വൂഹാന്‍. പേരുകേള്‍ക്കുമ്പോഴേ നാം ഞെട്ടും. കാരണം ഇന്ന് ലോകത്തെ മുഴുവന്‍ ഭയപ്പെടുത്തിക്കൊണ്ടിരുന്ന കൊറോണ വൈറസിന്റെ ഉത്ഭവം അവിടെ നിന്നായിരുന്നുവല്ലോ?
എന്നാല്‍ വുഹാന്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട് എന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിയില്ലായിരിക്കും. ചൈനയ്ക്ക് ആദ്യത്തെ വിശുദ്ധനെ നല്‍കിയത് വൂഹാനാണ്. വിശുദ്ധ ജീന്‍ ഗബ്രിയേല്‍ പെര് ബോയര്‍ ആണ് ആ വിശുദ്ധന്. ക്രിസ്തുവിന്റെ ജീവിതത്തോട് സമാനമായ രീതിയിലുള്ള മരണമായിരുന്നു അദ്ദേഹത്തിന്റേത്.
കാരണം, കൂടെയുള്ള സുവിശേഷപ്രഘോഷകന് തന്നെ അദ്ദേഹത്തെ പണത്തിന് വേണ്ടി ഒറ്റുകൊടുക്കുകയായിരുന്നു. ചങ്ങലകള്‍ കൊണ്ട് കെട്ടിവരിഞ്ഞ്, പീഡിപ്പിച്ച് കുരിശില്‍ കെട്ടിത്തൂക്കിയായിരുന്നു വിശുദ്ധനെ കൊന്നത്. 1840 ല്‍ ആയിരുന്നു അത്. ഫ്രാന്‍സില്‍ നിന്നുള്ള വിന്‍സെന്‍ഷ്യന്‍ വൈദികനായിരുന്നു ജീന്‍. കൊച്ചുത്രേസ്യയ്ക്ക് ഈ വിശുദ്ധനോട് പ്രത്യേകഭക്തിയുണ്ടായിരുന്നതായി ചരിത്രം പറയുന്നു.
ജീന്റെ ചിത്രം വിശുദ്ധയുടെ സ്വകാര്യ പ്രാര്‍ത്ഥനാപുസ്തകത്തില്‍ സൂക്ഷിച്ചിരുന്നു. പാരീസിലെ വിന്‍സെന്‍ഷ്യന്‍ മദര്ഹൗസിലാണ് ഇന്ന് വിശുദ്ധന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത്. പോപ്പ് ലിയോ പതിമൂന്നാമന്‍ 1889 ല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1996 ല്‍ ജോണ്‍ പോള്‍ രണ്ടാമന് വിശുദ്ധപദവിയിലേക്കുയര്‍ത്തി.
കൊറോണ വ്യാപിക്കുമ്പോള്‍ ഈ വിശുദ്ധന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാവുന്നതാണ്.