ആറു ദിവസത്തെ അധ്വാനത്തിനു ശേഷം എല്ലാം നന്നായിരിക്കുന്നു എന്നു പറഞ്ഞ്
ദൈവം ഏഴാം ദിവസം വിശ്രമിച്ചു.
ആ ദൈവത്തിൻ്റെ പുത്രൻ,
ലോകത്തിൽ മനുഷ്യാവതാരം എടുത്ത ശേഷം, തൻ്റെ പരസ്യ ജീവിതത്തിൻ്റെ ആരംഭത്തിൽ അവൻ ചുറ്റും നോക്കിയിട്ട് പറഞ്ഞു ” എല്ലാം നന്നല്ല. മാനസാന്തരപ്പെടുവിൻ; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു.
അതു കൊണ്ട് ഏഴാം ദിവസം വിശ്രമിക്കാനുള്ളതല്ല; എല്ലാം നന്നാക്കാനുള്ളതാണ്.
ഞായറാഴ്ച്ച,
ആറു ദിവസത്തെ ജോലി ഭാരങ്ങൾ ഇറക്കി വച്ച് പേരിനൊരു കുർബ്ബാനയും ‘ കണ്ട്’
മൃഷ്ടാനഭോജനം നടത്തി, ഉല്ലാസാ ഘോഷങ്ങളും സംഘടനാ പ്രവർത്തനങ്ങളും കഴിഞ്ഞ്, ആലസ്യത്തോടെ ഉറങ്ങി തീർക്കേണ്ട ദിവസമല്ല.
ആറു ദിവസം കൊണ്ട് നിൻ്റെ നാവിൻ്റെ ദുരുപയോഗം മൂലം അറുത്തുമാറ്റിയ ബന്ധങ്ങളെ കോർത്തിണക്കണ്ട
ദിവസമാണ് ഞായറാഴ്ച്ച.
ആറു ദിവസം കൊണ്ട് നിൻ്റെ നോട്ടത്താൽ വരുത്തിയ അശുദ്ധിയുടെ കറകളെ
നീക്കം ചെയ്യാനുള്ള ദിവസമാണ് ഞായറാഴ്ച്ച.
ആറു ദിവസം കൊണ്ട് നിൻ്റെ പ്രവൃത്തികളുടെ പോരായ്മകൾ മൂലം
വേദനിച്ചു പടിയിറങ്ങിയവരെ ചേർത്തു പിടിയ്ക്കണ്ട ദിവസമാണ് ഞായറാഴ്ച്ച.
ആറു ദിവസം നീ രുചിയോടെ ഭക്ഷിച്ചത്,
വച്ചു വിളമ്പിയവരോട് ,
രുചിച്ച അതേ നാവുകൊണ്ട് ശപിച്ചു വിളമ്പിയതാണെന്നു നീ പറഞ്ഞ നാവിനെ ശുദ്ധീകരിക്കണ്ട ദിവസമാണ് ഞായറാഴ്ച്ച.
നിൻ്റെ മക്കളെ ചങ്കോട് ചേർത്തവരോട്,
ശപിച്ചു തള്ളുന്നു നീ എൻ്റെ മക്കളെ എന്നു
ആക്രോശിച്ച അധരങ്ങളെ വിശുദ്ധീകരിക്കണ്ട ദിവസമാണ് ഞായറാഴ്ച്ച.
നിന്നെ ഭരമേല്പിച്ച ബന്ധങ്ങളെ,
വിശ്രമമില്ലാതെ വീണ്ടെടുക്കുന്ന
ശുദ്ധതയുടെ നല്ല ഞായറാഴ്ച്ചകളെ വാർത്തെടുക്കുക.
ആയുസ്സെത്തും മുമ്പെങ്കിലും…..
എല്ലാം നന്നായി എന്നു സ്വന്തം ജീവിതത്തെ നോക്കി പറയാൻ ഈ ഞായറാഴ്ച്ച നിനക്കിടയാകട്ടെ.
Jincy Santhosh