ജപമാല

തലമുറതലമുറയായി പരിശുദ്ധ കന്യകാമറിയം നമ്മുടെപൂർവ്വികർ വഴി
നമുക്ക് കൈമാറി തന്നിട്ടുള്ള അമൂല്യ സുകൃതനിധി നിക്ഷേപമാണ് ജപമാല ഭക്തി.
ജപമാല ഒരു സംരക്ഷണ കോട്ടയാണ്.
വിശ്വസിച്ച് ഉരുവിടുന്ന ഒരു
‘നന്മ നിറഞ്ഞ മറിയ ‘ത്തിനു പോലും ഉത്തരം കിട്ടാതെ പോകില്ല.
ഒരു വിശ്വാസിക്ക്,
സ്വർഗ പിതാവിൻ്റെ സമ്പൂർണമായ പരിപാലനയും പുത്രനായ ഈശോമിശിഹായുടെ സ്വർഗീയമായ സംരക്ഷണവും നിത്യസഹായകനായ പരിശുദ്ധാത്മാവിൻ്റെ വരദാന ഫലങ്ങളുടെ അഭിഷേകവും തിരുക്കുടുംബനാഥയായ പരിശുദ്ധ അമ്മയുടെ കരുതലും സാന്നിധ്യവും പ്രദാനം ചെയ്യുന്നതാണ് ജപമാല.
മനുഷ്യാവതാരത്തിൻ്റെ മംഗള വാർത്തയിലാരംഭിച്ച് കിസ്തുവിൻ്റെ ജനനത്തിലൂടെയും പരസ്യ ജീവിതത്തിലൂടെയും മരണ ഉത്ഥാന മഹത്വീകരണത്തിലൂടെയും മനുഷ്യൻ്റെ ആത്യന്തിക ലക്ഷ്യമായ നിത്യതയുടെ മഹത്വീകരണത്തിലേക്ക് തീർത്ഥാടനം നടത്താൻ വിശ്വാസിയെ സഹായിക്കുന്ന ലളിതമായ പ്രാർത്ഥന കൂടിയാണ് ജപമാല.
എൻ്റെ മാമ്മോദീസ വേളയിൽ സഭയും ജ്ഞാനസ്നാന മാതാപിതാക്കളും എനിക്കു വേണ്ടി വിശ്വാസം ഏറ്റുപറഞ്ഞ് ,
ദൈവകൃപ എന്നിലേക്ക് ഒഴുകിയതുപോലെ,
ഇന്ന് ഓരോ ജപമാലയിലും ….,
പാപിയായ, വിശ്വസവും വിശുദ്ധിയുമില്ലാത്ത എനിക്കു വേണ്ടി വിശ്വസത്തിൻ്റെ നിറകുടമായ പരിശുദ്ധ അമ്മ തൻ്റെ വിശ്വാസവും വിശുദ്ധിയും വഴി ദൈവസന്നിധിയിൽ എനിക്ക് വേണ്ടി മദ്ധ്യസ്ഥം വഹിച്ച് എന്നിലേക്ക് ദൈവകൃപയൊഴുക്കുന്നു.
ജപമാല ചൊല്ലുമ്പോൾ നാം പരിശുദ്ധ അമ്മയുടെ കൈയ്യിൽ പിടിക്കുന്നു.
ചൊല്ലി കഴിയുമ്പോൾ അമ്മ നമ്മുടെ കൈയ്യിൽ പിടിച്ച് ചേർന്നു നടക്കുന്നു.
“മറിയത്തിൻ്റെ പരിശുദ്ധ ജപമാലയെ….,
ഞങ്ങളെ ദൈവവുമായി ബന്ധിക്കുന്ന സുമധുര ചങ്ങലയെ ….,
മാലാഖമാരുമായി ഐക്യപ്പെടുത്തുന്ന
സ്നേഹ ബന്ധനമേ…..,
നാരകീയ ശത്രുക്കളുടെ
ആക്രമണത്തിൽ നിന്നും
സംരക്ഷണം തരുന്ന ഗോപുരമേ……,
പ്രപഞ്ച കപ്പൽഛേദത്തിൽ നിന്നും
സംരക്ഷണമാകുന്ന ഭദ്രമായ തുറമുഖമേ…,
ഞങ്ങൾ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല.
മരണസമയത്ത് നീ ഞങ്ങളുടെ ആശ്വാസമായിരിക്കും.
ജീവൻ പിരിയുമ്പോൾ അവസാന ചുംബനം
നിൻ്റെതായിരിക്കും.”
( വിശുദ്ധരുടെ വിശുദ്ധ മൊഴികളിൽ നിന്ന് )
Jincy Santhosh