കൂടെ

മംഗളവാര്‍ത്താക്കാലം
രണ്ടാം ദിനം

കൂടെ
എനിക്ക് നിങ്ങളെക്കുറിച്ച് പലതും പറയാനും വിധിക്കാനുമുണ്ട്. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെ അധരത്തില്‍ നിന്ന് കേട്ടത് ഞാന്‍ ലോകത്തോട് പറയുന്നു…. എന്നെ അയച്ചവന്‍ എന്റെ കൂടെയുണ്ട്. അവിടുന്ന് എന്നെ തനിയെ വിട്ടിരിക്കുകയല്ല. കാരണം ഞാന്‍ എപ്പോഴും അവിടുത്തേക്ക് ഇഷ്ടമുള്ളതുപോലെ പ്രവര്‍ത്തിക്കുന്നു. ഇതുപറഞ്ഞപ്പോള്‍ വളരെപേര്‍ അവനില്‍ വിശ്വസിച്ചു.( യോഹ:8;26;30)

ജീവിതത്തിലെ ചില അപൂര്‍വ്വ നിമിഷങ്ങളിലോ അല്ലെങ്കില്‍ ഒറ്റപ്പെട്ട ചില നിമിഷങ്ങളിലോ ഒഴികെ എല്ലാവരും കൂട്ട് ആഗ്രഹിക്കുന്നവരാണ്. ആരുടെയെങ്കിലും കരം കോര്‍ത്ത് നടന്നുനീങ്ങാനും ഒരു അസ്തമയോ ഉദയമോ നോക്കിനില്ക്കുമ്പോള്‍ ഒരാളുടെയെങ്കിലും ചുമലില്‍ കൈ ചേര്‍ക്കുവാനോ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല.മനുഷ്യന്റെ ബന്ധങ്ങളെല്ലാം രൂപപ്പെട്ടിരിക്കുന്നത് അവന്റെ കൂട്ടുകൂടാനുള്ള ആഗ്രഹങ്ങളില്‍ നിന്നാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും നാം തീര്‍ത്തും ഒറ്റപ്പെട്ടുപോകാറുണ്ട്. ഒരാളു പോലും കൂടെ വരാനില്ലാത്തവിധം നാം പരിത്യക്തരായിപ്പോകാറുണ്ട്. ഏകാകിയുടെ സങ്കീര്‍ത്തനങ്ങള്‍ രൂപപ്പെടുന്നത് അങ്ങനെയാണ്. പക്ഷേ ആരൊക്കെ കൂട്ടു വന്നാലും കൂടെ ഇല്ലാതായാലും ദൈവം കൂടെയുണ്ട് എന്ന് തിരിച്ചറിയുക എന്നതാണ് ആത്മീയജീവിതത്തിലെ പ്രധാനപ്പെട്ട സംഗതി. ദൈവം കൂടെയുണ്ട്. അതൊരു വിശ്വാസസത്യമായി നമ്മെ ആശ്വസിപ്പിച്ചിട്ടുള്ള നിരവധി സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഇല്ലേ? നിന്റെ സന്തോഷങ്ങളില്‍ മാത്രമല്ല നിന്റെ സങ്കടങ്ങളില്‍, നിന്റെ ആശങ്കകളില്‍ മാത്രമല്ല നിന്റെ ആശ്വാസങ്ങളില്‍.. നിന്റെ തപ്ത സ്മൃതികളില്‍ മാത്രമല്ല നിന്റെ ഊഷ്മളമായ ഓര്‍മ്മകളില്‍… എല്ലായ്‌പ്പോഴും ദൈവം നിന്റെ കൂടെയുണ്ട്. ദൈവം കൂടെയുണ്ട് എന്നതാണ് ഒരു ആത്മീയമനുഷ്യന്റെ ജീവിതത്തിലെ ഏറ്റവുംവലിയ ആശ്വാസം. പക്ഷേ വൈരുധ്യമെന്ന് പറയുന്നത് നാം ദൈവത്തെ തിരിച്ചറിയുന്നില്ല എന്നതാണ്. ഏറ്റവും അടുത്തുനില്ക്കുന്ന സ്‌നേഹബന്ധങ്ങളിലാണല്ലോ നാം ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെടുന്നത്. അല്ലെങ്കില്‍ ഹൃദയം നിറയെ സ്‌നേഹവുമായി നില്ക്കുന്നവരെയാണല്ലോ നാം അറിയാതെ പോകുന്നത്. അവരെ അവഗണിച്ചും അവരെ തിരസ്‌ക്കരിച്ചും നാം മറ്റേതെല്ലാമോ വഴികളില്‍ സഞ്ചരിക്കുന്നു. അപ്പോഴൊന്നും ഒരുമിച്ചുണ്ടായിരുന്ന ആളെ നാം മനസ്സിലാക്കുന്നില്ല. കൂടെയുളളവരെയും കൂടെ കൂട്ടാന്‍ കൊള്ളുന്നവരെയും തിരിച്ചറിയാതെ പോകുന്നു എന്നത് മനുഷ്യബന്ധങ്ങളിലെ പോലും വിരോധാഭാസമാണ്. കൂടെയുള്ള ദൈവത്തെ തിരിച്ചറിയാന്‍, തിരിച്ചറിയാതെ പോയ അവന്റെ സ്‌നേഹത്തിലേക്ക് തിരികെ നടക്കാന്‍ ഈ ആഗമനകാലം നമുക്ക് പ്രേരണയാകട്ടെ. അതിനുള്ള തുടക്കം ഇന്ന് തന്നെ തുടങ്ങാം.കൂട്ടിവിളക്കിയും നിര്‍മ്മലസ്‌നേഹത്തിന്റെ കൂദാശയര്‍പ്പിച്ചും ബന്ധങ്ങളെ നമുക്ക് അലങ്കരിക്കാം.
വിഎന്‍