ചങ്ങനാശ്ശേരി: കേരളത്തിന്റെ വിദ്യാഭ്യാസവളര്‍ച്ചയ്ക്ക് ക്രൈസ്തവ മിഷനറിമാര്‍ നല്കിയ സേവനങ്ങള്‍ അവിസ്മരണീയമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്മാന്‍സ് കോളജിന്റെ ശതാബ്ദി ആഘോഷ വിളംബരദീപം തെളിയിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഉന്നതവിദ്യാഭ്യാസരംഗത്ത് നൂറുവര്‍ഷമായി അമൂല്യസംഭാവനകള്‍ നല്കുന്ന എസ് ബി കോളജ് ദക്ഷിണ കേരളത്തിലെ യശസ്തംഭമാണ്. മന്ത്രി പറഞ്ഞു.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രവും സമൂലവുമായ അഴിച്ചുപണി അനിവാര്യമാണ്. സംസ്ഥാനത്തെ പഴക്കം ചെന്ന സര്‍വകലാശാല ചട്ടങ്ങള്‍ കാലഘട്ടത്തിന് അനുസരിച്ച് പൊളിച്ചെഴുതിയാല്‍ മാത്രമേ വൈജ്ഞാനിക സമൂഹത്തെ കെട്ടിപ്പടുക്കത്തക്കവിധം ഉന്നതവിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കൂ. സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് മാതൃകാപരമായ വളര്‍ച്ച ഉണ്ടായെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് വേണ്ടത്ര വളര്‍ച്ചയുണ്ടായോ എന്ന് പൊതുസമൂഹം ചിന്തിക്കണം. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ക്കനുസരിച്ച് വെല്ലുവിളികളും ഉയരുന്നുണ്ട്. ചെലവുകുറഞ്ഞതും ഗുണപരമായതും തൊഴിലധിഷ്ഠിതവുമായ കോഴ്‌സുകള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നത്. മന്ത്രി പറഞ്ഞു.
മാര്‍ ചാള്‍സ് ലവീഞ്ഞ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേനത്തില്‍ ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തി.