ആലങ്ങാട്: ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായ മാർ ജോസഫ് കരിയാറ്റിൽ മെത്രാപ്പോലീത്തായുടെ തിരുശേഷിപ്പ് പുന:സ്ഥാപനവും പുനരുദ്ധരിച്ച കബറിടത്തിന്റെ വെഞ്ചരിപ്പും സെന്റ്മേരീസ് പള്ളിയിൽ നടന്നു. എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹ ബലി നടന്നു. കബറിടത്തിന്റെ വെഞ്ചിരിപ്പ് കർമ്മവും അദ്ദേഹം നിർവ്വഹിച്ചു.
1961ഏപ്രിൽ11ന് മാർ ജോസഫ് കരിയാറ്റിലിന്റെ ഭൗതിക അവശിഷ്ടങ്ങൾ ഗോവ ഭദ്രാസന ദേവാലയത്തിൽനിന്ന് ജന്മനാടായ ആലങ്ങാട് കൊണ്ടുവന്ന് മാർ ജോസഫ് പാറേക്കാട്ടിലിന്റെ കാർമ്മികത്വത്തിൽ ആലങ്ങാട് ഇടവക പള്ളിയുടെ മദ്ബഹായിൽ സംസ്കരിച്ചിരുന്നു.ആലങ്ങാട് ദേവാലയ വികാരി ഫാ. പോൾ ചുള്ളിയാണ് കബറിടത്തിന്റെ പുനരുദ്ധാരണത്തിന് നേതൃത്വം നൽകിയത്.
ചരിത്ര പ്രസിദ്ധമായ ആലങ്ങാട് പുരാതന ദേവാലയത്തിലെ അതി പുരാതനമായ, മാതാവിന്റെ പുനരാവിഷ്ക്കരിച്ച ഛായാചിത്രത്തിന്റെ വെഞ്ചരിപ്പും പ്രകാശനവും മാർ ആന്റണി കരിയില്‍ നിർവ്വഹിച്ചു.