കല്ലറകള്‍ തുറക്കുമ്പോള്‍

ആരാണ് നമുക്കുവേണ്ടി ശവകുടീരത്തിന്റെ വാതില്ക്കല്‍നിന്ന് കല്ല് ഉരുട്ടിമാറ്റുക? എന്നാല്‍ അവര്‍ നോക്കിയപ്പോള്‍ ആ കല്ല് ഉരുട്ടി മാറ്റിയിരിക്കുന്നു. അത് വളരെ വലുതായിരുന്നു താനും. (മര്‍ക്കോസ്: 16:4)

വലിയൊരു പ്രതിസന്ധിയുടെ മുമ്പിലാണ് നമ്മള്‍. നമുക്ക് മാത്രമായി അതില്‍നിന്ന് രക്ഷപ്പെടാന്‍ നമുക്ക് ഒന്നും ചെയ്യാനില്ല. ഇനിയെന്തു ചെയ്യും എന്ന മട്ടില്‍ സര്‍വ്വതും നശിച്ചു എന്ന മട്ടില്‍ നാം നില്ക്കുകയാണ്. ശരിയാണ് നമുക്ക് മുമ്പില്‍ ഒരു കല്ലുണ്ട്. വലിയൊരു കല്ല് തന്നെ. ആരാണ് അത് നമുക്കുവേണ്ടി ഉരുട്ടിമാറ്റുക? നിസ്സഹായയതയുടെ മധ്യത്തില്‍ എല്ലാ മനുഷ്യരുടെയും ഉള്ളിലെ ചോദ്യമാണിത്. മറിയത്തെപ്പോലെ…
പക്ഷേ മനുഷ്യന്‍ നിസ്സഹായനാകുന്നിടത്താണ്് ദൈവത്തിന് കൂടുതല്‍ ഇടപെടാന്‍ കഴിയുന്നതെന്ന് നാം ഓര്‍ക്കാറില്ല.

അല്ലെങ്കില്‍ മനുഷ്യന്‍ നിസ്സഹായനാകുമ്പോഴേ ദൈവം ഇടപെടുകയുള്ളൂ എന്ന് പറയുന്നതാകാം കൂടുതല്‍ ശരി.
ചില പ്രത്യേകതരം പ്രാര്‍ത്ഥനാക്കൂട്ടായ്മകളില്‍ കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നത് എന്തിന് എന്നതിന്റെ വിശദീകരണം കേട്ടിട്ടുളളത് ഇങ്ങനെയാണ്. കൈയില്‍ എന്തെങ്കിലുമൊക്കെ ഉള്ളപ്പോഴാണല്ലോ നാം അത് ചുരുട്ടിപ്പിടിക്കുക? ഒന്നുമില്ലാത്തപ്പോള്‍, കൈകള്‍ ശൂന്യമാകുമ്പോള്‍ നാം അത് ചുരുട്ടിപ്പിടിക്കുകയില്ല. അവനവനില്‍ തന്നെയുള്ള ആശ്രിതത്വം കൈവിട്ടുകൊണ്ട് ദൈവത്തെ ആശ്രയിക്കാന്‍ പഠിക്കുന്നതിന്റെയും സ്വയം വിട്ടുകൊടുക്കലിന്റെയും ഭാഗമാണത്രെ അത്.

ഇതുപോലെയാണ് ഉയിര്‍പ്പും. കല്ലറയ്ക്ക് വെളിയിലേക്ക് സ്വമേധയാ വരാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെങ്കില്‍ ദൈവികമായ ഇടപെടലിനായി നാം പ്രതീക്ഷിക്കുന്നില്ല. പക്ഷേ അങ്ങനെ വരാന്‍ കഴിയാത്തിടത്താണ് ദൈവത്തിന്റെ ഇടപെടലിനായി നാം കാത്തിരിക്കുന്നത്.
മനുഷ്യന് നമ്മോട് എന്ത് ചെയ്യാന്‍ കഴിവുള്ളൂ? മനുഷ്യന്‍ മനുഷ്യനെതിരെ ചെയ്യുന്ന ദ്രോഹങ്ങള്‍ക്കെല്ലാം ഒരു പരിധിയുണ്ട്. മാനുഷികമായ പരിധികള്‍. പക്ഷേ ആ പരിധികളെ അതിലംഘിക്കു ന്നവയാണ് ദൈവഹിതം. അതുകൊണ്ട് തന്നെ ഉയിര്‍പ്പ് എപ്പോഴും ദൈവഹിതമാണ്. മര്‍ത്ത്യഹിതത്തിനും മനുഷ്യപദ്ധതികള്‍ക്കും അപ്പുറമുള്ള ദൈവഹിതം.
നിനക്ക് ഉയിര്‍ക്കണോ… എങ്കില്‍ ദൈവത്തെ മാത്രം ആശ്രയിക്കാന്‍ പഠിക്കണം… ദൈവത്തോടൊത്തേ ഏതൊരാള്‍ക്കും ഇവിടെ ഉയിര്‍പ്പുള്ളൂ. മനുഷ്യന്റെ എല്ലാ സാധ്യതകള്‍ക്കും അപ്പുറം നില്ക്കുന്ന മറ്റൊരു സാധ്യതയുടെ പേരാണ് ഉയിര്‍പ്പ്.

ഉയിര്‍പ്പ് എല്ലാവരുടെയും സ്വപ്നമാണ്. എന്നിട്ടും എല്ലാവരും ഉയിര്‍പ്പിക്കപ്പെടുന്നില്ല. ഉയിര്‍ക്കാന്‍ ആഗ്രഹമുള്ളവനും ഉയിര്‍ പ്പിനെ സ്വപ്നം കാണുന്നവനും മാത്രമേ ഉയിര്‍ക്കുകയുള്ളൂ. അതോടൊപ്പം കല്ലറയ്ക്കുള്ളില്‍ അടയ്ക്കപ്പെട്ടവനേ ഉയിര്‍പ്പുളളൂ എന്നും മറക്കരുത്.
കല്ലറകള്‍ എല്ലായ്‌പ്പോഴും ഇരുളു നിറഞ്ഞതാണ്. ദുര്‍ഗന്ധം വമിക്കുന്നതുമാണ്. കല്ലറയ്ക്കുള്ളില്‍ അടയ്ക്കപ്പെട്ടു കഴിയുമ്പോള്‍ ആരാണ് നമ്മെ അതില്‍നിന്ന് രക്ഷിക്കാനെത്തുക എന്ന് നാം ആകുലരാകുന്നു. അടയ്ക്കപ്പെട്ട കല്ലറകള്‍ക്കപ്പുറം ഒരു മാലാഖ നില്പ്പുണ്ട്. ദൈവത്തിന്റെ ദൂതന്‍. നമ്മള്‍ തളളിനീക്കാന്‍ നോക്കി യാലും സാധിക്കാത്ത വന്‍ കല്ലുകള്‍ ആ മാലാഖ തള്ളിനീക്കും. കണ്ടില്ലേ മറിയത്തിന്റെ സങ്കടങ്ങള്‍?

ആരാണ് നമുക്കുവേണ്ടി ശവകുടീരത്തിന്റെ വാതില്ക്കല്‍ നിന്ന് കല്ലു ഉരുട്ടിമാറ്റുക എന്നായിരുന്നു അവളുടെ സങ്കടം. അതങ്ങനെ തന്നെയാണ് താനും. ആരും വരില്ലെന്നും സ്വയം ചെയ്യാന്‍ കഴിയില്ലെന്നും നാം കരുതിപ്പോരുന്ന എത്രയോ അവസര ങ്ങള്‍… പക്ഷേ എത്തിയിട്ടില്ലേ ഒരാളെങ്കിലും… തള്ളിനീക്കിയിട്ടില്ലേ കല്ലുകള്‍ ഒന്നെങ്കിലും? ഉണ്ടാവും. അതാണ് ജീവിതം. അതാണ് ജീവിതത്തിലെ അത്ഭുതം.
നിന്റെ സങ്കടങ്ങള്‍ നിന്നെ കല്ലറയ്ക്കുള്ളിലാക്കും. നിന്റെ നിരാശതകള്‍ നിന്നെ കല്ലറയ്ക്കുള്ളിലാക്കും. മറ്റൊരാളുടെ സ്വാര്‍ത്ഥതയും അവരുടെ സ്വേച്ഛാധിപത്യവും നിന്നെ ഇരുളു നിറഞ്ഞ, ദുര്‍ഗന്ധം വമിക്കുന്ന കല്ലറയ്ക്കുള്ളില്‍ അടയ്ക്കും. ഇനിയൊരിക്കലും ഇവന്‍ രക്ഷപ്പെടരുതെന്ന ദുഷ്ട ലാക്കോടെ അവര്‍ കല്ലുകളും വച്ചേക്കാം. പക്ഷേ തളരരുത്. കീഴടങ്ങാനോ പരാജയം സമ്മതിക്കാനോ ഉള്ളതല്ല ജീവിതം.

ഒരോ കല്ലറകളും അതിന്റെ വാതില്ക്കലെ കല്ലുകളും മനു ഷ്യന്റെ പരിമിതികളെയും സങ്കുചിതത്വങ്ങളെയും വെല്ലുവിളിക്കുന്ന വയാണ്. ഓരോ കല്ലറകള്‍ക്ക് മുമ്പില്‍ നില്ക്കുമ്പോഴും ക്രിസ്തു ആ വെല്ലുവിളി അറിയുന്നുണ്ട്. പക്ഷേ അതിന് മുമ്പില്‍ തോറ്റുമടങ്ങാതെ അവയോരോന്നും ഏറ്റെടുക്കുവാനാണ് ക്രിസ്തു തയ്യാറാകുന്നത്.
ലാസറിന്റെ കുഴിമാടം തന്നെ ഉദാഹരണം. ലാസര്‍ മരിച്ച് അടക്കപ്പെട്ടിട്ട് മൂന്നു ദിവസങ്ങളായെന്നും ദുര്‍ഗന്ധം ഉണ്ടായിരിക്കുമെന്നുമാണ് ക്രിസ്തുവിനുള്ള മുന്നറിയിപ്പ്. നമ്മുടെ സാധ്യതകളെ നശിപ്പിക്കുന്ന വിധത്തിലുള്ള ചില മുന്നറിയിപ്പുകള്‍ നമ്മുടെ വളര്‍ച്ചയ്ക്ക് തന്നെ വിഘാതമായി മാറും. പക്ഷേ ക്രിസ്തു ആ മുന്നറിയിപ്പിനെ പരിഗണിക്കുന്നതേയില്ല… പുറത്തുവരുവാന്‍ അവിടുന്ന് കല്പിക്കുകയാണ്.

പുറത്തുവരിക… അതാണ് നമ്മളും ചെയ്യേണ്ടത്… വരിഞ്ഞുമുറുക്കിയിരിക്കുന്ന പാശങ്ങളെ അറുത്തുമാറ്റി പുറത്തേക്ക് വരിക… മിലി എന്ന മലയാളചിത്രം അത്തരമൊരു പുറത്തുവരവിന്റെ കഥയാണ് പറഞ്ഞതെന്നോര്‍ക്കുന്നു. ആത്മനിന്ദയും അപകര്‍ഷതയും തിങ്ങിനിറഞ്ഞ കല്ലറയ്ക്കുള്ളില്‍ നിന്ന് ജീവിതത്തിന്റെ പച്ചപ്പിലേക്കുള്ള ഒരു പെണ്‍കുട്ടിയുടെ മടങ്ങിവരവ്. പുറത്തേയ്ക്ക് വരുമ്പോഴാണ് എത്രയധികം വെളിച്ചമാണ് നമ്മെ കാത്തുനില്ക്കുന്നത് എന്ന് നാമറിയുന്നത്. കൂട്ടിലടയ്ക്കപ്പെട്ട കിളിയുടെ ചിറകുകള്‍ക്കുള്ള പരിധി കൂടിന്റെ അഴികള്‍വരെയാണ്… അതിനപ്പുറം അതിന് ആകാശമില്ല.
ഉയിര്‍ക്കാന്‍ നിനക്ക് മനസ്സുണ്ടോ… ദൈവം നിന്നെ ഉയി ര്‍പ്പിക്കുക തന്നെ ചെയ്യും. സ്വപ്നങ്ങള്‍ നശിച്ച് ജീര്‍ണ്ണീച്ച് ജീവിക്കുവാനാണ് നിനക്ക് താല്പര്യമെങ്കില്‍ അതില്‍ നിന്ന് നിന്നെ പുറത്തുകൊണ്ടുവരുവാന്‍ ഒരു ക്രിസ്തുവിനും കഴിയുകയില്ല. ഉയിര്‍ക്കാന്‍ സന്നദ്ധതയുള്ളവനും ഉരുട്ടിവച്ച കല്ലുകള്‍ക്ക് വെളിയിലേക്ക് വരാന്‍ തയ്യാറുള്ളവനും ആസ്വദിക്കാന്‍ കഴിയുന്ന ജീവന്റെ തങ്കത്തിളക്കമാണ് ഉയിര്‍പ്പ്. ചില സങ്കടങ്ങളുടെ രാത്രികളെ സന്തോഷത്തിന്റെ പകലുകള്‍ കൊണ്ട് നാം എങ്ങനെയാണ് അതിജീവിച്ചതെന്ന് ഓര്‍ത്തുനോക്കുക…

ഒരിക്കലും നമ്മള്‍ പുറത്തുവരാതിരിക്കാന്‍ വ്യക്തികളും സാഹചര്യങ്ങളും നിയമങ്ങളും പ്രസ്ഥാനങ്ങളും നമുക്ക് മീതെ ചില വന്‍കല്ലുകള്‍ എടുത്തുവയ്ക്കും. നാം അതിനുള്ളില്‍ ജീര്‍ണ്ണിച്ചു പോകുമെന്നാണ് അവര്‍ കരുതുന്നത്. ക്രിസ്തുവിന്റെ കല്ലറയ്ക്ക് മുമ്പിലുമുണ്ടായിരുന്നു ഒരു കല്ല്. മനുഷ്യനാല്‍ ഉരുട്ടിമാറ്റാനാവാത്ത ഒരു കല്ല്.

സര്‍ഗ്ഗാത്മകതയ്ക്കും ക്രിയാത്മകതയ്ക്കും മീതെ മനുഷ്യന്‍ പലവിധത്തില്‍ വയ്ക്കുന്ന കല്ലുകള്‍ നമ്മളാല്‍ എടുത്തുമാറ്റപ്പെടണ മെന്നില്ല. പക്ഷേ ദൈവം മനസ്സാകുമ്പോള്‍ എല്ലാ കല്ലുകളും എടുത്തുമാറ്റപ്പെടുക തന്നെ ചെയ്യും. തരക്കേടില്ലാത്ത ഒരു ജോലിക്കുവേണ്ടി ഇന്‍ര്‍വ്യൂവിന് പോയ ചെറുപ്പക്കാരന്‍ തിരസ്‌ക്കരിക്കപ്പെട്ടത് അവന് ഇമെയില്‍ ഐഡി ഇല്ലാത്തതിന്റെ പേരിലാണ്. ഇന്നത്തെക്കാലത്ത് ഈമെയില്‍ ഐഡി പോലും ഇല്ലാത്ത ഒരുവന്‍ ജീവിക്കുവാന്‍ പോലും അര്‍ഹനല്ലെന്ന മട്ടിലാണ് ബോര്‍ഡംഗങ്ങള്‍ പ്രതികരിച്ചത്. പുറത്തേക്ക് വന്ന ചെറുപ്പക്കാരന്‍ കണ്ടത് ഒരു പിടിവണ്ടിയിലിട്ട് പഴങ്ങള്‍ വില്ക്കുന്ന ഒരാളെയാണ്. ആ നിമിഷം അയാളുടെ മനസ്സില്‍ ഒരു ലഡു പൊട്ടി. പിന്നെ അയാള്‍ കച്ചവടക്കാരനായി മാറി… സമ്പന്നനായി…

വര്‍ഷങ്ങള്‍ക്കുശേഷം അയാളെ ഒരു പോളിസിയില്‍ ചേര്‍ക്കാന്‍ ആളെത്തുമ്പോള്‍ മേല്‍വിലാസം പൂരിപ്പിക്കുന്നതിന്റെ ഭാഗമായി ഈമെയില്‍ ഐഡി ചോദിക്കുമ്പോള്‍ അയാള്‍ക്ക് അത് പറയാനുണ്ടായിരുന്നില്ല. ഈമെയില്‍ ഐഡി പോലും ഇല്ലാത്ത ഒരാള്‍ ഇത്രയും വിജയിച്ചുവെങ്കില്‍ അതുകൂടി ഉണ്ടായിരുന്നുവെങ്കില്‍ ഈ ബിസിനസുകാരന്‍ ആരായിത്തീരുമായിരുന്നുവെന്ന് അത്ഭുതപ്പെട്ട ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥനോട് ബിസിനസുകാരന് പറയാനുണ്ടായിരുന്ന മറുപടി ഒരു പ്യൂണ്‍ ആയിത്തീരുമായിരുന്നുവെന്നായിരുന്നു. എവിടെയോ വായിച്ച ഒരു കഥയാണിത്…

ലോകത്തിന്റെ ദൃഷ്ടിയില്‍ നമ്മെ കല്ലറയ്ക്കുള്ളില്‍ അടയ്ക്കുവാന്‍ ഓരോ കാരണങ്ങളുണ്ടായിരിക്കാം. എന്നാല്‍ അതിനെ അതിജീവിച്ച് പുറത്തുവരാന്‍ നാം സന്നദ്ധരാകണം.
ലോകചരിത്രത്തില്‍ ഇതുവരെ എത്രയോ മതങ്ങളും അവയ്ക്ക് ദൈവമെന്നു വിളിക്കപ്പെടുന്നവരും ഉണ്ടായിട്ടുണ്ട്. എന്നിട്ടും അവരിലൊരാള്‍ പോലും മരിച്ച് ഉയിര്‍ത്തെണീറ്റിട്ടില്ല, ക്രിസ്തു ഒഴികെ. പാരമ്പര്യങ്ങളെയും മതവിശ്വാസങ്ങളെയും തെല്ലുനേരത്തേയ്‌ക്കെങ്കിലും മാറ്റിനിര്‍ത്തിക്കൊണ്ട് മറ്റൊന്ന് പറഞ്ഞുകൊള്ളട്ടെ… ക്രിസ്തു മാത്രമല്ല ഉയിര്‍ത്തെണീറ്റത്. ക്രിസ്തുവിനൊപ്പം നീയും ഞാനും കൂടിയാണ് ഉയിര്‍ത്തെണീറ്റത്… നമ്മുടെ സ്വപ്നങ്ങള്‍ക്കുവേണ്ടി കൂടിയാണ് ക്രിസ്തു ഉയിര്‍ത്തെണീറ്റത്. നമ്മുടെ സ്വപ്നങ്ങളോടുകൂടിയാണ് അവിടുന്ന് ഉയിര്‍ത്തെണീറ്റത്.

നല്ല കള്ളന്‍ അത്തരമൊരു ഉയിര്‍ത്തെണീല്പ് നടത്തിയ വ്യക്തിയാണ്… ജീവിതത്തിന്റെ അവസാനത്തെ ചില നിമിഷങ്ങളില്‍ മാത്രം ദൈവസ്‌നേഹത്തിന്റെ മഴവില്ല് ദര്‍ശിച്ചവന്‍… അതോടെ ഇന്നലെ വരെയുള്ള അവന്റെ ജീവിതം അപ്രസക്തമായി… ഇന്നലെകളെ മായ്ച്ചുകൊണ്ട് അവന്‍ ഉയിര്‍ത്തെണീല്ക്കുകയാണ്… പാപിനിയായ സ്ത്രീ ഉയിര്‍ത്തെണീറ്റവളാണ്. മനുഷ്യന്റെ ഒരു വിധിക്കു മുമ്പിലേക്കും തന്നെ ക്രിസ്തു തള്ളിവിടുകയില്ലെന്ന് ഉറപ്പായപ്പോള്‍ അവള്‍ ഉയിര്‍ത്തെണീറ്റത് വിശുദ്ധിയുടെ പര്‍വ്വതങ്ങളിലേക്കായിരുന്നു…
മീന്‍പിടിച്ചും ചുങ്കം പിരിച്ചും വളരെ സാധാരണമായ ജീവിതം ജീവിച്ചുപോന്നിരുന്ന പത്രോസും മത്തായിയുമൊക്കെ ഉയിര്‍ത്തെണീറ്റവര്‍ തന്നെയായിരുന്നു. ആ അര്‍ത്ഥത്തില്‍ ഉയിര്‍പ്പ് ഒരു ജീവിതമനോഭാവം കൂടിയാണ്… ജീവിതത്തോടുള്ള ചില സമീപനങ്ങളാണ്… മരിച്ചുജീവിക്കാതെ ജീവിച്ചുമരിക്കാന്‍ സാധ്യതയുള്ളവര്‍…
മരണത്തിനപ്പുറമുള്ള ഒരു ജീവിതത്തിന്റെ സാധ്യതകളെ കൂടിയാണ് ക്രിസ്തുവിന്റെ ഉയിര്‍പ്പ് വ്യക്തമാക്കിത്തന്നത്. ജീവിച്ചു… മരിച്ചു എന്ന് ഏതൊരാളുടെയും ജീവിതസംഗ്രഹം രണ്ട് വാക്കില്‍ ഒതുങ്ങിനിന്നിരുന്നപ്പോള്‍ ആ ജീവിതത്തിന് പുതിയൊരു അര്‍ത്ഥം കൂടി കൈവരികയായിരുന്നു ക്രിസ്തുവിന്റെ ഉയിര്‍പ്പിലൂടെ… ഇഹലോകത്തിലെ എല്ലാ ചെയ്തികള്‍ക്കും പരലോകത്തില്‍ കൃത്യമായ മറുപടിയുണ്ടെന്ന്… അല്ലെങ്കില്‍ നായ്ക്കള്‍ ചാകുന്നതും മനുഷ്യന്‍ മരിക്കുന്നതും തമ്മില്‍ എന്താണ് വ്യത്യാസം?
പിതാവേ അങ്ങേ കരങ്ങളില്‍ ഞാന്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നുവെന്ന് കുരിശില്‍ കിടന്നു ക്രിസ്തു പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ ഏല്പിച്ച എല്ലാ സഹനങ്ങളെയും ദൈവത്തിന് കാഴ്ചവയ്ക്കുകയായിരുന്നുവെന്നും ദൈവത്തെ തന്റെ മരണത്തിലേക്കും ജീവിതത്തിലേക്കും ക്ഷണിക്കുകയായിരുന്നുവെന്നുകൂടി അര്‍ത്ഥമുണ്ട്. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്കും അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്കും എല്ലാം നന്മയ്ക്കായി പരിണമിക്കുന്നു എന്ന തിരുവചനത്തോട് ചേര്‍ന്നുനിന്നു പറയട്ടെ കല്ലറയ്ക്കുള്ളിലും ദൈവത്തിന്റെ ഇടപെടലിനായി കാത്തിരിക്കുന്നവര്‍ക്കും അവിടേയ്ക്കും ദൈവത്തെ സ്വപ്നം കണ്ട് വിളിക്കുന്നവര്‍ക്കും ഉയിര്‍പ്പുകളുണ്ട്. കാരണം ഒന്നും പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ല… മനുഷ്യന്റെ സാധ്യതകള്‍ക്കുമപ്പുറമാണ് ദൈവത്തിന്റെ സാധ്യതകള്‍… തലയ്ക്ക് മീതെയായിരിക്കും വെള്ളം. എന്നാല്‍ അതിനും മീതെയായിരിക്കണം നമ്മുടെ സ്വപ്നങ്ങള്‍… പ്രതിബന്ധങ്ങളുടെ മുമ്പില്‍ നഷ്ടപ്പെട്ടുപോകാന്‍ മാത്രം തീരെ ചെറുതായിരിക്കരുത് നമ്മുടെ സ്വപ്നങ്ങള്‍.
ക്രിസ്തുവിനെ ക്രൂശിലേറ്റാന്‍ അവിടുത്തെ സ്‌നേഹിക്കാതെ പോയവര്‍ക്ക് ഒരു പിടി കാരണങ്ങളുണ്ടായിരുന്നു. ഒരാളെ ക്രൂശിക്കാന്‍ നമ്മിലെ ചില അസഹിഷ്ണുതകള്‍ മാത്രം മതി. നമ്മുടെ ചില സ്വാര്‍ത്ഥതകളും.
മനുഷ്യന്റെ നിസ്സഹായതകള്‍ക്കപ്പുറമാണ് വിളിച്ചാല്‍ വിളി കേള്‍ക്കുന്നവനായി ദൈവം കാത്തുനില്ക്കുന്നത്. നാം വിളിക്കണം… ദൈവം വിളി കേള്‍ക്കും… സഹായത്തിനായി നാം ദൈവത്തെ വിളിച്ചപേക്ഷിക്കണം… വന്‍ഭാരമുള്ള കല്ലുകള്‍ എടുത്തുമാറ്റാന്‍ അവിടുന്ന് മാലാഖമാരെ നമ്മുടെ അരികിലേക്കു പറഞ്ഞയയ്ക്കും. മനുഷ്യരെല്ലാം വഞ്ചകരാണെന്ന് പരിഭ്രാന്തനായി ഞാനും ചിലപ്പോഴെങ്കിലും സങ്കീര്‍ത്തനത്തില്‍ എന്നപോലെ പറഞ്ഞുപോയിട്ടുണ്ട്. സഹായിക്കാന്‍ വന്ന മാലാഖമാരെ കാണാതെപോയതുകൊണ്ടു സംഭവിച്ച അപകടമായിരുന്നു അത്. ഇരുളുമൂടിയ വഴികളില്‍ ഇനിയൊരു മിന്നാമിനുങ്ങ് പോലും വരില്ലെന്ന് കരുതി പരിഭ്രമിച്ചു പോയ അവസരങ്ങള്‍… നടവഴികള്‍ കരിങ്കല്‍ഭിത്തികള്‍ക്ക് മുമ്പില്‍ തട്ടി നിശ്ചലമായിപ്പോയ വേളകള്‍… പക്ഷേ അത്ഭുതങ്ങള്‍ ബാക്കിയുണ്ടായിരുന്നു…

ക്രിസ്തുവിന്റെ ഉയിര്‍പ്പിനോട് ചേര്‍ന്ന് നമുക്കും നമ്മുടേതായ ചില ഉയിര്‍പ്പിന്റെ സ്വപ്നങ്ങള്‍ കാണാം… ഞാന്‍ ഇതിനെ അതിജീവിക്കുമെന്ന്… ഞാന്‍ ഇതിനെ നേരിടുമെന്ന്… ഞാന്‍ ഇതില്‍ നിന്ന് പുറത്തുകടക്കുമെന്ന്… ഉയിര്‍പ്പുകള്‍ക്കെല്ലാം വാഗ്ദാനമുണ്ട്… രക്ഷയുണ്ട്. അങ്ങയുടെ നീതിയാല്‍ എന്നില്‍ പുതുജീവന്‍ പകരണമേയെന്നും അങ്ങ് വാഗ്ദാനം ചെയ്ത രക്ഷ എനിക്ക് നല്കണമേയെന്നും സങ്കീര്‍ത്തകനോടൊപ്പം ഞാനും പ്രാര്‍ത്ഥിക്കുന്നു.
കാരണം ദൈവത്തിനു മാത്രമേ എനിക്ക് രക്ഷ നല്കാന്‍ കഴിയൂ. ദൈവത്തിന് മാത്രമേ ഞാന്‍ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയാകുന്ന കല്ലറയ്ക്ക് മുമ്പിലെ കല്ല് എടുത്തുമാറ്റാന്‍ കഴിയൂ..ദൈവത്തിന് മാത്രമേ എനിക്ക് പുതുജീവന്‍ വാഗ്ദാനം ചെയ്യാന്‍ കഴിയൂ… അതെ മനുഷ്യന് എന്നോട് എന്തു ചെയ്യാന്‍ കഴിവുള്ളൂ… മനുഷ്യപുത്രന്‍ പാപികളുടെ കയ്യില്‍ ഏല്പിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും (ലൂക്കാ 24;6) ചെയ്തു എന്ന് എഴുത്തിന് പിന്നാലെ തന്നെയുണ്ട് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്യേണ്ടിയിരിക്കുന്നു എന്ന ഉറപ്പ്…
വ്യവസ്ഥകളോടെ, അല്ലെങ്കില്‍ ഇന്നത് ചെയ്താല്‍ ഇന്നത് എന്നതുപോലെയാണത്… പീഡകള്‍ സഹിക്കുന്നവന് മാത്രമേ ഉയിര്‍പ്പുള്ളൂ…

ക്രൂശിക്കപ്പെടുന്നവനു മാത്രമേ ഉയിര്‍പ്പുള്ളൂ… ഉയിര്‍ ക്കാന്‍ വേണ്ടിയുള്ളതാണ് നമ്മുടെ പീഡകള്‍… ക്രൂശിക്കപ്പെടലുകള്‍… സങ്കടങ്ങളുടെ ദു:ഖവെള്ളികളെ നമുക്ക് ഒഴിവാക്കാനാവില്ല… ഒറ്റുകൊടുക്കലിന്റെ പീഡിതരാത്രികളില്‍ നിന്ന് നാം മാത്രമായി ഒഴിവാക്കപ്പെടുന്നുമില്ല. എല്ലാം സഹിക്കുന്ന നിശ്ശബ്ദമായ ദു:ഖ ശനിയെന്ന വിധിയെ നമുക്ക് മറികടക്കാനുമാവില്ല. അതെല്ലാം അതിന്റേതായ രീതിയില്‍ ഉണ്ടായിരിക്കെതന്നെയാണ് ഉയിര്‍പ്പു ഞായറിനെ നാം പ്രതീക്ഷിക്കേണ്ടത്.

രാത്രികഴിയാതെ പകലില്ല… പകലിനപ്പുറം രാത്രിയുമുണ്ട്… ഇത് ജീവിതത്തിന്റെ പൊതുനിയമമാണ്. രാത്രികളുടെ ദൈര്‍ഘ്യമോര്‍ത്ത് പകലിനെ ആരും സ്വാഗതം ചെയ്യാതിരുന്നിട്ടില്ലല്ലോ… കുടിച്ച കണ്ണീരിനെക്കാള്‍ അധികമായിരിക്കും കാത്തിരിക്കുന്ന സന്തോഷത്തിന്റെ നാളുകള്‍…
ഉയിര്‍പ്പിന്റെ വെളിച്ചത്തിലേക്കു നാം ഇത്തിരികൂടി നീങ്ങിനില്ക്കുക… ഉയിര്‍പ്പ് അകലെയല്ല… തീര്‍ച്ച.