ആഗോള കത്തോലിക്കാ (ലത്തീൻ) സഭയിൽ നാളെ (നവംബർ1) സകല വിശുദ്ധരുടെയും ഓർമ്മ ആചരിക്കുന്നു.

നാമകരണം ചെയ്യപ്പെട്ടവര്‍, ദൈവസാന്നിധ്യത്തിൽ വസിക്കുന്നവര്‍ തുടങ്ങി സകലരുടെയും ദിനം. ആദ്യ നൂറ്റാണ്ടുകളില്‍ സഭ വിശുദ്ധരെ രക്തസാക്ഷികള്‍ എന്ന നിലയിലാണ് ആദരിച്ചു വന്നത്. പിന്നീട് മാര്‍പാപ്പാമാര്‍ നവംബര്‍ 1 സകല വിശുദ്ധരുടെയും ഓര്‍മ്മ ദിനമായി തീരുമാനിച്ചു.
“നമുക്കെല്ലാവര്‍ക്കും വിശുദ്ധരാകുവാനുള്ള ദൈവീക വിളിയുണ്ട്” എന്നതാണ് ഈ ദിനത്തിന്റെ ആപ്തവാക്യം. ഈ വിശുദ്ധ ഗണത്തില്‍ ഉള്‍പ്പെടുവാന്‍ എന്താണ് ചെയ്യേണ്ടത്‌?
നമുക്കുള്ളതെല്ലാം ദൈവത്തിനു മഹത്വത്തിനായി സമര്‍പ്പിക്കുകയും അയല്‍ക്കാരന്റെ സേവനത്തിന്‌ സന്നദ്ധനാവുകയും ചെയ്യുമ്പോൾ നമ്മളും വിശുദ്ധരാണ്.
സഭാ ചരിത്രത്തില്‍ കാണപ്പെടുന്ന നിരവധി വിശുദ്ധ ജീവിതങ്ങൾക്ക് കാരണം ഈ ചിന്തയാണ് (“Lumen Gentium, 40).
തിരുസഭ വര്‍ഷം മുഴുവനും ഒന്നിന് പുറകെ മറ്റൊന്നായി ഓരോ വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കാറുണ്ട്. എന്നാല്‍ ഈ ദിവസം തിരുസഭ ഇവരെയെല്ലാവരെയും ഒറ്റ ദിവസത്തില്‍ ഒരുമിച്ചു ഓർമ്മിക്കുന്നു. സഭയ്ക്കറിയാവുന്ന വിശുദ്ധരെ കൂടാതെ, സകല ദേശങ്ങളില്‍ നിന്നും, ഗോത്രങ്ങളില്‍ നിന്നും കുഞ്ഞാടിന്റെ ദര്‍ശനത്തില്‍ തൂവെള്ള വസ്ത്രധാരികളായി, കൈകളില്‍ ഒലിവിലകളുമായി സ്വന്തം രക്തത്താല്‍ തങ്ങളെ വീണ്ടെടുത്ത രക്ഷകനെ സ്തുതിച്ചു കൊണ്ട് നില്‍ക്കുന്ന സകല വിശുദ്ധരെയും തിരുസഭ ഈ ദിവസം അനുസ്മരിക്കുന്നു.
സകല വിശുദ്ധരുടെയും ഈ തിരുന്നാള്‍ നമുക്ക്‌ പ്രചോദനം നല്‍കുന്നതാണ്. ഈ സ്വര്‍ഗ്ഗീയ വിശുദ്ധർ നമ്മെപോലെ ഈ ഭൂമിയില്‍ ജീവിച്ചു മരിച്ചവരായിരിക്കാം. നമ്മളെ പോലെ ജ്ഞാനസ്നാനം സ്വീകരിച്ചവര്‍. വിശ്വാസത്തിന്റെ ബലം സിദ്ധിച്ചവര്‍. ഈശോയുടെ പ്രബോധനങ്ങള്‍ മുറുകെ പിടിച്ച്‌ നമുക്ക്‌ മുന്നേ സഞ്ചരിച്ചവര്‍. പൗരസ്ത്യ ദേശങ്ങളില്‍ ഈ തിരുന്നാള്‍ വളരെ പ്രാധ്യാനത്തോടെ ആഘോഷിക്കപ്പെടുന്നു. എട്ടാം നൂറ്റാണ്ടിലാണ് പാശ്ചാത്യദേശങ്ങളില്‍ ഈ തിരുനാള്‍ ആഘോഷിച്ചു തുടങ്ങിയത്.
റോമന്‍ രക്തസാക്ഷിപട്ടികയില്‍ ഈ ദിനത്തിൽ ഗ്രിഗറി നാലാമനാണുള്ളത്. അദ്ദേഹമാണ് മുഴുവന്‍ ക്രൈസ്തവ ലോകത്തോടും ഈ തിരുന്നാള്‍ ആഘോഷിക്കുവാന്‍ പറഞ്ഞത്. അദ്ദേഹത്തിന് ശേഷം വന്ന ഗ്രിഗറി മൂന്നാമൻ പാപ്പയും ഇത് തുടര്‍ന്നു, പിന്നീട് സഭ മുഴുവനും ഈ പതിവ് തുടർന്നു. മരണശേഷം നാമെല്ലാവരും വിശുദ്ധ ഗണത്തിൽ ചേരേണ്ടവരാണ് എന്ന് സൂചിപ്പിക്കാൻ തൊട്ടടുത്ത ദിനം നവംബർ 2 സകല മരിച്ചവരേയും ലത്തീൻ സഭ ഓർമ്മിക്കുന്നു.
എല്ലാ വിശുദ്ധരുടെയും തിരുന്നാളിനൊരുക്കം എന്ന അർത്ഥത്തിലാണ് ഹാളോവീൻ എന്ന പദമുണ്ടായത്. പിന്നീട് നിക്ഷിപ്ത താത്പര്യക്കാർ യുവാക്കളെ ആകർഷിക്കാൻ ഇത് വാണിജ്യവത്ക്കരിക്കുകയാണുണ്ടായത്. യഥാർത്ഥത്തിൽ മരണമടഞ്ഞവരുമായി ഈ വാക്കിന് യാതൊരു ബന്ധവുമില്ല.