ഇന്ന് ദിവ്യരക്ഷക സന്ന്യാസ സമൂഹം (Redemptorists) അവരുടെ 289-ാം ജന്മദിനം ആഘോഷിക്കുന്നു, പരിശുദ്ധ കത്തോലിക്കാ സഭയിലെ വേദപാരംഗതരിൽ ഒരാളായ വിശുദ്ധ അൽഫോൻസസ് ലിഗോരിയാണ് ഇറ്റലിയിലെ സ്കാലയില് (1732) ഈ സമൂഹം സ്ഥാപിച്ചത്. അന്നുമുതൽ, ദരിദ്രരോടും ആത്മീയമായി ഉപേക്ഷിക്കപ്പെട്ടവരോടും ദൈവവചനം പ്രസംഗിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തുകൊണ്ട് നാല് വിശുദ്ധരെയും 24 വാഴ്ത്തപ്പെട്ടവരെയും തിരുസഭയ്ക്ക് സമ്മാനിച്ച ദിവ്യരക്ഷക സമൂഹം ഇന്ത്യയിലുൾപ്പെടെ 82 രാജ്യങ്ങളിൽ ശ്രുശ്രുഷ ചെയ്യുന്നു.
ദരിദ്രരിലൂടെ വന്ന ഈശോയുടെ ആഹ്വാനത്തോടുള്ള വിശുദ്ധ അൽഫോൻസസ് ലിഗോരിയുടെ പ്രതികരണമായിരുന്നു ഈ സന്ന്യാസ സമൂഹം… 1730-ൽ അൽഫോൻസസ് തന്റെ മിഷനറി പ്രവർത്തനങ്ങളാൽ ശാരീരികമായി ക്ഷീണിതനായി. ഡോക്ട്ടർ അദ്ദേഹത്തോട് അൽപ്പം വിശ്രമിക്കാനും ശുദ്ധ വായു ശ്വസിക്കാനും നിർദ്ദേശിച്ചു. തന്റെ ഏതാനും സുഹൃത്തുക്കളോടൊപ്പം, അദ്ദേഹം നേപ്പിൾസിന് തെക്ക് അമാൽഫി തീരത്തുള്ള സ്കാലയിലേക്ക് പോയി. ആ പർവതനിരകളിൽ, വിശുദ്ധ മരിയ ദേയി മോണ്ടി എന്ന ആശ്രമം ഉണ്ടായിരുന്നു, വിശ്രമത്തിനും ധ്യാനത്തിനും അനുയോജ്യമായ സ്ഥലം.
പക്ഷേ, സ്കാല എന്നതിന്റെ അർത്ഥം ദാരിദ്ര്യം എന്ന് കൂടിയാണ്. ആ പർവതങ്ങളിൽ ആട്ടിടയൻമാരുടെ സമൂഹങ്ങൾ ജീവിച്ചിരുന്നു, അവർ മിഷനറിമാരുടെ അടുത്ത് വന്ന്, ജീവന്റെ വചനമായ സുവിശേഷം ചോദിച്ചു. ദൈവവചനത്തോടുള്ള അവരുടെ വിശപ്പിൽ അൽഫോൻസസ് ആശ്ചര്യപ്പെട്ടു, പ്രവാചകന്റെ വാക്കുകൾ അനുസ്മരിച്ചു: “കുഞ്ഞുങ്ങൾ ഭക്ഷണത്തിനായി കരയുന്നു, പക്ഷേ അവർക്ക് അത് നൽകാൻ ആരുമില്ല” [വിലാപങ്ങൾ 4:4].
വിശുദ്ധ അൽഫോൻസസിന്റെ കാലത്ത്, ഈ ഇടയന്മാരും നാടൻ കർഷകരും സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള വിഭാഗമായിരുന്നു: “അവരെ മറ്റ് മനുഷ്യരെപ്പോലെ കണക്കാക്കിയിരുന്നില്ല. അവർ പ്രകൃതിയുടെ അപമാനമായിരുന്നു.” അവരുടെ പക്ഷത്തായിരിക്കാനും അവരുമായി തന്റെ ജീവിതം പങ്കുവയ്ക്കാനും ദൈവവചനം സമൃദ്ധമായി അവരിലേക്ക് എത്തിക്കാനുംഅൽഫോൻസസ് തീരുമാനിച്ചു. വളരെ പ്രാർഥനകൾക്കും കൂടിയാലോചനകൾക്കും ശേഷം തനിക്ക് സ്കാലയിലേക്ക് മടങ്ങേണ്ടതുണ്ടെന്ന് അൽഫോൻസസ് മനസ്സിലാക്കി.
അങ്ങനെ 1732 നവംബർ 9-ന്, സ്കാലയുടെ പർവ്വത നിരകളിൽ, ഏറ്റവും ദരിദ്രരരായവരോട് സുവിശേഷം പ്രസംഗിക്കാൻ തന്റെ മുപ്പത്തിയാറാം വയസിൽ ദിവ്യരക്ഷക സഭ സ്ഥാപിച്ചു. 1749 ഫെബ്രുവരി 25-ന് ബെനഡിക്ട് പതിനാലാമൻ മാർപ്പാപ്പ ഈ സന്ന്യാസ സഭയെ അംഗീകരിച്ചു.”
ലോകമെമ്പാടുമുള്ള റിഡംപ്റ്ററിസ്റ്റ് കുടുംബത്തിനായി നമുക്ക് പ്രാർത്ഥിക്കാം.