എനിക്ക് കാന്‍സറാണെന്ന് കണ്ടെത്തിയപ്പോള്‍…

ഒരു കൊല്ലം മുമ്പ് എനിക്ക് അര്‍ബുദമാണെന്ന് കണ്ടുപിടിച്ചു. പാന്‍ക്രിയാറ്റിക് കാന്‍സര്‍.പാന്‍ക്രിയാസ് എന്താണെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. അത് ചികിത്സിച്ച് ഭേദപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. എനിക്ക് ആറുമാസത്തെ ആയുസ് മാത്രമേയുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞു. എന്നോട് വീട്ടില്‍ പോയി കാര്യങ്ങളൊക്കെ ശരിയാക്കി തിരിച്ചുവരാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. മരണത്തിന് തയ്യാറെടുത്തുകൊള്ളൂ എന്നതിന് പകരമുള്ള ഡോക്ടര്‍മാരുടെ ഭാഷയാണത്. അതിനര്‍ത്ഥം ഭാവിയുടെ വഴിയില്‍ മക്കളോടും ഭാര്യയോടും നിങ്ങള്‍ പറയുവാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ അടുത്ത കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ പറയുക എന്നാണ്. ഒരു തരത്തിലുള്ള വിടവാങ്ങല്‍ തന്നെ.

ഒരു ദിവസം മുഴുവനും ഞാന്‍ എന്റെ രോഗവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു. വൈകുന്നേരം എന്നെ ബയോപ്‌സിക്ക് കൊണ്ടുപോയി. എന്‍ഡോസ്‌ക്കോപ്പ് തൊണ്ടയിലൂടെ കടത്തി വയറ്റിലൂടെ കുടലിലെത്തിച്ച് ഒരു സൂചി കൊണ്ട് പാന്‍ക്രിയാസിലെ മുഴയില്‍ നിന്നും കുറെ കോശങ്ങള്‍ എടുത്തു. എനിക്ക് ഉറങ്ങാനായി മരുന്ന് തന്നിരുന്നു. ഭാര്യ അടുത്തുണ്ടായിരുന്നു. എന്റെ കോശങ്ങള്‍ മൈക്രോസ്‌ക്കോപ്പിലൂടെ പരിശോധിക്കുകയായിരുന്ന ഡോക്ടര്‍ കരയാന്‍ തുടങ്ങി. ശസ്ത്രക്രിയ കൊണ്ട് ഭേദപ്പെടുത്താവുന്ന അപൂര്‍വ്വതരം കാന്‍സറാണ് അതെന്ന് കണ്ടെത്തിയതിന്റെ സന്തോഷക്കണ്ണീരായിരുന്നു അത്. എന്റെ ഓപ്പറേഷന്‍ നടന്നു. ഞാന്‍ രോഗവിമുക്തനായി. മരണം ഏറ്റവും അടുത്തുവന്ന നിന്ന സന്ദര്‍ഭമായിരുന്നു അത്. ഇതുപോലെ ഇനി കുറെ വര്‍ഷത്തേക്ക് മരണത്തെ അടുത്തറിയാനിടയില്ലെന്ന് എനിക്ക് തോന്നുന്നു. അത് അതിജീവിച്ചുകൊണ്ട് മരണം ജീവിതത്തിന്റെ ഉപയോഗപ്രദവും ബുദ്ധിപരവുമായ സങ്കല്പമാണെന്ന് എനിക്ക് നിങ്ങളോട് ഉറപ്പിച്ചുപറയാന്‍ കഴിയും.

ആരും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും പെട്ടെന്ന് മരിച്ച് അവിടെയെത്താന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാലും മരണം നമ്മുടെ എല്ലാവരുടെയും അന്തിമവിധിയാണ്. അതില്‍ നിന്ന് ആരും രക്ഷപ്പെട്ടിട്ടില്ല, രക്ഷപ്പെടുകയുമില്ല. അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം. ജീവിതത്തിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തമാകുന്നു മരണം. അത് ജീവിതത്തിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നു. പഴയതിനെ മാറ്റി പുതിയതിന് വഴിയൊരുക്കുന്നു. ഇപ്പോള്‍ പുതിയത് നിങ്ങളാണ്. എന്നാല്‍ കുറച്ചുകാലം കൊണ്ട് തന്നെ നിങ്ങള്‍ പഴയതാവും. പഴയതിന് വഴിമാറി കൊടുക്കേണ്ടിവരും.

സ്റ്റീവ് ജോണ്‍സണ്‍