താമരശ്ശേരി: 2019 ഓഗസ്റ്റ് എട്ടിന് രാത്രിയില്‍ വിലങ്ങാട് ആലിമൂല മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വീടു നഷ്ടമായ 11 കുടുംബങ്ങള്‍ക്ക് താമരശ്ശേരി രൂപത വീടു നിര്‍മ്മിച്ചു നല്കി. വീടുകളുടെ വെഞ്ചിരിപ്പ് കര്‍മ്മം മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. ഇകെ വിജയന്‍ എംഎല്‍എ വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു. ഒന്നരക്കോടി രൂപ ചെലവിലാണ് വീടുകളുടെ നിര്‍മ്മാണം നടന്നിരിക്കുന്നത്.
വിലങ്ങാട് സെന്റ് ജോര്‍ജ് ഇടവകയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍സഹായത്തില്‍ വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെയാണ് വീടുകള്‍ നിര്‍മ്മിച്ചത്. രണ്ടു കിടപ്പുമുറി, ഹാള്‍, അടുക്കള, ശുചിമുറി, സിറ്റൗട്ട് എന്നിവയോടുകൂടിയതാണ് ഓരോ വീടുകളും. എല്ലാവീടുകളിലേക്കും റോഡ് സൗകര്യവുമുണ്ട്. ഒരു ഏക്കര്‍ 16 സെന്റ് സ്ഥലം വാങ്ങിയാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ വീടിനും 12 ലക്ഷം രൂപ ചെലവായിട്ടുണ്ട്.
ഒരുമിച്ചുനിന്നാല്‍ ഏതു പ്രതിസന്ധിയും തരണം ചെയ്യാനാകുമെന്നും ഒരുമിച്ചുനിന്നതുകൊണ്ടാണ് ഇത്രമനോഹരമായ വീടുകളുടെ നിര്‍മ്മാണം സാധ്യമായതെന്നും ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.