“അവന്‍ കവാടത്തിലേക്കു പോയപ്പോള്‍ മറ്റൊരു പരിചാരിക അവനെക്കണ്ടു. അവള്‍ അടുത്തു നിന്നവരോടു പറഞ്ഞു: ഈ മനുഷ്യനും നസറായനായ യേശുവിന്റെ കൂടെയായിരുന്നു.
ഞാന്‍ അവനെ അറിയുകയില്ല എന്ന്‌ അവന്‍ വീണ്ടും ആണയിട്ടു നിഷേധിച്ചു.”
മത്തായി 26 :71, 72

“മരിക്കേണ്ടി വന്നാലും
ഞാൻ നിന്നെ തള്ളി പറയില്ല “
എന്ന് പറഞ്ഞ പത്രോസ്
ആ രാത്രി പുലരുംമുമ്പേ….
ഗുരുവിനെ മൂന്നു തവണ തള്ളിപ്പറഞ്ഞു.

ഒരു കനൽചൂടിൽ ജീവിത ദൗത്യത്തിൻ്റെ താളം പിഴച്ച പത്രോസ് …,
വെറുമൊരു ദാസിപെണ്ണിൻ്റെ ചോദ്യങ്ങൾക്കു മുമ്പിൽ ദൈവപുത്രനെ തള്ളിപ്പറഞ്ഞവൻ…
മൂന്നാണ്ടു കൂടെ നടന്ന് പ്രാണനു തുല്യം സ്നേഹിച്ചിട്ടും ,തിരുരക്ത ശരീരങ്ങൾ പകുത്തു നൽകിയിട്ടും….
ഗുരു പ്രാണവേദനയിൽ രക്തം വിയർത്തു പ്രാർത്ഥിക്കുമ്പോൾ പോലും നിദ്രയുടെ ആലസ്യത്തിലേക്ക് വഴുതി വീണ ശിഷ്യരിൽ പ്രമുഖൻ….

അസൂയ നിറഞ്ഞ സാവൂളിൻ്റെയും,
ആസക്തി നിറഞ്ഞ ദാവീദിൻ്റെയും,
ദേവാലയം പണിത കൈകൾ കൊണ്ട് തന്നെ വിഗ്രഹാലയം പണിത സോളമൻ്റെയും ദൈവകൃപ ചോർന്ന വഴികളെ ദൈവാത്മാവ് തിരുവെഴുത്തുകളുടെ താളുകളിൽ വ്യക്തമായി വിശ്വാസികൾക്കു മുമ്പിൽ തുറന്നു കാട്ടുന്നു

നല്ല കള്ളൻ ക്രൂശിലേറ്റത്തക്ക കുറ്റവാളിയായിരുന്നെങ്കിലും ……
ഒരൊറ്റ വാക്കു കൊണ്ട് നീതികരിക്കപ്പെട്ടു.
യൂദാസ് അപ്പസ്തോലൻമാർക്കൊപ്പം
എണ്ണപ്പെട്ടവനായിരുന്നെങ്കിലും
ഒറ്റ രാത്രി കൊണ്ട് അവൻ്റെ അധ്വാനമെല്ലാം വെറുതെയായി…….

വല്ലാത്ത ശക്തിയുണ്ട് പ്രലോഭനങ്ങൾക്ക്.
ഒരു നശീകരണ ശക്തി…….
ഒരു നിമിഷം തന്നെ ധാരാളം…..
ജീവിതവും സ്വപ്നങ്ങളും കീഴ്മേൽ മറിയാൻ.
ഇത് തിരിച്ചറിഞ്ഞിട്ടാവാം…..
ഒന്നു കുമ്പിട്ടാരാധിച്ചാൽ എല്ലാം
നിനക്കു സ്വന്തം എന്ന പ്രലോഭനത്തിൻ്റെ മുമ്പിൽ ക്രിസ്തു തികഞ്ഞ ജാഗ്രതയോടെയാണ് പ്രതികരിച്ചത്.

ദൈവമേ, ഏത് വഴിത്താരകളിലാണ്
എൻ്റെ പാദങ്ങൾക്ക് ഭ്രംശനം സംഭവിക്കുന്നത്..?
ഏതു യാമങ്ങളിലാണ് എൻ്റെ ചിന്തകൾ ഇടറുന്നത്….?

അതിനാൽ ആരും സ്വന്തം നന്മകളെ പ്രതി ഊറ്റം കൊള്ളാതിരിക്കട്ടെ.
എന്തെന്നാൽ തന്നിൽ തന്നെ ആശ്രയം വയ്ക്കുന്നവൻ വീണുപോകും.
ഉയരം കൂടുംതോറും വീഴ്ച്ചയുടെ ആഘാതവും ഏറി വരും.

” ആകയാൽ നിൽക്കുന്നു എന്നു കരുതുന്നവൻ വീഴാതിരിക്കാൻ സൂക്ഷിച്ചു കൊള്ളട്ടെ.”
( 1 കോറിന്തോസ് 10:12)

✍?Jincy Santhosh