കാവൽ മാലാഖ

അമ്മയുടെ ഉദരത്തിൽ ഒരു ശിശുവായി രൂപം കൊള്ളുന്ന നിമിഷം തന്നെ, നിൻ്റെ ആത്മാവിൻ്റെ നിത്യരക്ഷക്ക് സഹായകനായി ദൈവം ഒരുകാവൽ മാലാഖയെ നിയോഗിക്കുന്നു.
ഓരോ മനുഷ്യൻ്റെയും കാവൽ മാലാഖ,
ആ വ്യക്തിയെ മറ്റാരെയുംകാൾ പരിപൂർണ്ണമായി അറിയുകയും, ജീവിതവിശുദ്ധിക്കും ,ആത്മീയവും ശാരീരികവുമായ അപകടങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനും വേണ്ടി നിരന്തരമായി സഹായിക്കുകയും,
സദാ ദൈവസന്നിധിയിൽ ആ വ്യക്തിക്കു വേണ്ടി മാധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
“ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുക. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ എൻ്റെ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ മുഖം എപ്പോഴും ദർശിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞാൻ നിങ്ങളോട് പറയുന്നു.”
( മത്തായി 18 : 10 )
ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവരായതിനാൽ ആത്മാക്കളുടെ അളവില്ലാത്ത വിലയെക്കുറിച്ച് കാവൽ മാലാഖമാർക്ക് ശരിയായ ബോധ്യമുണ്ട്.
ഒരു വ്യക്തിയുടെ ആത്മാവും കാവൽ മാലാഖയും വേർപെടുന്ന ഒരേയൊരു നിമിഷം ആ വ്യക്തിയുടെ ആത്മാവ് ദൈവകൽപന ധിക്കരിച്ച് നരകത്തിനർഹനായിത്തീരുമ്പോൾ മാത്രമാണ്.
ആ മാലാഖയുടെ കണ്ണുനീർ തടയാനാർക്കുമാവില്ല. അതു കൊണ്ടാണ് അനുതാപിയുടെ തിരിച്ചുവരവിൽ സ്വർഗ്ഗം അത്രയധികം സന്തോഷിക്കുന്നത്.
മറ്റാരേയുംകാൾ നിന്നെ
പരിപൂർണ്ണമായി അറിയുന്ന….
നിൻ്റെ ജീവിത ദിനരാത്രികളിൽ സംരക്ഷണവലയമൊരുക്കുന്ന….
സദാ ദൈവസന്നിധിയിൽ നിനക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കുന്ന…
സ്വർഗ്ഗത്തിൻ്റെ സംരക്ഷണ ദൂതൻ.
ദൈവസ്നേഹത്തിൽ നിന്ന്
നീ കുതറിമാറിയ വേളകളെ ഓർത്ത്
അനുതപിക്കുന്ന നിൻ്റെ തിരിച്ചുവരവിൽ
സ്വർഗം സന്തോഷിക്കുമ്പോൾ…
നിനക്ക് സംരക്ഷണമൊരുക്കിയ
ദൂതന്മാരെ വിസ്മരിക്കരുത്.
ശൈശവത്തിൽ തന്നെ നിൻ്റെ കാവൽ മാലാഖയുടെ കരം പിടിക്കുക. ഏതു ജീവിത സാഹചര്യങ്ങളിലും കാവൽ മാലാഖയുമായുള്ള ഐക്യം നിലനിർത്താനും അനുദിനം പരിശ്രമിക്കുക
” കണ്ടാലും! എത്ര വലിയ സ്നേഹമാണ് പിതാവ് നമ്മോട് കാണിച്ചത്. ദൈവമക്കളെന്ന് നാം വിളിക്കപ്പെടുന്നു.
നാം അങ്ങനെയാണുതാനും.”
( 1 യോഹന്നാൻ 3 : 1 )
Jincy Santhosh