”അവനോടുകൂടെ മരിക്കേണ്ടതിന് നമുക്കും പോകാം.”
ക്രിസ്തുവെന്ന സ്‌നേഹത്തെ തിരിച്ചറിഞ്ഞതിന്റെയും ക്രിസ്തുവിനോടുള്ളസ്‌നേഹത്തിന്റെ അടയാളപ്പെടുത്തലിന്റെയും തികവില്‍ നിന്നാണ് തോമസ് അങ്ങനെ പറഞ്ഞത്. നമുക്കും അവനോടുകൂടി മരിക്കാം എന്ന്. വീണ്ടുമൊരു ദുക്‌റാനയുടെ തിരുമുറ്റത്ത് വച്ച് തോമാശ്ലീഹായെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ ഇത്തവണ ഇങ്ങനെ ഒരു മുഖം കൊടുക്കാം എന്ന് വിചാരിക്കുന്നു. തോമസിന്റെ സ്‌നേഹത്തിന്റെ മുഖം.. ഏതൊക്കെയോ തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടും തോമസിനെ എന്തേ ആരും സ്‌നേഹത്തിന്റെ തലങ്ങളില്‍ വിലയിരുത്താന്‍ മറന്നുപോയി? ആ സ്‌നേഹമെന്തേ ആരും തിരിച്ചറിയാതെ പോയി?
അതുകൊണ്ട്
കാലങ്ങളായി നാം പറഞ്ഞുപോരുന്ന തോമസിലുള്ള അവിശ്വാസത്തിന്റെ തലങ്ങളെ വിട്ടുകളയൂ. പകരം അയാളിലെ സ്‌നേഹത്തെക്കുറിച്ച് ആലോചിക്കൂ. തോമസിന്റെ സ്‌നേഹം.ക്രിസ്തുവിനോടുള്ള അയാളുടെ സ്‌നേഹം.
ക്രിസ്തുവിനോടൊപ്പം ജീവിക്കാന്‍ മാത്രമല്ല മരിക്കാനും ആഗ്രഹിച്ചവന്‍. ക്രിസ്തുവിനെ പിരിഞ്ഞ് ഈലോകത്തില്‍ ഒരുനിമിഷം പോലും ജീവിക്കാനാവില്ല എന്ന് ആത്മാവില്‍ ബോധ്യപ്പെട്ടവന്‍.. അതാണ് യഥാര്‍ത്ഥ തോമസ്..
യൂദനേതാക്കന്മാര്‍ ക്രിസ്തുവിനെ നശിപ്പിക്കാന്‍ പദ്ധതിയിടുന്ന സാഹചര്യത്തിലാണ് അവനോടുകൂടെ മരിക്കേണ്ടതിന് നമുക്കും പോകാം എന്ന് തോമസ് പറയുന്നത്.
ക്രിസ്തുവിനോടുകൂടെ മരിക്കാനുള്ള സന്നദ്ധത ആദ്യമായി ഏറ്റുപറഞ്ഞത് തോമസായിരുന്നു.
അയാളെ അത് പറയാന്‍പ്രേരിപ്പിച്ചതാവട്ടെ ക്രിസ്തുവിനോടുളള സ്‌നേഹവും. ക്രിസ്തുവില്ലാതെ തോമസിന് ജീവിക്കാനാവില്ല..ക്രിസ്തു നല്കിയ സ്‌നേഹവും അവിടുന്ന് നല്കിയ തിരിച്ചറിവുകളുമാണ് തോമസിനെ പ്രകാശിപ്പിച്ചുനിര്‍ത്തിയിരുന്നത്. വെളിച്ചം കൊളുത്തിയവന്‍ അണഞ്ഞുപോകുമ്പോള്‍ ആ വെളിച്ചത്തിനോടൊപ്പം അലിഞ്ഞുതീരാന്‍ കൊതിക്കുന്നത്ര നിഷ്‌ക്കളങ്കവും നിസ്വാര്‍ത്ഥവുമായ സ്‌നേഹമായിരുന്നു തോമസിനുണ്ടായിരുന്നത്.
ചില പ്രിയപ്പെട്ടവരുടെ മരണങ്ങള്‍ക്ക് മുമ്പില്‍ പതറി പോയ ചിലരൊക്കെ സ്വന്തം ജീവന്‍ അവരോടുകൂടി എറിഞ്ഞുടയ്ക്കുന്നതായി വായിച്ചിട്ടില്ലേ? എന്തുകൊണ്ടാണത്..
ഇനി ആ സ്‌നേഹമില്ലാതെ അവര്‍ക്ക് ജീവിക്കാനാവില്ല. ഈ ഭൂമി അവരെ ഒറ്റപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു.അതുകൊണ്ട് പ്രിയപ്പെട്ടവര്‍ പോയിടങ്ങളിലേക്ക് അവരും യാത്രയാകുന്നു.
തെറ്റിദ്ധരിക്കരുത്. അത്തരമൊരു പ്രവൃത്തിയെ മഹത്ത്വവല്ക്കരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ അല്ല. തോമസിന്റെ മനോവ്യാപാരങ്ങളിലേക്ക് പ്രവേശിക്കാനും അതിനെ സാധൂകരിക്കാനുമായി പരിചിതമായ ഒരു ഉദാഹരണം തിരഞ്ഞെടുത്തുവെന്നേയുളളൂ.. സ്വയം പരിത്യജിച്ച് സ്വന്തം കുരിശുമെടുത്ത് പിന്നാലെ വരുന്ന ഒരുവന് മാത്രമേ യഥാര്‍ത്ഥ ക്രിസ്തുശിഷ്യനായിത്തീരാന്‍ കഴിയുകയുളളൂ എന്ന ക്രിസ്തുപ്രബോധനവും തോമസിനെ അത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചിരിക്കണം.
സ്‌നേഹിതനുവേണ്ടി ജീവന്‍ ബലികഴിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ലെന്ന ക്രിസ്തുവിന്റെ പ്രബോധനത്തെ ആദ്യമായി അതിന്റെ ആഴത്തിലും പരപ്പിലും മനസ്സിലാക്കിയത് തോമസായിരുന്നു. അതുകൊണ്ടാണ് ക്രിസ്തുവിനോടുകൂടി മരിക്കാനും അയാള്‍സന്നദ്ധത പ്രകടിപ്പിച്ചത്.
ഏതാണ് സ്‌നേഹം..? എന്തല്ല സ്‌നേഹം? കുഞ്ഞ് കിണറ്റില്‍ വീഴുമ്പോള്‍ കിണറാഴങ്ങളിലേക്ക് ചാടിവീഴുന്ന ഒരമ്മയെ ചിന്തിക്കൂ. എന്തു ധൈര്യമാണ് അവള്‍ക്കുള്ളത്? അവള്‍ തന്നെ തന്നെയും വിസ്മരിക്കുന്നു.. മുമ്പില്‍ ഒന്നുമാത്രം കുഞ്ഞ്..അതിനെ രക്ഷിക്കണം.. താന്‍ മരിച്ചാലെന്ത്, ജീവിച്ചാലെന്ത്? സ്‌നേഹം പ്രതിബന്ധം അറിയുന്നില്ലെന്ന് ആബേലച്ചന്‍ കുരിശിന്റെ വഴികളില്‍ നിന്ന് പറയുന്നത് കേള്‍ക്കുന്നു.
മരണത്തിലും ഒന്നിക്കുന്ന സ്‌നേഹം. അതിന്റെ ആഴമളക്കാന്‍ ആര്‍ക്കാണ് കഴിയുക? സ്‌നേഹവും മരണവും തമ്മില്‍ ഏറെ ചാര്‍ച്ചയുണ്ട്. സ്‌നേഹത്തിനപ്പുറം മരണമുണ്ട്..ഒരാളുടെ സ്‌നേഹത്തിന്റെ അന്ത്യം അയാളുടെ മരണമാണ്. എന്നാല്‍ മരണത്തിനപ്പുറവും സ്‌നേഹം ബാക്കിയാവുന്നു.
ഒരാളുടെ സ്‌നേഹം അതിന്റെ തീവ്രതയെ അടയാളപ്പെടുത്തുന്നത് മരണത്തോടു ചേരുമ്പോഴാണ് ഒരാള്‍ക്ക് എങ്ങനെയും സ്‌നേഹം പ്രകടിപ്പിക്കാം..വ്യക്തമാക്കാം. എന്നാല്‍ അത് വ്യക്തമാക്കാന്‍ മരണത്തിന്റെ വഴി തിരഞ്ഞെടുക്കുമ്പോള്‍ അതേറ്റവും ഉല്‍ക്കൃഷ്ടമാകുന്നു.
മിശിഹായുടെ ഊര്‍ജ്ജ്വസ്വലനായ ശിഷ്യന്‍ എന്നാണ് തോമാശ്ലീഹാ അറിയപ്പെടുന്നത്.
അത്തരമൊരു കേള്‍വിപ്പെടലിന് കാരണവും മറ്റൊന്നല്ല തോമായില്‍ വിളങ്ങിനിന്നിരുന്ന സ്‌നേഹം മാത്രമായിരുന്നു. സ്‌നേഹത്തിന് വേണ്ടി സ്‌നേഹത്തോടെ സ്‌നേഹത്തിന്റെ ഏതറ്റംവരെയും പോകാന്‍ അയാള്‍ തയ്യാറായി.സ്‌നേഹം മരണം തന്നെയാണ്. ഒരു നേട്ടങ്ങള്‍ക്കുവേണ്ടിയും ഒരു സ്വാര്‍ത്ഥതയ്ക്ക് വേണ്ടിയും പിന്‍വാങ്ങാന്‍ അയാള്‍ തയ്യാറല്ല തന്നെ. കല്‍ദായ സഭ, സെലൂഷ്യ ടെസിഫോണ്‍ സഭ, പേര്‍ഷ്യന്‍സഭ, മാര്‍ത്തോമ്മാനസ്രാണികളുടെ സഭ എല്ലാം തോമായുടെ പൈതൃകം പേറുന്നതിന് പിന്നിലുള്ളതും ഈ ഊര്‍ജ്ജ്വസ്വലതയും അതിന് പ്രേരിപ്പിച്ച സ്‌നേഹവുമാണ്.
സ്‌നേഹം എന്നാല്‍ സ്പര്‍ശനം എന്നും കൂടി അര്‍ത്ഥമുണ്ട് എന്ന് കാണിച്ചുതന്നവന്‍ കൂടിയാണ് തോമസ്. ക്രിസ്തുവിന്റെ മുറിവേറ്റ വിലാപ്പുറത്ത് തോമസ് സ്പര്‍ശിക്കാന്‍ ആഗ്രഹിച്ചത് സംശയദൂരീകരണം കൊണ്ടായിരുന്നു എന്ന് ആരാണ് ഇത്രമേല്‍ ശഠിക്കുന്നത്? ക്രിസ്തുവിനോടുള്ള താദാത്മീകരണം.. ആ മുറിവിന്റെ ആഴം മനസ്സിലാക്കുക.. ആ സ്‌നേഹത്തിന്റെ വ്യാപ്തി മനസ്സിലാക്കുക…സ്‌നേഹം എന്നാല്‍ മുറിയപ്പെടലാണെന്ന് ലോകത്തോട് വിളിച്ചുപറയാന്‍.. അതിനെല്ലാമാണ് ആ വിലാപ്പുറത്ത് കരം ചേര്‍ക്കാന്‍ തോമസ് ആഗ്രഹിച്ചത്. ഞാന്‍ സ്പര്‍ശിച്ചത് നിന്റെ ഉടലിനെമാത്രമായിരുന്നില്ല..നിന്റെ ആത്മാവിന്റെ മുറിവുകളെ കൂടിയായിരുന്നു.
പനിക്കിടക്കയില്‍ ചൂടുള്ള ഒരു ആശ്ലേഷം.. വേദനയില്‍ പിടയുമ്പോള്‍ തൊട്ടുതലോടുന്ന ഒരു സ്പര്‍ശം..കരയുമ്പോള്‍ മുഖം ചേര്‍ക്കാന്‍ ഒരു ചുമല്‍.. എല്ലാവരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇതൊക്കെ ആഗ്രഹിച്ചിട്ടുണ്ടാവും..
സ്പര്‍ശങ്ങള്‍ സൗഖ്യം കൂടിയാണ്. അത് ആത്മാവിന്റെയും ശരീരത്തിന്റെയും മുറിവുകളെ ഉണക്കുന്നു. സ്പര്‍ശിക്കുന്നവനും സ്പര്‍ശം അനുഭവിക്കുന്നവനും അത് സൗഖ്യം പ്രദാനം ചെയ്യുന്നുണ്ട്.
ചില വിശുദ്ധസ്പര്‍ശങ്ങള്‍ നമ്മെ വരിഞ്ഞുമുറുക്കിയിരിക്കുന്ന പാശങ്ങളെ/ ബന്ധനങ്ങളെ അറുത്തുമാറ്റാറുണ്ട്. തോമസിന്റെ വിശ്വപ്രസിദ്ധമായ വിലാപ്പുറത്തെ തൊടീലുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു ചരിത്രമുണ്ടെത്രെ തോമസിന്റെ ചൂണ്ടുവിരലും നടുവിരലും തമ്മില്‍ ചേര്‍ന്നാണ് ഇരുന്നിരുന്നതെന്നും ക്രിസ്തുവിന്റെ വിലാപ്പുറത്ത്‌തൊട്ട മാത്രയില്‍ അത് വേര്‍തിരിഞ്ഞുവെന്നും.. നോക്കൂ, അനാസക്തവും വിശുദ്ധവുമായ ചില സ്പര്‍ശങ്ങള്‍ നമ്മെ വിമലീകരിക്കുന്ന വഴികള്‍! ഏതൊക്കെയോ കെട്ടുപാടുകള്‍ -അത് പാപത്തിന്റെയോ തഴക്കദോഷങ്ങളുടെയോ എന്തുമാകാം -നമ്മെ വരിഞ്ഞുമുറുക്കിയിരിക്കുകയാണെങ്കില്‍ അവയില്‍ നിന്നൊരു വിടുതല്‍ പ്രാപിക്കണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ ആ വിലാപ്പുറത്തെ മുറിവുകളില്‍ ജീവിതം ചേര്‍ക്കുക മാത്രമേ കരണീയമായിട്ടുള്ളൂ.
സൗഖ്യം പ്രാപിച്ച ഒരാള്‍ക്ക് ഒരിക്കല്‍ മാത്രം വിളിക്കാന്‍ കഴിയുന്ന വിളിയാണ് പിന്നെ തോമസിന്റെ അന്തരാളങ്ങളില്‍ നിന്നുയര്‍ന്നത്. എന്റെ കര്‍ത്താവേ, എന്റെ ദൈവമേ.. അതൊരു വെളിപാടായി മാറുകയാണ് തോമസിന്..ക്രിസ്തു ദൈവവും കര്‍ത്താവുമാണെന്ന്.. ദൈവത്തിന് മാത്രം സാധിക്കുന്ന കാര്യമാണ് ഇതെന്ന്.. അവിടെ പുതിയ തോമസ് പിറക്കുകയായിരുന്നു.. ചില പ്രബോധനങ്ങളെക്കാള്‍ ചില തിരിച്ചറിവുകളാണ് നമ്മുടെ ജീവിതം മാറ്റിമറിക്കുന്നത്. വിരല്‍ കൊണ്ട് സ്പര്‍ശിക്കുകയും കണ്ണുകൊണ്ട് കാണുകയും ചെയ്യുന്ന മാതിരിയുള്ള ചില അനുഭവങ്ങള്‍… അപ്പോള്‍ മുതല്‍ നമ്മുടെ ജീവിതം പഴയതുപോലെയല്ല. നവമായ ഒരഭിഷേകത്തിലേക്ക് ജീവിതം വഴിമാറുകയാണ്. അതാണ് തോമസിന്റെ പില്ക്കാലജീവിതത്തില്‍ സംഭവിച്ചത്.
ഉത്ഥിതനെങ്കിലും ക്രിസ്തുവിന് മുറിവുകളുണ്ട്..ഇന്നും ക്രിസ്തുവിന് മുറിവേല്ക്കുന്നുണ്ട്. ക്രിസ്തു പഠിപ്പിച്ച കരുണയുടെ മഹാസാഗരങ്ങളെ ഗൗനിക്കാതെ ശതകുപ്പയുടെയും ദശാംശത്തിന്റെയും മാതിരിയുള്ള പ്രബോധനങ്ങള്‍ മാത്രം മേല്‍ക്കൈ നേടുമ്പോള്‍ക്രിസ്തുവിന് മുറിയാതിരിക്കുമോ?
ഇനി സംശയക്കാരനായ തോമാ എന്ന് തന്നെ ഇരിക്കട്ടെ.. സ്‌നേഹത്തിലെല്ലാം വിശ്വാസം കൂടിയുണ്ട്. ചില സന്ദേഹങ്ങളും ആശയക്കുഴപ്പങ്ങളുമുണ്ട്. സ്‌നേഹിക്കുന്നു എന്ന തെളിവിന് വേണ്ടിയുള്ള അടയാളപ്പെടുത്തലുകളുടെ ആഗ്രഹങ്ങളുമുണ്ട്.
നോക്കൂ, തോമസിന്റെ ഗുരുപോലും സ്‌നേഹത്തിന്റെ പേരിലുള്ള സംശയങ്ങള്‍ ആരായുന്നവനാണ്. നീയെന്നെ സ്‌നേഹിക്കുന്നുവോ എന്നാണ് പത്രോസിനോടുള്ള ക്രിസ്തുവിന്റെ ചോദ്യം. സ്‌നേഹം സംശയിക്കുന്നത് അതില്‍ തന്നെ തെറ്റാണെന്നൊന്നും തോന്നുന്നില്ല. സ്‌നേഹത്തിന്റെ സ്ഥിരതയ്ക്കുവേണ്ടിയുള്ള ആഗ്രഹമാണ് അവയ്‌ക്കെല്ലാം പിന്നിലുള്ളത്.
നീയെന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന സംശയം എല്ലാവരുടെയും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉയര്‍ന്നുവന്നിട്ടുണ്ട്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന മറുപടി കേള്‍ക്കാന്‍ ആഗ്രഹിച്ചുകൊണ്ടാണത്.
ഒരു ദീര്‍ഘദൂരയാത്രയില്‍ എന്റെ അടുത്തിരിക്കുന്ന മത്തായിയോ ഗോപാലനോ എന്നെ സ്‌നേഹിച്ചില്ലെങ്കില്‍ എനിക്കത് പ്രശ്‌നമല്ല. എന്നാല്‍ ഞാന്‍ തോളത്ത് കൈയിട്ട് നടക്കുന്ന എന്റെ ചങ്ങാതിയോ ഞാന്‍ ആര്‍ക്കുവേണ്ടിയെല്ലാം എന്റെ സന്തോഷങ്ങളും സമയവും ചെലവഴിച്ച് അവര്‍ക്കായി ജീവിക്കുന്നുവോ അവരോ എന്നെ സ്‌നേഹിക്കാതെ പോകുന്നുവെങ്കില്‍ അതൊരുവേദനയാണ്. കാരണം അവര്‍ എന്നെ സ്‌നേഹിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. ആ സ്‌നേഹത്തിന് ഞാന്‍ അര്‍ഹതപ്പെട്ടവനാണ്.
ഓരോ സ്‌നേഹത്തിനും ചില അടയാളങ്ങളുണ്ട്..മുറിവുകളുമുണ്ട്.. ആത്മാര്‍ത്ഥമായ സ്‌നേഹത്തിനെല്ലാം മുറിവുകളുണ്ട്. ലോകത്തെ ക്രിസ്തു എന്തുമാത്രം സ്‌നേഹിച്ചു എന്നതിന്റെ അടയാളമാണ് അവിടുത്തെ മുറിവുകള്‍..
ക്രിസ്തുവിനെ അനുകരിച്ച് സ്‌നേഹത്തില്‍ മുറിയപ്പെടാനുളള തോമസിന്റെ ആഗ്രഹത്തിന്റെ സാഫല്യമാണ് മൈലാപ്പൂരില്‍ സംഭവിച്ചത്. സ്‌നേഹിക്കാനുള്ള വിളി രക്തസാക്ഷിത്വത്തിലേക്കുള്ള വിളിയാണ്. രക്തസാക്ഷി സ്‌നേഹത്തിന്റെ വില തിരിച്ചറിയുന്നു. ഓരോ സ്‌നേഹത്തിലും ഓരോ രക്തസാക്ഷിയുണ്ടാകേണ്ടിയിരിക്കുന്നു.
ക്രിസ്തുവിനോട് പറയുന്ന കാര്യങ്ങളിലെ ആത്മാര്‍ത്ഥതയെ ക്രിസ്തു എന്തുമമാത്രം ഗൗരവത്തോടെ എടുക്കുന്നുണ്ട് എന്നതും തോമസിന്റെ വാക്കുകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാം. നമുക്കും അവനോടുകൂടെ മരിക്കാം എന്നാണല്ലോ തോമസ് പറഞ്ഞത്. ആ വാക്കുകള്‍ വെറുെെയായായില്ല. യോഹന്നാന്‍ ഒഴികെ എല്ലാവര്‍ക്കും ക്രിസ്തു രക്തസാക്ഷിത്വത്തിന്റെ വഴികള്‍ തന്നെ സമ്മാനിച്ചു.
ആ യോഹന്നാന്‍ മാത്രമാണ് തോമസിനെക്കുറിച്ച് പരിമിതമായിട്ടെങ്കിലും ചില കാര്യങ്ങള്‍ നമുക്കായി ബൈബിളില്‍ പകര്‍ത്തിയിരിക്കുന്നതെന്നതും കൗതുകമായി തോന്നുന്നു. ആദ്യത്തെ മൂന്ന് സുവിശേഷങ്ങളും കാര്യമായിട്ടൊന്നും തോമസിനെക്കുറിച്ച് പറയാതെ പോയപ്പോള്‍ യോഹന്നാന്‍ മാത്രം ആ വ്യക്തിത്വത്തെ അനാവരണം ചെയ്യുന്നുണ്ട്,അതും കാച്ചികുറുക്കിയ വാക്കുകളില്‍. ക്രിസ്തു തന്നെയാണ് വഴിയും സത്യവും ജീവനുമെന്ന തിരിച്ചറിവ് ലഭിച്ചവനാണ് തോമസ്. അതുകൊണ്ടാണ് അവനോടൂകൂടെ മരിക്കാനും തോമസ് സന്നദ്ധത പ്രകടിപ്പിച്ചത്.
സ്‌നേഹത്തെക്കുറിച്ച് പലപ്പോഴും ഇങ്ങനെ ചിന്തിച്ചിട്ടുണ്ട്. എത്ര പരിമിതമാണ് സ്‌നേഹിക്കാനുള്ള നമ്മുടെ കഴിവുകള്‍? എത്ര പേരെ സ്‌നേഹിക്കുന്നു എന്ന ചോദ്യത്തിന് മുമ്പില്‍ നമ്മുടെ കൈവിരലുകള്‍ പലപ്പോഴും ബാക്കിയാവുന്നു.
കാരണം നമുക്ക് എല്ലാവരെയും സ്‌നേഹിക്കാനാവില്ല. നമ്മെ സ്‌നേഹിക്കുന്നവരെപ്പോലും.
ഒടുവില്‍ ഇങ്ങനെയൊരു ചിന്ത മനസ്സിലേക്ക് കൊണ്ടുവരൂ..ഒരാള്‍ക്കുവേണ്ടി മരിക്കാനും സന്നദ്ധത പ്രകടിപ്പിക്കാന്‍ മാത്രം നീ ആരെയെങ്കിലും സ്‌നേഹിക്കുന്നുണ്ടോ? സ്വന്തം മരണനേരത്ത് ഏതൊരാളുടെ കരം കോര്‍ത്തിരിക്കാനാണ് നീ ആഗ്രഹിക്കുന്നത്..? ഏതൊരാളെയാണ് മരണത്തിന്റെ അന്ത്യവിനാഴികയിലും ചൂട് കുറയാത്ത സ്‌നേഹവായ്‌പ്പോടെ ചുംബിക്കാന്‍ നീ ആഗ്രഹിക്കുന്നത്?
)അവിടെ നിന്റെ സ്‌നേഹത്തിന്റെ ഉത്തരമുണ്ട്..നീയെന്താണ് ഇത്രയും കാലം അന്വേഷിച്ചിരുന്നതെന്ന്.. നീ ആരെയാണ് യഥാര്‍ത്ഥത്തില്‍ സ്‌നേഹിച്ചിരുന്നതെന്ന്..