരികെ പോകാമെന്ന്.
ഇന്ന്….
നിൻ്റെ കൈ പിടിച്ച് വൃദ്ധസദനത്തിൻ്റെ പടികൾ കയറുമ്പോൾ ആ അമ്മയുടെ കണ്ണിൽ അതേ പ്രതീക്ഷ കാണുന്നില്ല.
എല്ലാവരും ഉറങ്ങുന്ന രാത്രിയിൽ
ഉണർന്ന്
ഒറ്റയ്ക്കിരുന്ന് തേങ്ങുന്ന
അമ്മമാരുടെ മിഴിനീർ ദൈവം ശേഖരിച്ച് വയ്ക്കുന്നു.
കാരണം എല്ലാം കവർച്ച ചെയ്യപ്പെടുന്ന കാലത്തിന് ഇനിയും കൈമോശം വരാത്ത നന്മയുടെ അവസാനശേഷിപ്പാണത്.
ഹൃദയം പിളരുന്ന അമ്മയുടെ കണ്ണീർ പ്രാർത്ഥനകൾ മക്കളുടെ വഴികളിൽ
അനുഗ്രഹമായി മാറും.
ആദി മാതാവ് ഹവ്വായിൽ
നിന്നതാരംഭിക്കുന്നു.
കാൽവരി യാത്രയിൽ
ഓർശ്ലേം അമ്മമാർക്ക് ക്രിസ്തു
കൈമാറിയ ഒടുവിലത്തെ ആശംസയും മറ്റൊന്നുമായിരുന്നില്ല.
“നിങ്ങൾ കരയുക; നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതികരയുക.”
പരിശുദ്ധ അമ്മയെപ്പോലെ
എല്ലാ അമ്മമാരുടെയും
പവിത്ര നിയോഗമാണത്.
മക്കൾക്കു വേണ്ടി ഹൃദയത്തിൽ വ്യാകുലതയുടെ വാൾ സൂക്ഷിക്കുന്നവരാകുക.
കടലോളം കണ്ണീരോടെ കർത്തൃ സന്നിധിയിൽ കരം ഉയർത്താൻ ഒരമ്മയുണ്ടാവുക എന്നതാണ്
മക്കളുടെ ഏറ്റവും വലിയ ഭാഗ്യം
സങ്കടങ്ങളുടെ ‘അരിക്കലം’ തിളച്ചു മറിയുമ്പോൾ….
കണ്ണീരുകൊണ്ടു് തീയണച്ച്…
വീടിൻ്റെ അകത്തളങ്ങളിലും,
അടുക്കളയുടെ പുകമറയുള്ളിലുമിരുന്നുള്ള
അമ്മമാരുടെ കണ്ണീരിൻ്റെയും പ്രാർത്ഥനയുടെയും ആകെ തുകയാണ്
എൻ്റെയും നിൻ്റെയും ഈ ജീവിതം
എന്ന് തിരിച്ചറിയുക.
“നിനക്കു ജന്മം നല്കിയ പിതാവിനെ അനുസരിക്കുക.
വൃദ്ധയായ അമ്മയെ നിനിക്കരുത്.”
( സുഭാഷിതങ്ങൾ 23 : 22 )
“മാതാപിതാക്കന്മാരാണ് നിനക്കു ജന്മം നൽകിയതെന്നോർക്കുക.
നിനക്ക് അവരുടെ ദാനത്തിന് എന്തു
പ്രതിഫലം നൽകാൻ കഴിയും”
( പ്രഭാഷകൻ 7 : 28 )
✍🏻Jincy Santhosh