അസ്വസ്ഥം

മംഗളവാര്‍ത്താക്കാലം

18

അസ്വസ്ഥം

നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ,ദൈവത്തില്‍ വിശ്വസിക്കുവിന്‍… യേശു പറഞ്ഞു വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല( യോഹ: 14;1-6)

അസ്വസ്ഥപ്പെടാനുള്ള കാരണങ്ങള്‍ എന്നും ജീവിതത്തിലുണ്ട്. ഏതൊരാളുടെയും ജീവിതം ശാന്തമായിട്ടൊന്നുമല്ല കടന്നുപോകുന്നത്. കുടുംബവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ക്കും കുടുംബത്തെയും കൂട്ടുകാരെയും വിട്ട് അലൗകികമായി ജീവിക്കുന്നവര്‍ക്കും അസ്വസ്ഥത വന്നുപെടാറുണ്ട്. ഇവരെക്കാള്‍ കുടുംബജീവിതക്കാര്‍ക്ക് അസ്വസ്ഥത കൂടിയിരിക്കുമെന്ന് മാത്രം. ഇപ്പോഴത്തെ സാഹചര്യം ആലോചിച്ചുനോക്കൂ. കോവിഡിന് ശമനമില്ലാതെ തുടരുമ്പോള്‍, പുറത്തുപോയിട്ട് വരുന്ന ഒരാളെ കാണുമ്പോള്‍, അയാള്‍ അടുത്തുവരുമ്പോള്‍ പോലും അസ്വസ്ഥപെടുന്നവരുടെ കാലമാണ് ഇത്. സകാരണമായും അകാരണമായുമെല്ലാമുളള അസ്വസ്ഥതകള്‍. പക്ഷേ അസ്വസ്ഥരാകാന്‍ പാടില്ലാത്തവരാണ് നമ്മള്‍. ഏതിനോടൊക്കെ അസ്വസ്ഥതപെടുന്നുണ്ടോ അതെല്ലാം നമ്മുടെ വിശ്വാസക്കുറവിന്റെ ഭാഗമാണ്. ചില സാന്നിധ്യങ്ങളില്‍ നാം വിശ്വസിക്കുന്നുണ്ട്. ചിലര്‍ അടുത്തുവരുമ്പോള്‍ നമ്മുടെ മനസ്സ് സ്വസ്ഥമാകാറുണ്ട്. മഞ്ഞുരുകുന്നതുപോലെയുള്ള അനുഭവം. ദൈവം എന്ന സാന്നിധ്യത്തോട് ചേര്‍ന്നുനടക്കുമ്പോഴാണ് നമ്മുടെ മനസ്സില്‍ നിന്ന് അസ്വസ്ഥതകള്‍ നീങ്ങിപ്പോകുന്നത്. ദൈവം എന്റെ മനസ്സിന്റെ അസ്വസ്ഥതകളും ഹൃദയത്തിലെ ഉത്കണ്ഠകളും കാണുന്നുണ്ടെന്ന വിശ്വാസം അവിടുത്തേക്ക് അതെല്ലാം സമര്‍പ്പിച്ചുകൊടുക്കാന്‍ നമുക്ക് ശക്തി നല്കും. ദൈവം ഏറ്റെടുത്തവ നാം കൊണ്ടുനടക്കേണ്ടതുമില്ല, അപ്പോഴാണ് നാം അസ്വസ്ഥതകളില്‍ നിന്ന് മോചനം പ്രാപിക്കുന്നത്. അതെ ദൈവത്തില്‍ വിശ്വസിക്കുവിന്‍. ദൈവത്തിലുള്ള വിശ്വാസമാണ് ജോസഫിനെയും മേരിയെയും സ്വച്ഛമായ ദാമ്പത്യജീവിതവും കുടുംബജീവിതവും നയിക്കാന്‍ പ്രേരിപ്പിച്ചത്. ദൈവത്തില്‍ വിശ്വാസമില്ലായിരുന്നുവെങ്കില്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിക്കാന്‍ മേരിക്ക് കഴിയുമായിരുന്നോ. പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ച മേരിയെ വിവാഹം ചെയ്യാന്‍ ജോസഫ് തയ്യാറാകുമായിരുന്നോ.. സ്വപനദര്‍ശനമനുസരിച്ച് ഭാവി ക്രമപ്പെടുത്താന്‍ ആ ദമ്പതികള്‍ക്ക് സാധിക്കുമായിരുന്നോ.. ഇല്ല എന്നുതന്നെയാണ് ഉത്തരം. അതുകൊണ്ട് ദൈവത്തില്‍ നമുക്ക് വിശ്വസിക്കാം. ഹൃദയത്തിന്റെ സ്വസ്ഥതയ്ക്ക് ജീവിതത്തിന്റെ പ്രശാന്തതയ്ക്ക് അതു മാത്രമേ മാര്‍ഗ്ഗമുള്ളൂ.
വി എന്‍