കോവിഡ് കാലത്ത് പലരും അനുഭവിക്കുന്ന ഒന്നാണ് ഏകാന്തത. ഭൂരിപക്ഷത്തിനും ഇത് വിരസത സമ്മാനിക്കുമ്പോള്‍ ദൈവാഭിമുഖ്യമുള്ള വ്യക്തികള്‍ ഈ കാലഘട്ടത്തെ സ്വയം വിശുദ്ധീകരണത്തിനും ദൈവാനുഭവത്തിനും വേണ്ടി നീക്കിവയ്ക്കുന്നു. ഏകാന്തത അവരെ സംബന്ധിച്ച് പ്രാര്‍ത്ഥിക്കാനും ധ്യാനിക്കാനും ദൈവഹിതം അന്വേഷിച്ചറിയാനുമുള്ള അവസരമാണ്. കര്‍ദിനാള്‍ തൂവാനെയാണ് നാം ഇവിടെ ഓര്‍മ്മിക്കേണ്ടത്. വിയറ്റ്‌നാമിലെ ഒരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച അദ്ദേഹം വിയറ്റ്‌നാം യുദ്ധത്തിന് തൊട്ടുമുമ്പാണ് വൈദികനായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണകാലത്ത് ആര്‍ച്ച് ബിഷപ്പുമായി. പിന്നീട് വൈകാതെ അദ്ദേഹം ഹൗസ് അറസ്റ്റിലുമായി. പതിമൂന്നുവര്‍ഷത്തെ ജയില്‍വാസമാണ് ഭരണകൂടം അദ്ദേഹത്തിന് വിധിച്ചത്. ഇതില്‍ ഒമ്പത് വര്‍ഷവും ഏകാന്തതടവായിരുന്നു. പക്ഷേ ഈ അവസരത്തിലൊന്നും നിരാശപ്പെടാന്‍ അദ്ദേഹം തയ്യാറായില്ല.തന്റെ അജഗണത്തിന് വേണ്ടി അദ്ദേഹം പ്രത്യാശയുടെ സന്ദേശങ്ങള്‍ രഹസ്യമായി എഴുതി അറിയിക്കുവാനും അങ്ങനെ തന്നെ ഭരമേല്പിച്ചവരെ വിശ്വാസത്തില്‍ വളര്‍ത്തുവാനുമാണ് അദ്ദേഹം ശ്രമിച്ചത്. മാത്രവുമല്ല ജയിലില്‍ രഹസ്യമായി അദ്ദേഹം ബലിയര്‍പ്പിക്കുകയും ചെയ്തിരുന്നു. മൂന്നുതുള്ളി വീഞ്ഞും ഒരു തുള്ളി വെള്ളവും കൊണ്ടാണ് അദ്ദേഹം ജയിലില്‍ ബലിയര്‍പ്പിച്ചിരുന്നത്. ഈ സമയത്ത് തൂവാന്‍ എഴുതിയ കുറി്പ്പുകള്‍ ദൈവം ഏകാന്തതയില്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്നതിന്റെ അടയാളമാണ്. വളരെയധികം പ്രത്യാശയും ദൈവാനുഭവവും സമ്മാനിക്കുന്നവയാണ് ആ രചന. ഏകാന്തതയില്‍ ദൈവത്തെ കണ്ടെത്തിയ തൂവാന്റെ ചില നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ക്രിസ്തുവിന് കണക്കറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് 99 ആടുകളെയും ഉപേക്ഷിച്ച് കാണാതെ പോയ ഒന്നിനെ തേടി പോയതെന്നുമെല്ലാമുള്ള നിരീക്ഷണങ്ങള്‍ അതില്‍ പെടുന്നു. റോഡ് ഓണ്‍ ഹോപ്പ് എന്നതാണ് അദ്ദേഹത്തിന്റെ പ്രശസ്ത കൃതി ജയില്‍ വിമോചിതനായ ശേഷം റോമിലേക്ക് പോയ കര്‍ദിനാള്‍ അവിടെ വച്ചാണ് മരണമടഞ്ഞത്. ഏകാന്തതയെ പഴിക്കരുത്. അവിടെ ദൈവത്തെ അന്വേഷിക്കൂ.അതിന് കര്‍ദിനാള്‍ തൂവാന്‍ നമ്മെ ഏറെ സഹായിക്കും.