കാര്‍ലോയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം; അസ്സീസിയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

അസ്സീസി:കമ്പ്യൂട്ടര്‍ ജീനിയസ് കാര്‍ലോ അക്യൂട്ടിസിനെ ഒക്ടോബര്‍ 10 ന് വാഴ്ത്തപ്പെട്ട പദവിയിലേക്കുയര്‍ത്തുമ്പോള്‍ നാമകരണനടപടികളുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. സെന്റ് ഫ്രാന്‍സിസ് ബസിലിക്കയില്‍ വൈകുന്നേരം 4.30 ന് നടക്കുന്ന ചടങ്ങില്‍ വച്ചായിരിക്കും വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം. നാമകരണനടപടികളുടെ തിരുസംഘം തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ ബെക്കുവിന്റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാന മധ്യേയായിരിക്കും വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം.

നിശ്ചിത ആളുകള്‍ക്ക് മാത്രമേ ചടങ്ങില്‍ പങ്കെടുക്കാനുളള അനുവാദമുണ്ടായിരിക്കുകയുള്ളൂ. എന്നാല്‍ പൊതുജനങ്ങളുടെ അഭ്യര്‍ത്ഥനപ്രകാരം ചടങ്ങുകള്‍ വലിയ സ്്ക്രീനില്‍ കാണാന്‍ അവസരമൊരുക്കും. ചടങ്ങിന് മുന്നോടിയായി തലേന്ന് യൂത്ത് പ്രെയര്‍ വിജില്‍സംഘടിപ്പിക്കും. മൈ ഹൈവേ റ്റു ഹെവന്‍ എന്നപേരില്‍സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനയ്ക്ക് ആര്‍ച്ച് ബിഷപ് റെനാറ്റോയും സഹായമെത്രാന്‍ പൗലോയും നേതൃത്വം നല്കും. അസ്സീസിയിലെ തന്നെ മറ്റ് രണ്ട് ദേവാലയങ്ങളില്‍ ദിവ്യകാരുണ്യത്തിന്റെയും മരിയന്‍ പ്രത്യക്ഷീകരണങ്ങളുടെയും എക്‌സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ കാര്‍ലോയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിക്കാനായി വിശ്വാസികള്‍ക്ക് സൗകര്യമുണ്ടായിരിക്കും.

ലൂക്കീമിയ ബാധിതനായി 15 ാം വയസില്‍ 2006 ല്‍ ആയിരുന്നു കാര്‍ലോയുടെ മരണം.