ധനികൻ

തൻ്റെ വയലുകൾ വമ്പിച്ച വിളവേകിയവർഷം കതിർ മണികളുടെ കൂമ്പാരം കണ്ട് കണ്ണ് മഞ്ഞളിച്ച സുവിശേഷത്തിലെ ധനികൻ തൻ്റെ അറപ്പുരകൾ പൊളിച്ചു കൂടുതൽ വിസൃതമായത് പണിയാൻ പദ്ധതിയിട്ടു.
മനുഷ്യരുടെ മുമ്പിൽ അയാൾ വിവേകിയായി.എന്നാൽ ദൈവത്തിനു മുമ്പിൽ വിഢിയും…!

വിളവിൻ്റെ സമൃദ്ധിയിൽ അതിനേക്കാൾ വിലയേറിയ പലതും അയാൾ മറന്നു.
വയലിൽ വിതയ്ക്കപ്പെട്ട വിത്തുകളെ മുളപ്പിച്ചു ,വളർത്തി കതിരണിയിച്ച വിളവിൻ്റ നാഥനെ അയാൾ മറന്നു.
ദൈവിക ദാനങ്ങളെ ഉൾക്കൊള്ളാൻ അറപ്പുരകൾ പോരാതെ വന്നപ്പോൾ,
ദാതാവായ ദൈവസാന്നിധ്യം തൻ്റെ ഹൃദയത്തിൻ അകപ്പുരയിലുണ്ടെന്ന സത്യം അയാൾ മറന്നു.

പകുത്തു നൽകി പങ്കു വയ്ക്കുന്നവൻ്റെ മേൽ
ദൈവത്തിൻ്റെ അനുഗ്രഹമുണ്ട്.

സമൃദ്ധിയിൽ നിന്നു മാത്രമല്ല…,,
ഇല്ലായ്മകളിൽ നിന്നു പോലും നിനക്ക് പങ്കുവയ്ക്കാനാവും എന്നതാണ് സത്യം .

എൻ്റെ കരങ്ങൾ ശൂന്യമാണ് എന്നതാവാം പങ്കുവയ്ക്കാൻ മടിക്കുന്നവൻ്റെ അവകാശവാദം.
കാൽവരിയിൽ ക്രൂശിതൻ്റെ കരങ്ങളും ശൂന്യമായിരുന്നു .എങ്കിലും…
കുരിശിൻ്റെ കീഴെ ഒരുവൻ്റെ അന്ധത നീക്കി,
ക്രൂരത നിറഞ്ഞൊഴുകിയ മനസ്സുകൾക്ക്
അവിടെ മാപ്പു നൽകുന്നുമുണ്ട്.
സ്വന്തം അമ്മയെപ്പോലും മനുഷ്യവംശത്തിനു പകർന്നു നൽകാൻ അവൻ മടി കാണിച്ചില്ല.

ക്രിസ്തുവിൻ്റെ
കരങ്ങൾ ശൂന്യമായിരുന്നെങ്കിലും
മരണവിനാഴികയിലും ഹൃദയം
ശൂന്യമായിരുന്നില്ല എന്ന തിരിച്ചറിവ്
മാനവഹൃദയങ്ങൾക്ക് ഉണർവ്വേകട്ടെ.

നമ്മുടെ പല പിഴകളെ ദൈവം മറക്കുമെങ്കിലും ചില മറവികളെ പൊറുക്കാൻ താമസമുണ്ടാകും.
ആത്മീയ ജീവിതത്തിൽ കൊടുത്തുകൊണ്ട് കോടീശ്വരനാകാനുള്ള വിളിയാണ് ക്രിസ്ത്യാനിയുടേത്.
ലോക സുഖങ്ങൾക്കായുള്ള അറപ്പുര വാതിലുകൾ തുറക്കുമ്പോൾ
ദൈവസാന്നിധ്യത്തിൻ്റെ അകപ്പുര വാതിലുകൾ കൊട്ടിയടക്കാതിരിക്കാം.

✍🏻Jincy Santhosh