ഒന്നും നിക്ഷേപമില്ലാതിരുന്ന ഒരു കാലം…
മഹാമാരികളും വന്യമൃഗങ്ങളും പ്രാണനെ തിന്നൊടുക്കുമെന്ന് ഭയപ്പെട്ടിരുന്ന കാലം…
പെരുമഴയിൽ ചോരാതിരിക്കാൻ തലയ്ക്കു മീതെ ഒരു കൂര വയ്ക്കും മുമ്പേ അവർ ദേവാലയങ്ങൾ പണിതു.
ആ ദേവാലയങ്ങളിലേക്ക്,
തുണിത്തുമ്പിൽ കുഞ്ഞു മക്കളെയും കൂട്ടി പുലരികളിൽ ദൈവാരാധന നടത്തിയിരുന്ന ഒരു തലമുറ….
അവർ തങ്ങളുടെ അദ്ധ്വാനത്തിൻ്റെ ആദ്യ ഫലങ്ങൾ ദേവാലയങ്ങളിൽ കാഴ്ച്ച സമർപ്പിച്ചു.
വിശ്വാസ സന്ദേഹങ്ങളെ ബലിപീഠത്തോടു ചേർത്തു വയ്ക്കാൻ അവർ മക്കളെ പഠിപ്പിച്ചു.
ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു തലമുറയും, അനുഗ്രഹിക്കപ്പെട്ട പ്രകൃതിയും ഇവിടെ വളർന്നു വന്നിരുന്നു.
അങ്ങനെ നട്ടുവളർത്തി വടവൃക്ഷമാക്കിയ തിരുസഭയുടെ തണലിൽ നിന്നു കൊണ്ട്
പൂർവ്വിക മഹാ പൈതൃകത്തെ സ്മരിക്കുന്നു.
പിന്നീട് കാലത്തിൻ്റെ കുത്തൊഴുക്കിൽ എവിടെയോ പൂർവ്വികനന്മകൾ നമുക്ക ന്യമായി.
ദൈവത്തിലാശ്രയിക്കാതെ …. ,
മനുഷ്യരിലും സ്വന്തം കഴിവുകളിലും ആശ്രയം വയ്ക്കുന്ന ഒരു ജനത രൂപം കൊണ്ടു.
ദൈവിക ദാനമായ കഴിവുകളും അദ്ധ്വാനഫലങ്ങളും സോഷ്യൽ മീഡിയക്കു കാഴ്ച്ചവയ്ക്കുന്ന ഒരു തലമുറയാണിന്നുള്ളത്.
സൃഷ്ടാവിനേക്കാൾ …..സൃഷ്ടികളുടെ അംഗീകാരത്തിനും ലൈക്കിനും കമൻ്റ്സിനും വേണ്ടി എന്തും ചെയ്യാൻ പരക്കം പായുന്നൊരു തലമുറ വർത്തമാനകാലത്തിൻ്റെ പരാജയങ്ങളിലൊന്നാണ്.
ദൈവം ദാനമായി വിശ്വാസികളിൽ നിക്ഷേപിച്ചിരിക്കുന്ന ദൈവകൃപകൾ നമ്മുടെ അശ്രദ്ധമായ ജീവിതരീതി കൊണ്ട് നഷ്ടപ്പെടാൻ ഇടയാവരുത് .കാരണം
” ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ്.”
( 1 കോറിന്തോസ് 15 : 10 )
“കർത്താവിനെ നിൻ്റെ സമ്പത്തുകൊണ്ടും, നിൻ്റെ എല്ലാ ഉത്പന്നങ്ങളുടെയും
ആദ്യ ഫലങ്ങൾ കൊണ്ടും ബഹുമാനിക്കുക.”
( സുഭാഷിതങ്ങൾ 3 : 9 )
✍🏻Jincy Santhosh