ധന്യന്‍ ജോണ്‍ പോള്‍ ഒന്നാമന്റെ പ്രബോധനങ്ങള്‍ക്ക് പ്രചാരം കൊടുക്കുന്നതിനായി വത്തിക്കാന്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചു

വത്തിക്കാന്‍ സിറ്റി: ധന്യന്‍ ജോണ്‍ പോള്‍ ഒന്നാമന്റെ പ്രബോധനങ്ങളെക്കുറിച്ച് പഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ ഫൗണ്ടേഷന് രൂപം നല്കി. ഇന്നലെയാണ് ഇതുസംബന്ധിച്ച് വത്തിക്കാന്‍ പ്രസ്താവന പുറപ്പെടുവിച്ചത്.

പുഞ്ചിരിക്കുന്ന പാപ്പ എന്ന പേരില്‍ അറിയപ്പെടുന്ന ജോണ്‍ പോള്‍ ഒന്നാമന്‍ വെറും 33 ദിവസം മാത്രമേ പത്രോസിന്റെ സിംഹാസനത്തിലിരുന്നുള്ളൂ. 1978 സെപ്തംബര്‍ 28 ന് അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം. പാപ്പ ആകുന്നതിന് മുമ്പ് തന്നെ അദ്ദേഹം ലാളിത്യത്തിന്റെയും എളിമയുടെയും ദാരിദ്ര്യാരുപി.യുടെയും പേരില്‍ ഏറെ അറിയപ്പെട്ടിരുന്നു.

2017 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചത്. കര്‍ദിനാള്‍ പരോലിനാണ് ഫൗണ്ടേഷന്റെ പ്രസിഡന്റ്. കൂടാതെ അഞ്ചു പേര്‍ കൂടി അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സിലില്‍ അംഗങ്ങളായുണ്ട്. അഞ്ചുവര്‍ഷത്തേക്കാണ് കാലാവധി. ഇറ്റാലിയന്‍ ജേര്‍ണലിസ്റ്റ് സ്റ്റെഫാനിയ ഫലാസ്‌ക്കായാണ് വൈസ് പ്രസിഡന്റ്.

ഫലാസ്‌ക്ക ജോണ്‍ പോള്‍ രണ്ടാമന്റെ നാമകരണനടപടികളുടെ വൈസ് പോസ്റ്റുലേറ്ററായിരുന്നു.