വിചാരണ വേളയിൽ യേശുക്രിസ്തുവിനു വേണ്ടി സംഭവിച്ച ഒരേയൊരു ഇടപെടൽ അവളുടേതായിരുന്നു.
സുവിശേഷം രേഖപ്പെടുത്താത്ത അവളുടെ പേരിൽ പോലും തർക്കങ്ങളുണ്ട്.
ക്ലൗഡിയ എന്ന് കൂടുതൽ പേർ വിചാരിക്കുന്നു.
വിചാരണയ്ക്കിടയിലാണ് അവളുടെ കുറിപ്പ് പീലാത്തോസിൻ്റെ അടുക്കലെത്തുന്നത്.
“ആ നീതിമാൻ്റെ കാര്യത്തിൽ ഇടപെടരുത്.
അവൻ മൂലം ഞാൻ സ്വപ്നത്തിൽ
ഇന്നു വളരെ ക്ലേശം അനുഭവിച്ചു. “
(മത്തായി 27:19)
പീലാത്തോസ് ഭാര്യയുടെ മുന്നറിയിപ്പിനെ സഹജമായ ധാർഷ്ട്യത്തോടെ അവഗണിച്ചു.
അവളുടെ തോന്നലുകളെ …,
ഗൗരവമായി എടുക്കേണ്ട എന്ന് കരുതുന്ന കാലത്തിനും ദേശത്തിനും എന്ത് സംഭവിക്കുന്നുവെന്നതിന്റെ രണ്ടായിരം വർഷം പഴക്കം ഉള്ള ഗുണപാഠകഥയാണിത്.!
സ്വന്തം നിലനില് പിനു വേണ്ടി നിരപരാധിയെ
ഭൂരിപക്ഷത്തോട് ചേർന്ന് കുറ്റം വിധിക്കുന്നതും ,
വിധി വാചകം ഉച്ഛരിക്കുന്നതും ,
കൊലക്കളത്തിലേക്ക് ക്രിസ്തുവിനെ പറഞ്ഞു വിടുന്നതും ,
പീഡനങ്ങൾക്ക് എല്പിച്ചു കൊടുക്കുന്നതും ,
എല്ലാറ്റിനും ഒടുവിൽ ….
എനിക്കീ നീതിമാൻ്റെ രക്തത്തിൽ പങ്കില്ല എന്നു പറഞ്ഞ് കൈകഴുകി സ്വയം ന്യായീകരിക്കുന്നതും ഒക്കെ പീലാത്തോസാണ്.
നീതിബോധവും മനസാക്ഷിയും കൈവിട്ട് പാപം ചെയ്യരുത് എന്ന്
സ്വന്തം ഭാര്യ വരെ പീലാത്തോസിന്
മുന്നറിയിപ്പ് കൊടുത്തിട്ടും………
ജനക്കൂട്ടത്തിൻ്റെ നിർബന്ധത്തിനു വഴങ്ങി
നിഷ്കളങ്കനെ നിഷ്ക്കരുണമായി വധിക്കാൻ പീലാത്തോസ് ഭൂരിപക്ഷത്തോട് കൂട്ടുചേർന്നു.
പക്ഷേ …, അതിൻ്റെ പേരിൽ
ഉറക്കം നഷ്ടപ്പെടുന്നത് അയാളുടെ ഭാര്യയ്ക്കാണ്.
ഇന്നും കാര്യങ്ങൾ അങ്ങനെ തന്നെയാണ്.
ഒരാളുടെ തെറ്റ് ,അയാളുടെ പ്രിയപ്പെട്ടവരുടെ ഉറക്കം കളയുന്നു.
ഒരാളുടെ തെറ്റ് ,അയാളുടെ പ്രിയപ്പെട്ടവരുടെ സ്വസ്ഥത നശിപ്പിക്കുന്നു.
ഭർത്താവ് ദൈവഭയമില്ലാതെ ജീവിക്കുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നതും സ്വസ്ഥത നശിക്കുന്നതും ഭാര്യയ്ക്കാണ്.
മക്കൾ വിശ്വാസവഴിയിൽ ഇടറിപ്പോകുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നതും സ്വസ്ഥത നശിക്കുന്നതും മാതാപിതാക്കൾക്കാണ്.
മാതാപിതാക്കളുടെ പിടിവാശിയിലും സ്വാർത്ഥതയിലും ദാമ്പത്യം വേർപെടുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നതും സ്വസ്ഥത നശിക്കുന്നതും മക്കൾക്കാണ്.
ഒരാളുടെ തെറ്റ്….,അയാളുടെ വീഴ്ചകൾ…,
ദൈവനിഷേധങ്ങൾ….,
മറ്റാരുടെയൊക്കെയോ ഉറക്കം കളയുന്നു.
എൻ്റെ പാപം….
എന്നെ മാത്രം ബാധിക്കുന്ന ഒന്നല്ല.
എൻ്റെ പാപം …എന്നേക്കാളേറെ…
എൻ്റെ പ്രിയപ്പെട്ടവരുടെ സ്വസ്ഥതയെ തകർത്തു കളയുന്നു എന്ന തിരിച്ചറിവ്
വിശുദ്ധിയുടെ ഈ വീണ്ടെടുപ്പുകാലത്ത്
നമുക്ക് വഴിവിളക്കാവട്ടെ.
“ഭൂരിപക്ഷത്തോട് ചേർന്ന് തിന്മ ചെയ്യരുത്.
ഭൂരിപക്ഷത്തോട് ചേർന്ന് നീതിക്കെതിരായി
കോടതിയിൽ സാക്ഷ്യം നിൽക്കരുത്.”
( പുറപ്പാട് 23:2)
✍?Jincy Santhosh