ഒറീസ ഹൈക്കോടതിയിലെ ആദ്യ കന്യാസ്ത്രീ അഭിഭാഷക

ഭുവനേശ്വര്‍: കന്യാസ്ത്രീകള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന മേഖലകള്‍ എന്ന് നാം പരിമിതപ്പെടുത്തിയിരിക്കുന്ന ഏതാനും സേവനങ്ങളുടെ അതിര്‍വരമ്പുകള്‍ മായ്ച്ചുകളഞ്ഞുകൊണ്ട് അഭിഭാഷകയായ വ്യക്തിയാണ് സിസ്റ്റര്‍ ക്ലാര ഡിസൂസ, ഒറീസ ഹൈക്കോടതിയിലെ ആദ്യത്തെ കന്യാസ്്ത്രീയായ അഭിഭാഷകയാണ് ഈ 42 കാരി.

ഹാന്‍ഡ്‌മെയ്ഡ്‌സ് ഓഫ് മേരി സന്യാസസമൂഹാംഗമായ സിസ്റ്റര്‍ ക്ലാര തന്റെ സന്യാസസമൂഹത്തില്‍ നിന്നുമുള്ള ആദ്യ അഭിഭാഷകയാണ്. വിശുദ്ധ ഗ്രന്ഥത്തിലെ ഏശയ്യ 1:17 ലൂക്ക 4:18 എന്നീ തിരുവചനഭാഗങ്ങളാണ് തന്നെ അഭിഭാഷകവൃത്തിയിലേക്ക് സ്വാധീനിച്ചത് എന്നാണ് സിസ്റ്റര്‍ ക്ലാര പറയുന്നത്. കൂടാതെ ബാല്യകാലം മുതല്‌ക്കേ അപ്പനില്‍ നിന്നുള്ള സ്വാധീനവും പ്രധാനഘടകമായി.

നീതിയുടെ പ്രാധാന്യവും ശരിക്കുവേണ്ടിയുള്ള പോരാട്ടവും അപ്പന്റെ വഴികളായിരുന്നു. ഗാര്‍ഹിക പീഡനത്തിനും മറ്റ് പലതരത്തിലുളള ചൂഷണങ്ങള്‍ക്കും വിധേയരായ ഒഡീഷയിലെ അരികുജീവിതങ്ങള്‍ക്ക് നീതി നേടിക്കൊടുക്കുക എന്നതാണ് തന്റെ ലക്്ഷ്യമെന്നും സിസ്റ്റര്‍ പറയുന്നു. മതപരമായ പ്രതിബദ്ധതയും സന്യാസജീവിതവും തന്റെ പ്രഫഷനെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നും സിസ്റ്റര്‍ വ്യക്തമാക്കുന്നു.

സന്യസ്തര്‍ കൂടുതലായി ഇത്തരമൊരു പ്രഫഷനിലേക്ക് കടന്നുവരണം. കാരണം സാമൂഹ്യനീതിയുടെ മേഖലകളില്‍ സഭയ്ക്ക് കൂടുതല്‍ ചെയ്യാനുണ്ട്. സിസ്റ്റര്‍ ക്ലാര മറ്റ് സന്യാസിനികളെ ആഹ്വാനം ചെയ്യുന്നു.