നിസ്സഹായത

മഞ്ഞലകൾ കൊണ്ട് പ്രകൃതിയും
അവഗണന കൊണ്ട് ജനതതിയും
യാത്രാക്ലേശം കൊണ്ട് ശരീരവും
നടത്തിയ വെല്ലുവിളിയിൽ…..,
പരിശുദ്ധാരൂപിയുടെ സ്വാതന്ത്ര്യം
അനുഭവിച്ച മറിയം.

ബേത് ലഹേമിലെ ജനത്തിരക്കിൽ
ഉദര ശിശുവിന് ജന്മം കൊടുക്കാൻ
ഇടം കിട്ടാത്ത നിസ്സഹായതയിൽ…..,
ആ കാലി കൂട്ടിലേക്ക് ജോസഫ്
അവളെ കൂട്ടികൊണ്ട് പോകുമ്പോൾ ….,
ജോസഫിൻ്റെ കഴിവുകേടിനെ പഴിക്കാതെ,
അവൻ്റെ നിസ്സഹായതയെ പൂർണ്ണമായി
മനസ്സിലാക്കുവാൻ അവൾക്കു കഴിഞ്ഞു.

പ്രാണികളും കൊതുകുകളും
മൂളിപ്പാട്ടു പാടി പറന്നു നടക്കുന്ന…..,
ഗോമൂത്രത്തിൻ്റെയും ചാണകത്തിൻ്റെയും
ദുർഗന്ധം പരക്കുന്ന ആ കാലിക്കൂട്ടിൽ,
തൻ്റെ വിശുദ്ധിയിൽ നിന്നും ഊറി വന്ന
സുഗന്ധം പരത്തി…..
മറിയം ലോക രക്ഷകന് ജന്മം നൽകി.

മറിയത്തിൻ്റെയും ജോസഫിൻ്റെയും
സ്നേഹക്കൂട്ടായ്മയുടെ സുഗന്ധം സ്വർഗ്ഗീയോന്നതങ്ങളിലേക്ക് ഉയർന്നു.
കാലിക്കൂട്ടിലേക്ക് സ്വർഗ്ഗത്തിൽ നിന്നും മാലാഖമാർ ഇറങ്ങി വന്നു.

ദമ്പതിമാരുടെ വിശുദ്ധ സ്നേഹത്തിന് സ്വർഗ്ഗത്തിൻ്റെ ആദരവും
സംരക്ഷണവും ഉണ്ടാവും.

പഴകിയ വീഞ്ഞിന് വീര്യം കൂടുന്നതുപൊലെ,
പഴക്കം ചെല്ലുംതോറും മധുരിക്കുന്ന അവസ്ഥയാകണംദാമ്പത്യം .
മറിച്ച് ;….
അവസാനം വരെ വീഞ്ഞു സൂക്ഷിച്ചു വയ്ക്കാൻ കഴിയാതെ കമഴ്ത്തിവയ്ക്കപ്പെടുന്ന തോൽക്കുടങ്ങളാകരുത്.
ഒരേ പോലെ ചിന്തിച്ചില്ലങ്കിലും…
ഒരുമിച്ച് ചിന്തിക്കുന്ന ഏറ്റം നല്ല സുഹൃത്തുക്കളായി,
ബാഹ്യ സൗന്ദര്യത്തെയല്ലാതെ, മനസ്സിൻ്റെ സൗന്ദര്യത്തെ സ്നേഹിക്കുന്ന കമിതാക്കളായി…,
പരസ്പരം അഭിനന്ദിച്ച്,
ഇങ്ങോട്ട് കിട്ടണം എന്നാഗ്രഹമുള്ള കാര്യങ്ങൾ അങ്ങോട്ടു കൊടുത്ത്,
തളരുമ്പോൾ താങ്ങായി …..
പരസ്പരം തോല്പിക്കാതെ ……
ഹൃദയത്തെ പ്രപഞ്ചത്തോളം വലുതാക്കുക
ഓരോ ദംബതിയും.

✍🏻 Jincy Santhosh