ഇവിടെ നിസ്വാര്‍ത്ഥമതികള്‍ക്ക് വിശ്രമമില്ല; കോവിഡ് കാലത്തെ പരസ്‌നേഹത്തിന്റെ ചില കാഴ്ചകള്‍ കൂടി

അവനവനിസത്തില്‍ അഭിരമിക്കുന്നവര്‍ക്കാണ് ലോക്ക് ഡൗണ്‍കാലം ബോറടിയുടേതായി മാറിയിരിക്കുന്നത്. കാരണം അവനവനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതുകൊണ്ട് സമയം പോകുന്നില്ല. ചുറ്റുപാടുകള്‍ അസ്വസ്ഥത സമ്മാനിക്കുന്നു.

പക്ഷേ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം നീക്കിവച്ചിരിക്കുന്നവര്‍ക്ക് ഏത് അവസ്ഥയും ഒരുപോലെ, പ്രളയം വന്നാലും ഭൂകമ്പം വന്നാലും അവര്‍ ഒരുപോലെ ജീവിക്കും. മറ്റുള്ളവര്‍ക്കുവേണ്ടി, അവരെ എങ്ങനെ സഹായിക്കാനാവും അവരുടെ ജീവിതം കുറെക്കൂടി എങ്ങനെ മനോഹരമാക്കാം, അവരുടെ ജീവിതത്തില്‍ എങ്ങനെ വെളിച്ചം തെളിക്കാം എന്നെല്ലാമാണ് അവരുടെ ജീവിതം.

ഈ കോവിഡ് കാലവും നിസ്വാര്‍ത്ഥമതികളെ സംബന്ധിച്ച് ഭിന്നമല്ല. Amrat Talitha kum indiaയിലെ അംഗങ്ങളുടെ കാര്യവും അങ്ങനെ തന്നെ. മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയില്‍ 76 സന്യാസിനി സഭകളിലെ അംഗങ്ങള്‍ ഭാരതത്തിന്റെ വിവിധഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു.

മാര്‍ച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ മുഴുപട്ടിണിക്കാരോ അര്‍ദ്ധപ്പട്ടിണിക്കാരോ ആയി മാറിയിരിക്കുന്ന ജീവിതങ്ങള്‍ക്ക് വിവിധ തരത്തിലുള്ള സഹായസഹകരണങ്ങളുമായി മുന്നോട്ടുപോകുകയാണ് ഈ സന്യാസിനികള്‍. അത്യാവശ്യക്കാരെയും ആരുമില്ലാത്തവരെയും ദരിദ്രരെയും സഹായിക്കുക എന്നതാണ് തങ്ങളുടെ കടമയെന്ന് അവര്‍ തിരിച്ചറിയുന്നു. അതുകൊണ്ട് ദിവസവേതനക്കാരുടെയും സമാനമായ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയും ജീവിതങ്ങള്‍ക്ക് മതിയായ പിന്താങ്ങലുകളാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് മാസ്‌ക്കുകളും ഹോസ്പിറ്റല്‍ ഗൗണുകളും അവര്‍ ഇതിനകം തയ്യാറാക്കിക്കഴിഞ്ഞു.

ഇന്ത്യയുടെവിവിധ ഭാഗങ്ങളിലായി 27,000 കുടുംബങ്ങളെയാണ് ഇവര്‍ ഈ ലോക് ഡൗണ്‍കാലത്ത് സഹായിച്ചിരിക്കുന്നത് ഭക്ഷണപ്പൊതികളെത്തിച്ചും മാസ്‌ക്കുകള്‍ നല്കിയും അവര്‍ നിത്യജീവിതത്തില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പാകം ചെയ്ത ഭക്ഷണം പായ്ക്ക് ചെയ്ത് അഗതികള്‍ക്കായി നല്കുമ്പോള്‍ വീടുകള്‍ക്ക് പാചകത്തിനുള്ള വിവിധ വിഭവങ്ങളാണ് നല്കിക്കൊണ്ടിരിക്കുന്നത്.

ഈ സന്യാസിനിമാരുടെ നിസ്വാര്‍ത്ഥമായ സേവനങ്ങളുടെ നേര്‍ക്ക് നമുക്കിനിയും കണ്ണടയ്ക്കാനാവുമോ?