ദൈവകരങ്ങളിൽ നിന്ന് ലഭിക്കുന്ന
വിശേഷാലുള്ള വരപ്രസാദമാണ് ഭാഗ്യം.
നസ്രത്തിലെ വിശുദ്ധ കന്യകയായ മറിയം….
സുവിശേഷത്തിലെ ഭാഗ്യവതി……

അവളുടെ ആത്മാവ് സദാ
കർത്താവിനെ മഹത്വപ്പെടുത്തി.
കർത്താവ് അവളുടെ താഴ്മയെ
ദയാവായ്പോടെ കൈ കൊണ്ടു.
അന്നു മുതൽ തലമുറകൾ
അവളെ ‘ഭാഗ്യവതി’ എന്നു പുകഴ്ത്തുന്നു .

      ദൈവ സ്പർശന ദർശനങ്ങൾക്ക് പാകപ്പെട്ട മനസ്സുമായി കാത്തിരിക്കുന്ന

നിമിഷങ്ങളുടെ ധന്യത…………

കൃപാ പൂരിതയായവൾക്ക് അത്യുന്നതൻ
നല്കിയ അഭിവാദനം……
“നന്മ നിറഞ്ഞവളേ സ്വസ്തി “

“നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും”
മാനുഷികമായി ചിന്തിക്കുമ്പോൾ മറിയത്തിന് ഇതൊരു മംഗള വാർത്ത ആയിരുന്നില്ല.
എന്നിട്ടും…. താനുൾപ്പെടുന്ന മനുഷ്യവർഗ്ഗത്തിന് മുഴുവൻ മംഗളകരമായ രക്ഷാ സന്ദേശം അതിൻ്റെ പൂർണ്ണതയിൽ സ്വീകരിച്ചാശ്ലേഷിച്ചവൾ …..
ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയുടെ പൂർത്തീകരണത്തിനു വേണ്ടി സ്വർഗ ഭൂലോകണളെ കൂട്ടിയിണക്കിയ പ്രത്യുത്തരം…
“ഇതാ കർത്താവിൻ്റെ ദാസി “

ദൈവത്തിൻ്റെ പദ്ധതികളെ മനുഷ്യനു പരാജയപ്പെടുത്താൻ സാധിക്കില്ല.
ജീവിതയാത്രയിൽ പൂർത്തിയാക്കാൻ നിനക്കൊരു നിയോഗമുണ്ട്.
സഭയാകുന്ന ശരീരത്തിൽ ഒരോ ക്രൈസ്തവനും ചെയ്തു തീർക്കാനുള്ള ചെറുതും വലുതുമായ ഉത്തരവാദിത്തങ്ങൾ ഉണ്ട്.

ദൈവം നിന്നെ ഭരമേല്പിച്ചിരിക്കുന്ന ഉത്തരവാദിത്ത്വങ്ങൾക്ക്
ഈ ഭൂമിയിലെ ജീവിതത്തിൽ വളരെ പ്രാധാന്യം ഉണ്ട്.
നീ അതിനെ നിസ്സാരമായി കാണരുത്.
നീ പിന്മാറിയാൽ നിൻ്റെ സ്ഥാനത്ത് മറ്റൊരാളെ തൻ്റെ പദ്ധതി നടപ്പാക്കാൻ ദൈവം കണ്ടെത്തും.
നീ ദൈവസന്നിധിയിൽ തിരസ്ക്കരിക്കപ്പെടുകയും ചെയ്യും.

ആകാര വടിവോ ഉയരമോ അല്ല കർത്താവ് നോക്കുന്നത്.
ആരുടെയും അയോഗ്യതയുടെ ആഴമോ……, യോഗ്യതയുടെ ഉന്നതിയോ അവിടുന്നു പരിഗണിക്കില്ല.
ദൈവിക പദ്ധതിയിൽ ഒരു മനുഷ്യൻ കാണിക്കുന്ന വിശ്വസ്തതയാണ്
അയാളിലൂടെ വലിയ കാര്യങ്ങൾ ചെയ്യാൻ സ്വർഗം കണക്കാക്കുന്ന യോഗ്യത.

ഇന്ന് ദൈവം തരുന്ന പ്രേരണ …
നാളെ നിനക്കു ലഭിക്കണമെന്നില്ല.
അവിടുത്തെ വിളിയുടെ നിമിഷത്തിനു വേണ്ടി
നൈമിഷികതയെ ദൂരെയെറിയാൻ
മനസ്സിനെ ചിട്ടപ്പെടുത്താം.

നിത്യതയോളം എത്തുന്നു ….
തിത്യതയെ പോലും അതിലംഘിക്കുന്ന നിങ്ങളുടെ പ്രത്യുത്തരങ്ങൾ…

സാധ്യതകളേയും ലഭിച്ച അനുഗ്രഹങ്ങളെയും ഓർത്ത് സന്തോഷിക്കുന്നവളായിരുന്നു മറിയം.
അതു കൊണ്ടാണ് അവൾ ഇങ്ങനെ പാടിയത്
” ശക്തനായവൻ എനിക്ക്
വലിയ കാര്യങ്ങൾ ചെയ്തു തന്നിരിക്കുന്നു”.

പരിശുദ്ധ മറിയത്തിനും എലിസബത്തിനും, മാനുഷിക ചിന്തയിൽ സ്വർഗത്തിൻ്റെ മംഗള വാർത്ത യഥാർത്ഥത്തിൽ മംഗള വാർത്തയായിരുന്നില്ല.
മറിയം വിവാഹത്തിന് മുമ്പ് ഗർഭം ധരിക്കുന്നു. എലിസബത്ത് വാർദ്ധക്യത്തിൻ്റെ പാരമ്യത്തിൽ ഗർഭം ധരിക്കുന്നു.

ജീവിതത്തിൽ അനുദിനം സംഭവിക്കുന്ന ചെറുതും വലുതുമായ സുഖ ദുഃഖങ്ങൾ ദൈവിക പദ്ധതിയുടെ ഭാഗമാണെന്ന ഉറച്ച ബോധ്യം ഏതൊരു വിശ്വാസിയും ഉൾക്കൊള്ളണം. മറിയവും എലിസബത്തും ഈ വാർത്തകളെ ലോകത്തിനു മംഗളവാർത്തകളാക്കിയ അവരുടെ ചങ്കൂറ്റത്തിൻ്റെ പേരാണ് വിശ്വാസം.

നിൻ്റെ ജീവിതത്തിലും അനുദിനം വാർത്തകളെ മംഗള വാർത്തകളാക്കാൻ പരിശ്രമിക്കുക.
പ്രിയപ്പെട്ടവരുടെ ദുരിത സഹന വാർത്തകൾ നിന്നെ തേടിയെത്തുമ്പോൾ തിരിച്ചറിയുക…..
അവരുടെ ജീവിതത്തിലേയ്ക്ക് കരുതലിൻ്റെയും കാരുണ്യത്തിൻ്റെയും കരം
നീട്ടാൻ നിനക്കു സമയമായി.

പ്രിയപ്പെട്ടവരുടെ മരണ വാർത്തകൾ നിന്നെ തേടിയെത്തുമ്പോൾ നീ ഓർക്കണം…
അവർ പകർന്നു നല്കിയിരുന്ന സുകൃതങ്ങളും ക്രൈസ്തവ മൂല്യങ്ങളും ഇനി പകർന്നു കൊടുക്കേണ്ടത് നിന്നിലൂടെയാണ്. ജീവിത ശൈലികളെ ക്രമപ്പെടുത്തുക.

ഓരോ വാർത്തയും ഒന്നിൻ്റെയും അവസാനമല്ല……അവസരമാണ്.
നിനക്ക് …അപരൻ്റെ ജീവിതത്തിൽ മറ്റൊരു ക്രിസ്തുവായി തീരാനുള്ള അവസരം.
വാർത്തകളെ മംഗള വാർത്തകളാക്കാനുള്ള അവസരം

✍?Jincy Santhosh