ആ വാക്ക് മാറ്റി പറയാന്‍ നമുക്ക് ഇടയാവാതിരിക്കട്ടെ

ദാവീദിന്റെ പുത്രന് ഓശാന. അന്ന് ഓശാനതിരുനാളില്‍ ജെറുസലേമിന്റെ തെരുവീഥികള്‍ ശബ്ദമുഖരിതമായത് ആ മുദ്രാവാക്യത്തോടെയായിരുന്നു. എത്രയെത്ര കണ്ഠങ്ങളില്‍ നിന്ന്..എത്രയെത്ര ഹൃദയങ്ങളില്‍ നിന്ന്..

ജീവിതത്തിലെ സന്തോഷങ്ങളില്‍ ദൈവത്തെ സ്തുതിക്കാന്‍ പലര്‍ക്കും കഴിഞ്ഞേക്കാം. എന്നാല്‍ ജീവിതം ഏല്പിക്കുന്ന തിക്താനുഭവങ്ങളുടെ നടുവിലും അതേല്പിക്കുന്ന കഠിനയാതനകളുടെ നടുവിലും ദൈവത്തെ സ്തുതിക്കാന്‍ എത്രപേര്‍ക്ക് കഴിയും?

അല്ലെങ്കില്‍ ഒരു കണ്‍വന്‍ഷന്‍ പന്തലില്‍ വച്ച് ദൈവത്തെ പാടിപ്പുകഴ്ത്താന്‍ നിസ്സാരമായി പലര്‍ക്കും കഴിയും. നിര്‍ദ്ദേശങ്ങളനുസരിച്ച് ഉച്ചത്തിലും രണ്ടുപേര്‍ കേള്‍ക്കുന്ന മട്ടിലും ദൈവത്തെ സ്തുതിക്കാന്‍ വളരെയെളുപ്പമാണ്.

പക്ഷേ ജീവിതകാലം മുഴുവന്‍ അതേ തീവ്രതയോടെ, തീക്ഷ്്ണതയോടെ ദൈവത്തെ സ്തുതിക്കാന്‍ നമ്മില്‍ എത്ര പേര്‍ക്ക് സാധിക്കും? ജീവിതത്തിലെ വേനലിലും വസന്തത്തിലും ദൈവത്തിന് മഹത്വം കൊടുക്കാന്‍ കഴിയുന്ന രീതിയിലേക്ക് നമ്മുടെ ആത്മീയത വളരണം. അങ്ങനെയൊരു വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള ശ്രമമെങ്കിലും നമ്മുടെ ഭാഗത്തുനിന്നുണ്ടാവണം. ശ്രമങ്ങളാണ് പരാജയങ്ങളിലൂടെ വിജയത്തിലെത്തുന്നത്.

ഈ ഓശാന നാളില്‍ നമുക്ക് അങ്ങനെയൊരു പ്രതിജ്ഞയെടുക്കാം. ദാവീദിന് പുത്രന് ഇന്നും എപ്പോഴും ഓശാന പാടാം. അവനെ വാഴ്ത്തിയ നാവുകള്‍ പിന്നീടൊരു അവസ്ഥയിലും മാറ്റിപറയാന്‍ ഇടയാവാതിരിക്കട്ടെ.

എല്ലാവര്‍ക്കും ഓശാന ഞായറിന്റെ മംഗളങ്ങള്‍….