” എന്നാൽ.., അവൻ ഒരു ആരോപണത്തിനു പോലും മറുപടി പറഞ്ഞില്ല.
തന്നിമിത്തം ദേശാധിപതി അത്യധികം ആശ്ചര്യപ്പെട്ടു.”
( മത്തായി 27 : 14 )

അവൻ്റെ നിശബ്ദത ദേശത്തിൻ്റെ അധിപതിയെ നടുക്കി എന്നു തിരുവെഴുത്ത്.
ഗത് സമെൻ തോട്ടത്തിൽ നിന്ന് പടയാളികൾക്ക് തന്നെ എല് പിച്ചു കൊടുക്കുന്നതു വരെ …,
ക്രിസ്തു അസ്വസ്ഥനും തീവ്രമായ മനോവേദനയാൽ തളർന്നവനും ആയിരുന്നു.

പേമാരി അന്തരീക്ഷത്തെ
ശുദ്ധീകരിക്കുന്നതു പോലെ….
ഒരു കരച്ചിലിനു ശേഷം മനസ്സ് സ്വച്ഛമാകുന്നു.
കണ്ണീരും വിയർപ്പും രക്ത തുള്ളികളായ
ആ രാത്രിയിൽ …..
“എഴുന്നേല്ക്കുവിൻ നമുക്കു പോകാം “എന്ന്
ക്രിസ്തു തൻ്റെ ശിഷ്യരോട് പറയുമ്പോൾ,
അവൻ്റെ സങ്കടങ്ങളെ ദൈവപിതാവ് ചേർത്തു പിടിക്കും എന്ന വിശ്വാസം അവനിൽ ഉറച്ചിരുന്നു.

പിന്നീടങ്ങോട്ട്…,
വിചാരണ മുതൽ കാൽവരി വരെ
അവൻ ശാന്തനാണ്.
ആരോടും പരിഭവം ഇല്ലാതെ……

ന്യായാധിപന്മാരുടെ ചോദ്യത്തിനും,
യഹൂദജനത്തിൻ്റെ പരിഹാസത്തിൻ്റെയും,
തന്നെ ക്രൂശിക്കുവാനുള്ള മുറവിളികളുടെയും നടുവിൽ ക്രിസ്തുവിൻ്റെ അസാമാന്യമായ ശാന്തത….

മൗനം ഒരു കൃപയാണ്.

നിന്നെക്കുറിച്ചുള്ള മൗനം നിൻ്റെ വിനയത്തിൻ്റെ പ്രകാശനമാണ്.
അപരൻ്റെ കുറവുകളെക്കുറിച്ചുള്ള മൗനം
നിനക്കവനോടുള്ള സ്നേഹത്തിൻ്റെ പ്രകാശനമാണ്.
ചില ജീവിത പ്രതിസന്ധികളിൽ ….
നിൻ്റെ മൗനം വിവേകമാണ്.
ഒപ്പം വീരോചിതമായ സുകൃതവും.

മൗനം ബലഹീനതയല്ല ;അതൊരിടവേളയാണ്.
പുതിയ തിരിച്ചറിവിലേക്കും തീരുമാനങ്ങളിലേക്കുമുള്ള ചെറിയൊരു ഇടവേള.
മൗനം ശൂന്യതയല്ല ; ആഴമേറിയ ഉത്തരമാണ്.

വിചാരണ വേളയിലും, നിന്ദനത്തിലും
മൗനം ദീക്ഷിച്ച ക്രിസ്തുവിനോളം ആർക്കും മൗനം സ്വന്തമാക്കാനാകില്ല.
സ്വയം ന്യായീകരിക്കാതെ മൗനത്തിലൂടെ അവൻ പറയാതെ പറഞ്ഞ വാക്കുകളാണ്
മനുഷൃൻ്റ ജീവിത രക്ഷ.

മൗനത്തെ പ്രണയിക്കുക.
നിന്നിൽ ഒരു ക്രിസ്തു ജനിക്കാൻ
മൗനത്തിൻ്റെ ഭാഷ സ്വന്തമാക്കാം.

✍?Jincy Santhosh