ജീവിതം ഒരു കുരിശുയാത്ര

ഒരു മനുഷ്യന്‍ ജീവിതംകൊണ്ട് പൂര്‍ത്തിയാക്കേണ്ട യാത്രയുടെ പേരാണ് കുരിശുയാത്ര. അവന്‍ അവന്റെ ലക്ഷ്യത്തില്‍ എത്തിച്ചേരുകയോ ആഗ്രഹമനുസരിച്ച് യാത്ര പൂര്‍ത്തിയാക്കുകയോ ചെയ്യുന്ന നിമിഷത്തിന്റെ പേരാണ് കുരിശുമരണം. ഒരുവന്‍ തന്റെ ജീവിതയാത്രയില്‍ സഹിക്കാനാവാത്ത കുരിശുമായി നടന്നുനീങ്ങുമ്പോള്‍ അതിനു സമാന്തരമായി ക്രിസ്തുവും നടന്നുനീങ്ങുന്നുണ്ടെന്ന് എന്റെ എത്രയോ കുരിശുയാത്രകളില്‍ ഞാന്‍ വെറുതെ സങ്കല്പിച്ചിട്ടുണ്ട്. ഒരുപക്ഷേ ആ സങ്കല്പമാകാം ചില കുരിശുകളുടെ ഭാരം പോലും ജീവിതത്തില്‍ ലഘൂകരിച്ചതെന്നു ഞാന്‍ വിശ്വസിക്കുന്നു.
ജീവിതത്തെ ഒരു കുരിശുയാത്രയായി ധ്യാനപൂര്‍വ്വം ചിന്തിക്കാന്‍ എത്രപേര്‍ക്കു കഴിയുന്നുണ്ട്? ഇതെഴുതുന്ന ആള്‍ക്കുപോലും അത്തരമൊരു സാധ്യത എല്ലായ്‌പ്പോഴും തുറന്നുകിട്ടാറില്ല. കാരണം ജീവിതത്തെ ഒരു ഓശാനയുടെ ദൈര്‍ഘ്യത്തില്‍ പരിമിതപ്പെടുത്താനാണ് നമുക്കെല്ലാവര്‍ക്കും താല്പര്യം.

കുരിശ് എന്ന ദിവ്യവും വിശുദ്ധവുമായ അടയാളം എന്തുകൊണ്ടാണ് പലപ്പോഴും ഒഴിവാക്കപ്പെടേണ്ട അനിവാര്യതയായി നാം ധരിച്ചുവശായിരിക്കുന്നത്? അതേല്പിക്കുന്ന സഹനങ്ങളും നിന്ദനങ്ങളും തിരസ്‌ക്കരണങ്ങളും കൊണ്ടുതന്നെ.
എത്രയെത്ര സാധ്യതകളാണ് ഓരോ കുരിശുയാത്രയിലും നമുക്കു മുമ്പില്‍ സഹസ്രദളങ്ങളുളള ഒരു പൂവായി വിരിഞ്ഞുനില്ക്കുന്നത്.

ഒന്നാമത്തെ സാധ്യതയായി പറയാന്‍ തോന്നുന്നത് യൂദാസിനെക്കുറിച്ചാണ്. ഒരു യൂദാസ് ഒരു കൈ ദൂരത്തില്‍ എന്റെയും നിന്റെയും ജീവിതത്തില്‍ അകന്നുനില്പുണ്ട്. ഒരു സാധ്യതയുടെയോ ഒരു പ്രലോഭനത്തിന്റെയോ മറവില്‍ അവന്‍ എപ്പോള്‍ വേണമെങ്കിലും നമ്മെ ഒറ്റിക്കൊടുത്തേക്കാം. അത് ഒരിക്കലും നാം അവനു ദ്രോഹം ചെയ്തതുകൊണ്ടായിരിക്കണമെന്നില്ല. മറിച്ച് നമ്മളെ ഒറ്റിക്കൊടുത്താല്‍ അവന് എന്തുകിട്ടും എന്ന അതിമോഹം കൊണ്ടാകാം… ക്രിസ്തു എങ്ങനെയാണ് യൂദാസിനു പ്രതിബന്ധമായത്?
ക്രിസ്തുവിനും യൂദാസിനും രണ്ടുവഴികളായിരുന്നു. ഒരിക്കലും ചേര്‍ന്നുപോകാത്ത സമാന്തരവഴികള്‍.
ഒരുപക്ഷേ തോളത്ത് കൈയിട്ടു നടക്കുമ്പോഴും നമ്മള്‍ മനസ്സുകൊണ്ട്, ചിന്ത കൊണ്ട്, വിശ്വാസപ്രമാണംകൊണ്ട് വിരുദ്ധധ്രുവങ്ങളിലായിരിക്കാം. മറ്റേയാളെ എങ്ങനെ നമുക്ക് ഉപയോഗിക്കാം എന്ന് നാം മനസ്സില്‍ കണക്കുകൂട്ടുകയാവാം.

ചിലരൊക്കെ സൗഹൃദം സ്ഥാപിക്കുന്നത് നാം അവര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടവരായതുകൊണ്ടാണെന്ന് കരുതുകയൊന്നും വേണ്ട. നിന്റെ പേരില്‍ അവന് കിട്ടുന്ന മതിപ്പ്… നിന്റെ പേരില്‍ അവന് കിട്ടുന്ന പ്രസിദ്ധി… നിനക്ക് അവന്‍ ഇടുന്ന വില… മാര്‍ക്ക്… നിനക്ക് മാത്രം അവന് ചെയ്യാന്‍ കഴിയുന്ന ചില പ്രയോജനങ്ങള്‍… നിനക്കുവേണ്ടി അവന്‍ ചെയ്യുന്നതിലേറെ അവനുവേണ്ടി നിനക്ക് ചെയ്യാന്‍ കഴിയുന്നവ.. അതിനുവേണ്ടിയാണ് ചിലപ്പോഴെങ്കിലും ഇവയെല്ലാം…
അറിഞ്ഞും അറിഞ്ഞാതെയും ഏറിയും കുറഞ്ഞുമൊക്കെ നാം നമ്മുടെ ബന്ധങ്ങളെ നമ്മുടെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി ഇപ്രകാരം വിനിയോഗിക്കുമ്പോള്‍, ദുരുപയോഗിക്കുമ്പോള്‍ നാം ആ ബന്ധങ്ങളെ വില്ക്കുകയാണ്, ഒറ്റിക്കൊടുക്കുകയാണ്, യൂദാസിനെപ്പോലെ…
ക്രിസ്തുവിനെ യൂദാസ് ഒറ്റിക്കൊടുത്തത് വെറും മുപ്പത് വെള്ളിക്കാശിനു വേണ്ടിയാണ്… ക്രിസ്തുവിനോളം വരുമോ മുപ്പത് വെള്ളിക്കാശ്?

ചില സ്വാര്‍ത്ഥചിന്തകള്‍ നമ്മെ അന്ധരാക്കിക്കളയും അപ്പോള്‍ തീരെ ചെറിയ നേട്ടം വന്‍നേട്ടമായി നാം തെറ്റിദ്ധരിക്കും. യൂദാസിനു സംഭവിച്ചത് അതാണ്… ക്രിസ്തുവെന്ന പൊന്‍വെളിച്ചത്തെ അണച്ച് മുപ്പതുവെള്ളിനാണയങ്ങളുടെ തിളക്കത്തില്‍ കണ്ണുടക്കി നിന്നപ്പോള്‍ സംഭവിച്ച വീഴ്ച.
ക്രിസ്തുവിനോടു ചേര്‍ന്നുനിന്നു വളരാന്‍ കഴിയുമായിരുന്ന സാധ്യതകളെ അയാള്‍ നിഷേധിച്ചു. സ്വാര്‍ത്ഥതയോളം വരില്ല മറ്റൊരു പാപവുമെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. കാരണം സ്വാര്‍ത്ഥത ഈ ലോകത്ത് എല്ലാ തിന്മകള്‍ക്കും അടിസ്ഥാനമായി മാറിയിരിക്കുന്നു.
ഞാന്‍ എന്നെക്കുറിച്ചു മാത്രം ചിന്തിക്കുന്നു… എന്റെ സുഖം,എന്റെ നേട്ടം, എന്റെ ഭാവി… എന്റെ സുരക്ഷിതത്വം. ആരെ വിറ്റാലാണ് എന്റെ പോക്കറ്റില്‍ പണം വീഴുന്നതെന്നു ചിന്തിക്കുമ്പോള്‍ അമ്മയും മകളും സഹോദരിയും ഭാര്യയും വിറ്റഴിക്കപ്പെടാനുള്ള കമ്മോഡിറ്റികളാകുന്നു.

എന്റെ സൈര്വവിഹാരത്തിനു തടസം നില്ക്കുന്നവനെ വെട്ടിമാറ്റാനുള്ള ക്രൂരത ഉള്ളില്‍ ഉടലെടുക്കുന്നു..എന്റെ ഉയര്‍ച്ചയ്ക്ക് അവന്റെ വളര്‍ച്ച ദോഷം ചെയ്യുമെന്നു മനസ്സിലാകുമ്പോള്‍ അവനെ ഒറ്റിക്കൊടുക്കാന്‍ ഞാന്‍ മനസ്സില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു..
വിലയ്ക്കുവാങ്ങിയ അടിമകളാണ് കീഴുദ്യോഗസ്ഥരെന്ന് ഒരു മേലധികാരി തെറ്റിദ്ധരിച്ചു തുടങ്ങുമ്പോള്‍ അവരുടെ ചിന്തകളെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുന്നു. നമ്മുടെ ഫ്രാന്‍സീസ് മാര്‍പാപ്പ പറഞ്ഞിട്ടില്ലേ, ഈ ലോകത്തിലെ തൊണ്ണൂറു ശതമാനം സമ്പത്തും ഏതാനും ചില വ്യക്തികളുടെ കൈകളില്‍ മാത്രമാണിരിക്കുന്നതെന്ന്. സമ്പത്ത് എന്നുപറയുമ്പോള്‍ അതിനെ ഭൗതികസമ്പത്ത് എന്ന് മാത്രം പരിമിതപ്പെടുത്തരുത്. ഒരാളുടെ ബുദ്ധി, സര്‍ഗാത്മകത, ക്രിയാത്മകത, ആരോഗ്യം, സൗന്ദര്യം തുടങ്ങിയവയെല്ലാം വ്യക്ത്യധിഷ്ഠിതമായി നോക്കുകയാണെങ്കില്‍ സമ്പത്താണ്.

ഈ സമ്പത്തിനെയാണ് ചില കോര്‍പ്പറേറ്റുകള്‍ വിലയ്‌ക്കെടുക്കുന്നത്. തങ്ങള്‍ വഴി മാത്രം മതി ലോകത്തിന്റെ പുരോഗതിയെന്നും തങ്ങളുടെ ശമ്പളം കൈപ്പറ്റി ജീവിക്കുന്നവരുടെ ബുദ്ധിയും ചിന്തയും തങ്ങളുടെ കുത്തകയാണെന്നും അവര്‍ കരുതുന്നു. തങ്ങള്‍ക്കു വെളിയില്‍ ആ ചിന്തകള്‍ക്ക് പ്രകാശിക്കാന്‍ അവര്‍ വേദികൊടുക്കില്ല. ഇത് സ്വാര്‍ത്ഥതയാണ്. തങ്ങളിലൂടെ മാത്രം ലോകം ചരിക്കണമെന്ന സ്വാര്‍ത്ഥത. മറ്റുള്ളവരെ ഒറ്റിക്കൊടുക്കുന്ന യൂദാസുമാരുടെ സ്വാര്‍ത്ഥത തന്നെയാണിതും.

കുടുംബജീവിതത്തിലുമുണ്ട് ചില യൂദാസുമാര്‍. സ്വന്തം സുഖത്തിനുവേണ്ടി മാത്രം പങ്കാളിയെ സ്‌നേഹിക്കുന്നവര്‍… സമീപിക്കുന്നവര്‍..
അതുകൊണ്ട് യൂദാസിനെ മുമ്പില്‍ കണ്ടുകൊണ്ട് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.
കര്‍ത്താവേ, സ്വാര്‍ത്ഥതയ്ക്കും കൊള്ളലാഭത്തിനും വേണ്ടി മറ്റുള്ളവരെ ഒറ്റിക്കൊടുക്കുന്ന യൂദാസുമാരായി ഞങ്ങളെ മാറ്റരുതേ… ഞങ്ങളുടെ ഉള്ളില്‍നിന്നും ജീവിതവ്യാപാരങ്ങളില്‍നിന്നും സ്വാര്‍ത്ഥതയുടെ യൂദാസുമാരെ ഓട്ടിയകറ്റണമേ.. കഴിയുന്നവിധത്തിലെല്ലാം നിസ്വാര്‍ത്ഥരായി ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.
കാല്‍വരിയാത്രയിലേക്കു ക്രിസ്തുവിനെ നയിക്കുന്ന ഒരു കഥാപാത്രം യൂദാസാണെങ്കില്‍ അതിനോട് ചേര്‍ന്നു ചിന്തിക്കേണ്ട ഒരു കഥാപാത്രമാണു പത്രോസ്. ക്രിസ്തുവിനെ തള്ളിപ്പറഞ്ഞു എന്ന് വലിയ കുറ്റാരോപണമാണ് നാം പത്രോസിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെ ആ വിധത്തില്‍ വ്യാഖ്യാനിക്കാമെങ്കിലും മറ്റൊരു രീതിയില്‍ കൂടി പത്രോസിനെ കാണാനാണ് ഞാനിവിടെ ശ്രമിക്കുന്നത്. അത് റിസ്‌ക്ക് ഏറ്റെടുക്കാനുള്ള വിമുഖതയായിരുന്നു… ഉത്തരവാദിത്തങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടമായിരുന്നു.

യൂദാസിന്റേതില്‍നിന്ന് ഭിന്നമായ സ്വാര്‍ത്ഥതയുടെ മറ്റൊരു മുഖമായിരുന്നു.
ഉദാഹരണത്തിന് കണ്‍മുമ്പില്‍ നാം കാണുന്ന ഒരു ആക്‌സിഡന്റ്… സഹായത്തിനുവേണ്ടി നിലവിളിക്കുന്ന കരങ്ങള്‍… അല്ലെങ്കില്‍ ഒരു പെണ്‍കുട്ടിയ്ക്ക് നേരെയുള്ള ബലാല്‍ക്കാരം..അതുമല്ലെങ്കില്‍ അയല്‍വക്കക്കാര്‍ തമ്മിലുള്ള കശപിശ… ഇങ്ങനെ ഒരുപിടി സാധ്യതകള്‍… ഇവയെല്ലാം നമ്മള്‍ കാണുന്നുണ്ട്… അറിയുന്നുണ്ട്… നമ്മുടെ ഒരു അഭിപ്രായം, കൈതാങ്ങല്‍, സഹായം… അത് സംഭവഗതികളെ തന്നെ മാറ്റിമറിക്കും.

പക്ഷേ നമ്മള്‍ അവിടെ അയഞ്ഞ നിലപാട് സ്വീകരിക്കുന്നു. കണ്ടിട്ടും കാണാത്തമട്ടില്‍ പോകുന്നു. ഞാനൊന്നും കണ്ടില്ല എന്നൊഴിഞ്ഞുമാറുന്നു. എന്താണതിന് കാരണം? ഇനി അതിന്റെ പുറകെ തൂങ്ങാന്‍ പോകണം. അതിനെനിക്ക് മനസ്സില്ല. പോലീസ് സ്റ്റേഷന്‍, കോടതി… അങ്ങനെ എന്തെല്ലാം നൂലാമാലകള്‍.. അതിന്റെ പുറകെ പോകാന്‍ ആര്‍ക്കാണ് മനസ്സ്… സമയം? അതുകൊണ്ടാണ് നാം അങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നത്.

ഇതുതന്നെയല്ലേ പത്രോസിന്റെയും നിലപാട്? ക്രിസ്തുവിനെ അറിയാമെന്ന് പറഞ്ഞാല്‍, അവന്റെ ശിഷ്യനാണെന്നു പറഞ്ഞാല്‍.. പിന്നെ എന്തെല്ലാം നൂലാമാലകളാണ്! ഈ പ്രശ്‌നത്തെ ധീരതയോടെ അഭിമുഖീകരിക്കാന്‍ എനിക്കു കരുത്തില്ല. അതിന്റെ എല്ലാവിധ റിസ്‌ക്കുകളില്‍നിന്നും അകന്നുനില്ക്കാനാണ് ഞാന്‍ താല്പര്യ പ്പെടുന്നത്. എനിക്കതിന്റെയൊന്നും പുറകെപോകാനുള്ള മനസ്സോ സമയമോ ഇല്ല. അതുകൊണ്ട് ഞാന്‍ ഒഴികഴിവ് പറഞ്ഞ് രക്ഷപ്പെടുന്നു.

ഈ എസ്‌കേപ്പിസം നമ്മുടെ വര്‍ത്തമാനകാലത്തിന്റെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. അന്യന്റെ കാര്യത്തില്‍ യാതൊരുവിധത്തിലുള്ള റിസ്‌ക്കും ഏറ്റെടുക്കാന്‍ നാം തയ്യാറാകുന്നില്ല. ഹൈവേകളില്‍ ചോരവാര്‍ന്ന് മനുഷ്യന്‍ മരിക്കുന്നത്, മതിയായ സാക്ഷികളുടെ അഭാവത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെടുന്നത്.. എല്ലാറ്റിനും കാരണം നമ്മിലുള്ള പത്രോസുമാരാണ്. അതുകൊണ്ട് പത്രോസിനെ കണ്ടുകൊണ്ട് നമുക്കിങ്ങനെ പ്രാര്‍ത്ഥിക്കാം.
കര്‍ത്താവേ, നന്മയ്ക്കുവേണ്ടി ഏതറ്റംവരെ പോകാനും സത്യത്തിന് സാക്ഷ്യം വഹിക്കുവാനും ഞങ്ങള്‍ക്ക് ശക്തിനല്കണമേ.. റിസ്‌ക്ക് ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറുന്ന, ഓടിരക്ഷപ്പെടുന്ന ഞങ്ങളുടെ ഭീരുത്വത്തിന്റെ ആത്മാവിനെ നിര്‍വീര്യമാക്കണമേ.. ഞങ്ങളിലെ പത്രോസിനെ ധൈര്യപ്പെടുത്തണമേ..

കുരിശുയാത്രയില്‍ നമ്മുടെ മനസ്സിനെ ശാന്തമാക്കുന്ന, ആശ്വസിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളാണ് വേറോനിക്കയും ശിമയോനും. യൂദാസിന്റെയും പത്രോസിന്റെയും സ്വാര്‍ത്ഥതയ്ക്കും നിര്‍വീര്യത്തിനും പകരം നില്ക്കുന്ന രണ്ടുപേര്‍. പൊരിവെയിലത്ത് നടന്നുതളര്‍ന്നവന് കിട്ടുന്ന ഇളനീര്‍പോലെയുള്ള രണ്ട് മാനസങ്ങള്‍… അതാണ് വേറോനിക്കയും ശിമയോനും.

ഇന്റര്‍നെറ്റില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കഥയുടെ ചുരുക്കം ഇങ്ങനെയാണ്. മറ്റുള്ളവരോട് ഏറ്റവും അധികം കരുതലുള്ള ഒരു വ്യക്തിയെ കണ്ടുപിടിക്കാനുള്ള മത്സരം നടക്കുകയാണ്. സമ്മാനാര്‍ഹനായത് ആറോ ഏഴോ വയസുള്ള ഒരാണ്‍ കുട്ടി. അവന്‍ ചെയ്തത് അത്ര വലിയ കാര്യമൊന്നുമല്ല. തൊട്ടടുത്ത വീട്ടിലെ, അടുത്തയിടെ പെട്ടെന്ന് മരണമടഞ്ഞുപോയ ഭാര്യയുടെ മരണത്തില്‍ വിഷാദിച്ചിരിക്കുന്ന ചെറുപ്പക്കാരനായ ഭര്‍ത്താവിന്റെ അരികില്‍ ചെന്ന് കുറെസമയം ഇരുന്നു. ഒന്നും അങ്ങോട്ട് ചോദിച്ചില്ല. സമാശ്വാസവാക്കുകള്‍ പറഞ്ഞില്ല… എന്നിട്ടും ആ കുഞ്ഞിന്റെ സാന്നിധ്യം അയാളെ ആശ്വസിപ്പിച്ചു. അയാള്‍ തന്റെ പ്രശ്‌നം പറയാതിരുന്നിട്ടും അതു മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള സന്മനസ് ആ കുഞ്ഞിനുണ്ടായി.
ഇനി കഥയില്‍നിന്ന് നമുക്ക്തിരികെ വരാം. ചിലരുടെ സാന്നിധ്യം, സ്പര്‍ശം അതെത്ര വലിയ ആശ്വാസമാണ് ദു:ഖത്തിന്റെ ചില നിമിഷങ്ങളില്‍.. ഒന്നും പറയാതെയും അവര്‍ നമ്മുടെ അടുത്തുവന്നിരിക്കുമ്പോള്‍… സ്‌നേഹത്തോടെ വെറുതെ മുടിയിഴകളില്‍ തലോടുമ്പോള്‍… ക്രിസ്തുവിലെ മാനുഷികതയെ വേറോനിക്കയുടെ ആ പരിഗണന എന്തുമാത്രം ആശ്വസിപ്പിച്ചിട്ടുണ്ടാവണം!

മറ്റുള്ളവരെ പരിഗണിക്കുക എന്നതിലും വലിയ കലയില്ലെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. എന്നാല്‍ വര്‍ത്തമാനകാലത്ത് മറ്റുള്ളവരെ പരിഗണിക്കുന്നവര്‍ എത്രയോ കുറവാണ്! സ്ഥിരം കാണുന്നവരോ സഹപ്രവര്‍ത്തകരോ ഒക്കെ ഒരു ദിനം ആബ്‌സന്റാ കുമ്പോള്‍, അല്ലെങ്കില്‍ ആഴ്ചകളോളം കാണാതെ വരുമ്പോള്‍ എന്തുപ്പറ്റിയെന്ന് ഒരു ഫോണ്‍ പോലും വിളിക്കാന്‍ നമുക്ക് മടിയായിരിക്കുന്നു. കണ്ടെങ്കില്‍ കണ്ടു… ഇല്ലെങ്കില്‍ ഇല്ല എന്ന മട്ട്..
കരയുന്നവരുടെ മിഴികളൊപ്പാനാണ് നമുക്കു കരങ്ങള്‍… വിരലുകള്‍.. പല വിധ കാരണങ്ങള്‍കൊണ്ട് വീണുപോയവരെ പിടിച്ചെണീല്പ്പിക്കാന്‍ നമ്മുടെ കരങ്ങള്‍ക്ക് എന്നെങ്കിലും കരുത്തുണ്ടായിട്ടുണ്ടോ? ഒരു ഭൂരിപക്ഷം മുഴുവനും ചേര്‍ന്ന് ഒറ്റപ്പെടുത്തിയവരെ, കഷ്ടപ്പെടുത്തിയവരെ തന്നോട് ചേര്‍ത്തണയ്ക്കാന്‍ നമ്മളില്‍ എത്രപേര്‍ക്ക് കഴിഞ്ഞിട്ടുണ്ട്? അതൊരുപക്ഷേ ലൈംഗികവ്യതിയാനത്തിന്റെ പേരിലോ ഏതെങ്കിലും ഒരു നിമിഷത്തിലെ കൈപ്പിഴയുടെ പേരിലോ ഒക്കെ, സമൂഹം ഒറ്റക്കെട്ടായിനിന്ന് ഒറ്റപ്പെടുത്തിയവരാകാം… മദ്യപാനി, വ്യഭിചാരി, മോഷ്ടാവ്, അവിഹിത ഗര്‍ഭം ചുമക്കുന്നവള്‍, സ്വവര്‍ഗ്ഗഭോഗി… എത്രയെത്ര ബോഗികളിലായി വേര്‍ തിരിക്കപ്പെട്ടവര്‍..
ക്രിസ്തു നമുക്കാണ് ദൈവപുത്രന്‍. അവനെ ക്രൂശിച്ചവര്‍ക്ക് ക്രിസ്തു വലിയൊരു തെറ്റായിരുന്നു… ആ തെറ്റിന്റെ നേര്‍ക്കാണ് വേറോനിക്കയുടെ കരുണയുടെ തൂവാല ഉയര്‍ന്നത്.. എന്തൊരു ധീരതയാണത്!
വേറോനിക്കയില്‍നിന്ന് വളര്‍ന്ന കഥാപാത്രമാണ് ശിമയോന്‍. വേറോനിക്ക ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യനെ പരിഗണിക്കാന്‍ തയ്യാറായി. ശിമയോനാവട്ടെ അതില്‍നിന്നും വളര്‍ന്നു. ക്രിസ്തുവിന്റെ കുരിശു ചുമക്കാന്‍ ശിമയോന്‍ തയ്യാറായി.

(പട്ടാളക്കാര്‍ നിര്‍ബന്ധിച്ചുവെന്നാണ് പാരമ്പര്യം. പക്ഷേ അതിന് ഒരു മറുപുറം ഉണ്ടായിക്കൂടാ എന്നില്ലല്ലോ? ക്രിസ്തുവിനെ സഹായിക്കാന്‍ ശിമയോന്‍ ഉള്ളില്‍ ആഗ്രഹിച്ചിരുന്നിരിക്കണം… എന്നാല്‍ നേരെ ചെന്ന് സഹായിക്കാന്‍ മാത്രം ധൈര്യം ആ പാവത്തിന് ഉണ്ടായിരുന്നുമില്ല. അപ്പോഴാണ് പട്ടാളക്കാരുടെ ഉത്തരവ്, ജീവനോടെ ക്രിസ്തുവിനെ കുരിശില്‍ തറയ്ക്കാന്‍ ആ കുരിശൊന്ന് താങ്ങിക്കൊടുക്കണമെന്ന്… ഞാന്‍ ഇപ്പോള്‍ അങ്ങനെയും വിചാരിക്കുന്നു.)
ഞാന്‍ വഹിക്കുന്ന കുരിശിനും ഭാരമുണ്ടെന്ന വാക്കുകള്‍ ഓര്‍ത്തുപോകുന്നു. നമുക്കെല്ലാം കുരിശുകളുണ്ട്. ഭാരങ്ങളുണ്ട്. പക്ഷേ നമുക്ക് ധൈര്യം പകരുന്ന ഒരു ചിന്തയുണ്ട്. കുരിശിന്റെ ഭാരം മൂലം ക്രിസ്തുപോലും തളര്‍ന്നുവീണ ഭൂമിയാണിത്. ഓരോരുത്തര്‍ക്കും ഓരോ വിധത്തിലുള്ള കുരിശായിരിക്കാം.

പക്ഷേ നമ്മുടെ ഈ കുരിശുയാത്രയില്‍ നമുക്ക് സമാന്തരമായി നമ്മെ ശക്തിപ്പെടുത്താന്‍ ക്രിസ്തു കുരിശുമായി നടന്നുനീങ്ങുന്നുണ്ട്.. അതുകൊണ്ട് നിത്യമായി തളരരുത്… വീഴുകയുമരുത്… സങ്കടപ്പെട്ടേക്കാം… പിറുപിറുത്തേക്കാം… പഴിച്ചേക്കാം… ശപിച്ചേക്കാം.. പക്ഷേ നിരാശപ്പെടരുത്. കാരണം ക്രിസ്തു നമ്മുടെകൂടെയുണ്ട്. അല്ലെങ്കില്‍ തന്റെകുരിശുയാത്ര പൂര്‍ത്തിയാക്കാന്‍ വേറോനിക്കയുടെയും ശിമയോന്റെയും സഹായം തേടിയ ക്രിസ്തു, നമ്മുടെ കുറവുകളും വീഴ്ചകളും പരിമിതികളും നന്നായി അറിയുന്നവനായ ക്രിസ്തു നമ്മെ സഹായിക്കാനായി വേറോനിക്കമാരെയും ശിമയോന്മാരെയും അയ്ക്കാതിരിക്കുമോ?

അയ്ക്കാതിരിക്കില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതാണെന്റെ അനുഭവം.
ശിമയോനും വേറോനിക്കയ്ക്കും വേണ്ടി കാത്തിരിക്കുമ്പോള്‍ തന്നെ മറ്റുള്ളവര്‍ക്ക് വേറോനിക്കയും ശിമയോനും ആയിത്തീരാനുള്ള എന്റെ സാധ്യതകളെ ഞാന്‍ അവഗണിക്കുകയില്ലെന്നും നമുക്ക് തീരുമാനമെടുക്കാം…