ഇന്ന് മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ഓര്‍മ്മ ദിനം

കേരള സഭയ്ക്ക് ഒരു വിശുദ്ധയെകൂടി ലഭിച്ച സുദിനമാണ് ഇന്ന്. വിശുദ്ധ മറിയം ത്രേസ്യ. ഈ പുണ്യദിനത്തില്‍ വിശുദ്ധയുടെ ജീവിതവഴികളിലൂടെയുള്ള ഒരു ഹ്രസ്വസഞ്ചാരംദൈവത്തെക്കുറിച്ചുള്ള തീക്ഷ്ണത കൊണ്ട് സ്വയം എരിഞ്ഞിരുന്നവളായിരുന്നു വിശുദ്ധ മറിയം ത്രേസ്യ..

ജീവിതത്തിലെ ഏതെങ്കിലും ഒരു നിമിഷം അപ്രതീക്ഷിതമായി സംഭവിച്ച പരിണാമമൊന്നുമായിരുന്നില്ല അത്. കാരണം നന്നേ ചെറുപ്രായം തൊട്ടേ അവള്‍ ഹൃദയത്തില്‍ മുദ്രയായും കരത്തില്‍ അടയാളമായും ദൈവത്തെ കൊണ്ടുനടന്നിരുന്നു. പുഴകളും പാടങ്ങളും നിറഞ്ഞ പുത്തന്‍ചിറ ഗ്രാമത്തിലാണ് മറിയം ത്രേസ്യ ജനിച്ചുവളര്‍ന്നത്. ഈ ഗ്രാമത്തിലായിരുന്നു അവള്‍ തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ജീവിച്ചിരുന്നത്. അടരുവാന്‍ വയ്യാത്ത ഏതോ ആത്മബന്ധം പോലെ ഈ ഗ്രാമത്തിനപ്പുറം അവള്‍ക്ക് മറ്റൊരു ജീവിതവുമില്ലായിരുന്നു.

പുത്തന്‍ചിറയിലെ പ്രശസ്തമായ ചിറമ്മല്‍ മങ്കിടിയാന്‍ കുടുംബത്തില്‍ കുഞ്ഞിത്തൊമ്മന്റെയും താണ്ടയുടെയും മൂന്നാമത്തെ സന്താനമായി 1876 ഏപ്രില്‍ 26 നായിരുന്നു ത്രേസ്യയുടെ ജനനം. മേയ് മൂന്നിന് പുത്തന്‍ചിറ പള്ളിയില്‍ വച്ചു ജ്ഞാനസ്‌നാനം. ആവിലായിലെ വിശുദ്ധ, ത്രേസ്യയുടെ പേരാണ് തങ്ങളുടെ കുഞ്ഞിന് ആ മാതാപിതാക്കള്‍ നല്കിയത്. പക്ഷേ ആ പേരിനൊപ്പം പില്ക്കാലത്ത് പരിശുദ്ധ കന്യാമറിയം ഒരു പേരു കൂടി കൂട്ടിച്ചേര്‍ത്തു. അങ്ങനെയാണ് പിന്നീട് ത്രേസ്യ മറിയം ത്രേസ്യയായത്.

മാതാവ് നേരിട്ടു പേരു നല്കിയ മറ്റൊരു വിശുദ്ധ ജന്മവും ഇവിടെയുണ്ടായിട്ടുമില്ല. അമ്മ പഠിപ്പിച്ചുകൊടുത്ത പ്രാര്‍ത്ഥനയിലൂടെ ത്രേസ്യ ചെറുപ്രായം തൊട്ടേ ദൈവത്തിലേക്കുള്ള യാത്ര ആരംഭിച്ചു. ലോകത്തിന്റെ അറിവുകള്‍ നേടുന്നതിന് പകരം ദൈവത്തിന്റെ അറിവുനേടായിരുന്നു അവള്‍ക്ക് ആഗ്രഹം. കൂട്ടുകാരുമായി കളിച്ചുനടക്കുന്ന പ്രായത്തില്‍ പോലുംദൈവത്തിന് ഇഷ്ടമില്ലാത്തതൊന്നും തനിക്കും വേണ്ട എന്ന് തീരുമാനിച്ച് കളികളോടും ചിരികളോടും നല്ല വസ്ത്രത്തോടും ഭക്ഷണത്തോടും അകലം പാലിച്ച് വീട്ടുകാരെയും നാട്ടുകാരെയും അവള്‍ ഒന്നുപോലെ അത്ഭുതപ്പെടുത്തി. സാധാരണവഴികളില്‍ നിന്ന് മാറിനടന്നു തുടങ്ങിയ ത്രേസ്യക്ക് കൂട്ടുകാരും നാട്ടുകാരും ഒരു വിളിപ്പേരു നല്കി, പുണ്യാളത്തി.

ആ പരിഹാസപേരിനെ ദൈവം ആശീര്‍വദിച്ചപ്പോള്‍ അവള്‍ 2019 ഒക്‌ടോബര്‍ 13 മുതല്‍ വിശുദ്ധ മറിയം ത്രേസ്യയായി രൂപാന്തരപ്പെട്ടു. മാതാവിലൂടെ ഈശോയിലേക്ക് വളര്‍ന്നുവന്ന ആത്മീയതയായിരുന്നു മറിയം ത്രേസ്യയുടേത്. അഞ്ചു വയസ് പ്രായമാകുന്നതിന് മുമ്പുതന്നെ ജപമാല അവള്‍ കാണാപാഠമാക്കി ചൊല്ലിത്തുടങ്ങിയിരുന്നു. ആരാണ് ഈ പ്രാര്‍ത്ഥന പഠിപ്പിച്ചതെന്ന അമ്മയുടെ ചോദ്യത്തിന് മാതാവ് എന്ന് മറുപടി നല്കി ത്രേസ്യ താണ്ടയെ അത്ഭുതപ്പെടുത്തി.

പിന്നെ അമ്മതന്നെ ഈശോയെക്കുറിച്ച് തനിക്കുള്ള അറിവുകള്‍ മകള്‍ക്ക് പറഞ്ഞുകൊടുക്കാനാരംഭിച്ചു. അങ്ങനെ ഈശോയുടെ പീഡാനുഭവം അവളുടെ ഹൃദയത്തില്‍ മായാത്ത മുദ്രകള്‍പതിപ്പിച്ചുതുടങ്ങി. ഒമ്പതാം വയസില്‍തന്നെ തന്റെ ജീവിതം മുഴുവന്‍ യേശുവിന് വേണ്ടി ത്രേസ്യ തീറെഴുതിക്കൊടുത്തു. അമ്മയുടെ മരണത്തോടെ ത്രേസ്യയുടെ ജീവിതത്തിലേക്ക് അമാവാസി കടന്നുവന്നു. വീട്ടില്‍ പലതരത്തിലുള്ള അസ്വസ്ഥതകള്‍. മദ്യപാനിയായ അപ്പനും സഹോദരനും ആ വേദനയ്ക്ക് കാരണമായിരുന്നു. വിവാഹപ്രായം കഴിഞ്ഞുനില്ക്കുന്ന ത്രേസ്യ കുടുംബത്തിന് മുഴുവന്‍ ഭാരമായി. ഒരു കന്യാസ്ത്രീയായി ജീവിക്കണമെന്നായിരുന്നു ത്രേസ്യയുടെ ആഗ്രഹം.

പക്ഷേ പത്രമേനി കൊടുക്കാനില്ലാത്തതിന്റെ പേരില്‍ ആ ആഗ്രഹം മുടങ്ങി. അമ്മവീട്ടുകാരോട് സഹായം ചോദിച്ചുവെങ്കിലും മറുപടി ആശാവഹമായിരുന്നില്ല. അങ്ങനെയിരിക്കെ വനവാസത്തിന് പോകാന്‍ തന്നെ ത്രേസ്യ തീരുമാനിച്ചു. പക്ഷേ തീരുമാനിച്ചുറപ്പിച്ച ആ രാത്രി കട്ടിലില്‍ നിന്ന് എണീല്ക്കാന്‍ പോലും ത്രേസ്യക്ക് കഴിഞ്ഞില്ല. വനവാസം ദൈവഹിതമല്ല എന്ന തിരിച്ചറിവില്‍ അതോടെ ത്രേസ്യ എത്തിച്ചേര്‍ന്നു..

ത്രേസ്യയുടെ ജീവിതത്തിലെ വിസ്മരിക്കാനാവാത്തസാന്നിധ്യമായിരുന്നു ഫാ. ജോസഫ് വിതയത്തില്‍. ഒരു ധ്യാനാവസരത്തിലെ കുമ്പസാരത്തില്‍ മറിയം ത്രേസ്യയുമായി തുടങ്ങിയ ആത്മബന്ധം അച്ചന്‍ പുത്തന്‍ചിറ പള്ളി വികാരിയായി വന്നപ്പോള്‍ കൂടുതല്‍ ദൃഢമായി. ആ ബന്ധം മറിയം ത്രേസ്യയുടെ മരണംവരെ നിലനിന്നുപോരുകയും ചെയ്തു. മറിയം ത്രേസ്യയുടെ ജീവിതത്തിലെ ഇരുട്ടിലും വെളിച്ചത്തിലും ഒന്നുപോലെ നിില്ക്കാന്‍ വിതയത്തിലച്ചന് സാധിച്ചുവെന്നത് നിസ്സാരകാര്യമല്ല.പല പല തെറ്റിദ്ധാരണകളിലൂടെയും കടന്നുപോയ ജീവിതമായിരുന്നു മറിയം ത്രേസ്യയുടേത്.

അതില്‍ പ്രധാനം അവള്‍ക്കുണ്ടായിക്കൊണ്ടിരുന്ന അതിസ്വഭാവിക അനുഭവങ്ങളായിരുന്നു.തിരുക്കുടുംബത്തിന്റെ ദര്‍ശനം, മാതാവിന്റെ പ്രത്യക്ഷപ്പെടല്‍, ഈശോയുമായുള്ള ഹൃദയ കൈമാറ്റം, മാലാഖമാരുടെ സന്ദര്‍ശനം, ശുദ്ധീകരണാത്മാക്കളുടെ സഹായാഭ്യര്‍ത്ഥന എന്നിവയ്‌ക്കെല്ലാം പുറമേ സാത്താന്‍ അവളെ നിരന്തരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതൊന്നും സാധാരണ ആളുകള്‍ക്ക് മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ കഴിയുന്ന കാര്യങ്ങളായിരുന്നില്ല.. തന്മൂലം മറിയംത്രേസ്യക്ക് സാത്താന്‍ ബാധയാണെന്ന് അവര്‍ വിധിയെഴുതി. അത്തരമൊരു ചിന്ത അന്നത്തെ രൂപതാധ്യക്ഷന്‍ ബിഷപ് ജോണ്‍ മേനാച്ചേരിക്ക് പോലും ഉണ്ടായിരുന്നു എന്ന കാര്യവും പറയാതിരിക്കാനാവില്ല. ദര്‍ശനങ്ങള്‍, വെളിപാടുകള്‍, അതിസ്വഭാവിക വചനങ്ങള്‍, പഞ്ചക്ഷതങ്ങള്‍, പരഹൃദയജ്ഞാനം എന്നിവയെല്ലാം മറിയം ത്രേസ്യായുടെ ജീവിതത്തിലുണ്ടായിരുന്നു.

കേരളത്തില്‍ നിന്നുള്ള ആദ്യത്തെ പഞ്ചക്ഷതധാരിണിയും നമ്മുടെ മറിയം ത്രേസ്യയാണ്. ഹോളിഫാമിലി സന്യാസിനി സമൂഹം സ്ഥാപിതമാകുന്നതിന് മുമ്പ് രൂപതാധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരം കര്‍മ്മലീത്താ മഠത്തില്‍ കുറെ ദിവസങ്ങളോളം കന്യാസ്ത്രീപരിശീലനത്തില്‍ മറിയം ത്രേസ്യ ഏര്‍പ്പെട്ടിരുന്നു. വിശുദ്ധ എവുപ്രാസ്യമ്മയുമായുള്ള കണ്ടുമുട്ടല്‍ അവിടെവച്ചായിരുന്നു.

എന്നാല്‍ തന്റെവിളി കര്‍മ്മലീത്താ മഠം അല്ലഎന്ന് തിരിച്ചറിവുണ്ടായിരുന്ന മറിയം ത്രേസ്യ അധികദിവസം വൈകാതെ ഒല്ലൂരിനോട് യാത്രപറഞ്ഞു.തിരികെ പുത്തന്‍ച്ചിറയിലെത്തിയ ത്രേസ്യക്ക്, ദൈവാത്മാവ് വെളിപ്പെടുത്തിയത് അനുസരിച്ച് ആത്മീയപിതാവായ വിതയത്തിലച്ചന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയ്ക്കായി ഒരു ഏകാന്തഭവനം പണിതുകൊടുത്തു. പ്രാര്‍ത്ഥനയ്ക്കായി ത്രേസ്യയുടെ കൂട്ടുകാരികള്‍ കൂടി അവിടെ ഒത്തുചേര്‍ന്നതോടെ അതിന് പില്ക്കാലത്ത് ഒരു കോണ്‍വെന്റിന്റെ സ്വഭാവം കൈവന്നു. വൈകാതെ തന്നെ മറിയം ത്രേസ്യക്ക് സഭാവസ്ത്രം നല്കാനും തീരുമാനമായി.

ഇന്ന് കാണുന്ന ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്‌റെ തുടക്കം അങ്ങനെയായിരുന്നു. അന്ന്‌കേരളത്തില്‍ ഉണ്ടായിരുന്ന എല്ലാ സന്യാസസമൂഹങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു തിരുക്കുടുംബസന്യാസിനിസമൂഹം. പ്രാര്‍ത്ഥനയും പരിത്യാഗപ്രവൃത്തികളമായി ആവൃതിക്കുള്ളില്‍ കഴിഞ്ഞുകൂടിയിരുന്ന പരമ്പരാഗത സന്യാസസങ്കല്പങ്ങളെ സൗമ്യതയോടെ തകര്‍ത്തുകൊണ്ട് സാധാരണക്കാരിലേക്കും അഗതികളിലേക്കും ദൈവസ്‌നേഹത്തിന്റെ ഒളിമങ്ങാത്ത വിളക്കുമായി മറിയം ത്രേസ്യ ഇറങ്ങിത്തിരിച്ചത് അന്ന് ഒരു വിപ്ലവം തന്നെയായിരുന്നു. ദൈവസ്‌നേഹത്തിന്റെ മാത്രമല്ല സാമൂഹ്യപരിഷ്‌ക്കരണത്തിന്റെയും മുഖം മറിയം ത്രേസ്യക്കുണ്ടായിരുന്നു എന്ന് ആ ജീവിതത്തിലൂടെ കടന്നുപോകുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാനാവും.

വെറും പന്ത്രണ്ട് വര്‍ഷം മാത്രമേ കന്യാസ്ത്രീയായി ജീവിക്കാന്‍ ഈ ഭൂമിയില്‍ മറിയംത്രേസ്യക്ക് ദൈവം അനുവാദം കൊടുത്തുള്ളൂ. അമ്പതാം വയസില്‍ 1926 ജൂണ്‍ എട്ടാം തീയതി മറിയം ത്രേസ്യ ഇഹലോകവാസം വെടിഞ്ഞപ്പോള്‍ മൂന്നുകോണ്‍വെന്റുകളും അമ്പത്തഞ്ച് കന്യാസ്ത്രീകളും മുപ്പത് അര്‍ത്ഥിനികളുമായി ഹോളിഫാമിലി സന്യാസിനിസമൂഹം പീഠത്തിന്മേല്‍ വച്ച വിളക്കായി ലോകത്തിന് പ്രകാശം പരത്തിത്തുടങ്ങിയിരുന്നു. ജീവിച്ചിരിക്കുമ്പോള്‍തന്നെ മറിയം ത്രേസ്യയുടെ വിശുദ്ധിയും അവള്‍വഴി നേടിയെടുത്ത അനുഗ്രഹങ്ങളും പുത്തന്‍ചിറക്കാര്‍ക്ക് പരിചിതമായിരുന്നു.

1973 ല്‍ മറിയം ത്രേസ്യയുടെ നാമകരണന ടപടികള്‍ക്ക് രൂപതാതലത്തില്‍ ആരംഭം കുറിച്ചു. 1974 ല്‍ മറിയം ത്രേസ്യ ദൈവദാസിയായി. 2000 ഏപ്രില്‍ 9 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മറിയം ത്രേസ്യയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. \ ഫ്രാന്‍സിസ് മാര്‍പാപ്പ 2019 ഒക്‌ടോബര്‍ 13 ന് മറിയം ത്രേസ്യയെ വിശുദ്ധയായും പ്രഖ്യാപിച്നു.

കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യായെ ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് നീ കാവലാളായി ഉണ്ടായിരിക്കണമേ.