“എതിരെ കാണുന്ന ഗ്രാമത്തിലേക്ക് പോകുവിൻ.
അവിടെ ചെല്ലുമ്പോൾ
ആരും ഒരിക്കലും കയറിട്ടില്ലാത്ത കെട്ടിയിട്ടിരിക്കുന്ന ഒരു കഴുതക്കുട്ടിയെ നിങ്ങൾ കാണും.
അതിനെ അഴിച്ചു കൊണ്ടു വരുവിൻ”
( മർക്കോസ് 11 : 2 )

വിനയാന്വിതനായി കഴുതക്കുട്ടിയുടെ പുറത്തിരുന്നാണ് ക്രിസ്തു
പീഡാനുഭവങ്ങൾക്കു ദിവസങ്ങൾക്ക് മുമ്പ് ജറുസലെം രാജകീയ പ്രവേശനം നടത്തുന്നത്.

ആരും ഒരിക്കലും കയറിട്ടില്ലാത്ത കഴുതയെയായിരുന്നു ക്രിസ്തുവിനാവശ്യം
ഇതൊരു ധ്യാന വിഷയമാണ് വിശ്വാസിക്ക്.

ഏത് ആശയങ്ങൾക്കും ആദർശങ്ങൾക്കും സ്വപ്നങ്ങൾക്കും കയറി ഇറങ്ങി പോകാവുന്ന ഒരിടമായിരുന്നില്ല അവൻ ആഗ്രഹിച്ചത്….
ജീവിതത്തിൽ കിസ്തുവിന് ഒന്നാം സ്ഥാനം നൽകുന്നവൻ്റെ ഹൃദയത്തിലിരിക്കാനാണ് .

ഹൃദയ വ്യാപാരങ്ങൾക്ക്, ചിന്തകൾക്ക്, വിശ്വാസത്തിന് …,
നിൻ്റെ സമർപ്പണത്തിനു പോലും സ്ഥിരതയുണ്ടാവണം എന്നതും
ചേർത്ത് ധ്യാനിക്കുക.

കടിഞ്ഞാണില്ലാത്ത കഴുത
വളർച്ചയുടെ നാമ്പുകൾ തിന്ന് നാടും സഭയും നശിപ്പിക്കാൻ കാരണമാകും.
കണ്ണുകളിൽ ആസക്തി…., കേൾവികളിൽ അശ്ലീലം….., നടത്തത്തിൽ അഹംഭാവം …
വീക്ഷണങ്ങളിൽ ദ്രവ്യാഗ്രഹം….
ഇങ്ങനെ അശുദ്ധമായതെല്ലാം ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി
നീ കെട്ടിയിടുക.
ഈ കെട്ടിയിടൽ അടിമത്തമല്ല ;മറിച്ച് ആത്മീയ സ്വാതന്ത്ര്യമാണ്.

പഞ്ചേന്ദ്രിയങ്ങളുടെ ഒതുക്കം..,
അച്ചടക്കവും ശാന്തതയും നിരന്തര പ്രാർത്ഥനയും വഴി
സമർപ്പണവഴികളിലെ ഇടർച്ചകളിൽ
നിന്നുള്ള അതിജീവനം… ഒക്കെയായി ക്രിസ്തുവിനു വേണ്ടി സ്വയം കെട്ടിയിടുമ്പോഴാണ് അവന് നിൻ്റെ ഹൃദയത്തിലേറി ഇരിക്കാൻ സാധിക്കുക.

ഓർക്കുക…. കെട്ടിയിടപ്പെട്ട കഴുതയെയാണ് ക്രിസ്തുവിനാവശ്യം

ക്രിസ്തുവിൻ്റെ രാജകീയമായ മഹത്വത്തിൻ്റെ രണ്ടാം വരവിന് അവനെ എതിരേല്ക്കാൻ
അവനു വേണ്ടി “ആരും കയറാതെ കെട്ടപ്പെട്ട കഴുതയാവാൻ “
വിശുദ്ധിയുടെ ഈ വീണ്ടെടുപ്പുകാലം
നിന്നെ സഹായിക്കട്ടെ.

by Jincy Santhosh