“മനുഷ്യൻ ബാഹ്യ രൂപത്തിൽ ശ്രദ്ധിക്കുന്നു.
കർത്താവാകട്ടെ ഹൃദയഭാവത്തിലും.”
( 1 സാമുവൽ 16 :7 )
മനുഷ്യർ കാണുന്നതുപോലെയല്ല
കർത്താവ് കാണുന്നത്.
ജീവിതയാത്രയിലെ നീ ഏറ്റെടുത്ത
സ്വകാര്യ ത്യാഗങ്ങൾ…..,
ക്രിസ്തുവിനെ പ്രതി സഹിച്ച സഹനങ്ങൾ ….,
ദൈവരാജ്യത്തിനു വേണ്ടി നീ കൊടുത്ത വില,
ആരും കാണാതെ നീ ഒഴുക്കിയ കണ്ണുനീര്….,
മനുഷ്യർ ഇതൊന്നും കണ്ടിട്ടില്ല;
അവന് കാണാൻ പറ്റാത്തത് കാണുന്ന ഒരു കർത്താവ് നിനക്കുണ്ട്.
നിൻ്റെ ചങ്കിലെ നേര് കാണുന്ന ഒരു ദൈവം…
നിൻ്റെ അലച്ചിലുകൾ അവൻ എണ്ണിയിട്ടുണ്ട്. നിൻ്റെ കണ്ണീർ തുള്ളികൾ അവൻ കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്.
തൻ്റെ മുമ്പിൽ നിഷ്കളങ്കതയോടെ വർത്തിക്കുന്നവർക്കു വേണ്ടി
തൻ്റെ ശക്തി പ്രകടിപ്പിക്കാൻ കർത്താവിൻ്റെ കണ്ണുകൾ ഭൂമിയിലുടനീളം പായുന്നു
“ആയിരം സൂര്യനെക്കാൾ തേജസ്സുള്ളതാണ് അവൻ്റെ കണ്ണുകൾ “എന്ന് പ്രഭാഷക ഗ്രന്ഥം.
ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ
അർഹിക്കാത്ത ഒരു സ്നേഹമോ പരിഗണനയോ നിൻ്റെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ തിരിച്ചറിയണം,
ഒരിക്കൽ ആരും കാണാതെ ഒഴുക്കിയ കണ്ണുനീര് അവൻ കണ്ടതിൻ്റെ…..,
കണക്കു വച്ചതിൻ്റെ …..
പ്രതിഫലമാണത്.
മനുഷ്യരെ കൊണ്ട് നിർബന്ധിച്ച് സ്നേഹിപ്പിക്കരുത്.
കാരണം മനുഷ്യർ തന്നാൽ പിന്നെ
ദൈവം തരുമ്പോൾ സ്വീകരിക്കാൻ നിനക്കു കരങ്ങൾ തുറക്കാൻ കഴിയില്ല.
“രഹസ്യങ്ങൾ അറിയുന്ന പിതാവ്
പ്രതിഫലം തരും “
എന്ന് വാഗ്ദാനം ചെയ്തവൻ ഇന്നും ജീവിക്കുന്നു.
✍🏻Jincy Santhosh