കരുണ

ഏറ്റവും കരുണാദ്രമായ ഹൃദയത്തിനു പോലും പരിഹരിക്കാൻ കഴിയാത്ത…,
ദൈവിക ഇടപെടലിൻ്റെ സാന്നിധ്യത്തിൽ മാത്രം പരിഹരിക്കാൻ കഴിയുന്ന എത്രയോ ജീവിത യാഥാർത്ഥ്യങ്ങളാണ് അനുദിനം നാം കണ്ടുമുട്ടുന്നത്.
എല്ലാം നമ്മുടെ കൈകൾ കൊണ്ട് പരിഹരിക്കാനാവില്ല എന്നറിഞ്ഞു കൊണ്ട്
കരുണയാചിക്കുന്നവനു വേണ്ടി
ദൈവത്തിനും മനുഷ്യർക്കുമിടയിൽ മധ്യസ്ഥരാകാനുള്ള കഴിവ് ഒരു കൃപയാണ്.

കരുണാർദ്രമാകേണ്ട ക്രിസ്തീയ ജീവിതത്തിൻ്റെ ആദ്യ രൂപവും ആദർശ രൂപവും പരിശുദ്ധ മറിയമാണ്.
കാനായിലെ കല്യാണ വിരുന്നിൽ
എല്ലാവരുടെയും കണ്ണുകൾ സ്വന്തം പാത്രങ്ങളിൽ മാത്രമായിരുന്നപ്പോൾ ….
അവളുടെ കണ്ണുകൾ ആതിഥേയരുടെ അസ്വസ്ഥതകളിലായിരുന്നു.
അവരുടെ നൊമ്പരത്തിൻ്റെ ഭാരം ഏറ്റെടുത്തവൾ ഇരുചെവി അറിയാതെ സകലതും അറിയുന്നവൻ്റെ പക്കൽ ഒരപേക്ഷ വയ്ക്കുന്നു.
” അവർക്ക് വീഞ്ഞില്ല.”

പുതുവീഞ്ഞിൻ്റെ ലഹരിയിൽ കരുണയാചിച്ചവൻ ആശ്വസിച്ചാനന്ദിക്കുമ്പോഴും….. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ,
നിൻ്റെ പ്രാർത്ഥനകൾ കരയുന്ന
മറ്റൊരുവനുവേണ്ടി ദൈവസന്നിധിയിൽ ഉയരട്ടെ.

അങ്ങനെ കാരുണ്യത്തിൻ്റെ കവാടമാകണം നിൻ്റെ ഹൃദയം.
ഒരു ദേവാലയവാതിൽ പോലെ അത് എല്ലാവർക്കും വേണ്ടി തുറക്കപ്പെടട്ടെ.

“ദൈവമേ അങ്ങയുടെ കാരുണ്യം എത്ര അമൂല്യം.
മനുഷ്യ മക്കൾ അങ്ങയുടെ ചിറകുകളുടെ തണലിൽ അഭയം തേടുന്നു.”
( സങ്കീർത്തനങ്ങൾ 36 : 7 )

✍🏻Jincy Santhosh