നോമ്പ് – 18

” എന്നോടൊപ്പം ഒരു മണിക്കൂർ ഉണർന്നിരിക്കാൻ നിങ്ങൾക്കു കഴിഞ്ഞില്ലേ…?”
(മത്തായി 26 : 40 )

ഗത് സമെനിയിൽ
ആത്മനൊമ്പരത്തിൻ്റെ കാഠിന്യത്തിൽ വിയർപ്പ് രക്തത്തുള്ളികളായി
നിലത്തു വീണ മണിക്കൂറുകളിൽ
അവനാഗ്രഹിച്ചത് ആരെങ്കിലും ഒന്ന് അടുത്തുണ്ടായിരുന്നെങ്കിൽ….
ഒന്നു ഉണർന്നിരുന്ന് തൻ്റെ പ്രാർത്ഥനയിൽ പങ്കുചേർന്നിരുന്നെങ്കിൽ … എന്നാണ്.

മൂന്നാണ്ടു കൂടെ നടന്നവർ
കൂട്ടിരിക്കാൻ കൊതിച്ച് ,
മൂന്നാ വൃത്തി തന്നോടൊപ്പം ഉണർന്നിരിക്കാൻ അവനാവശ്യപ്പെട്ടത് അതുകൊണ്ട് തന്നെയാണ്.

ജീവിതയാത്രയിൽ പല ആവൃത്തി
ഗത് സമെനി അനുഭങ്ങളിലൂടെ കടന്നുപോകുന്ന നീയും ഞാനും ഏറ്റവും അധികം നൊമ്പരപ്പെടുന്നതും അങ്ങനെ
ഉണർന്ന് കൂട്ടിരിക്കാൻ പ്രിയപ്പെവർ ആരുമില്ല എന്ന തിരിച്ചറിവിലാണ്.

ഗത് സമെനി അനുഭവങ്ങളിൽ കൂടെയിരിക്കുവാൻ…
തളരുമ്പോൾ ഒന്നു ബലപ്പെടുത്തുവാൻ…
ഉണർന്നിരുന്ന് ഒപ്പം ചേർന്ന് പ്രാർത്ഥിക്കുവാൻ……
പ്രിയപ്പെട്ടവരെ….., സൗഹൃദ കൂട്ടുകളെ
ചേർത്തു പിടിക്കാം വിശുദ്ധിയുടെ ഈ വീണ്ടെടുപ്പുകാലത്ത്.

ഒപ്പം …പ്രിയപ്പെട്ടവരും ചങ്ങാതികളും
അവരുടെ ജീവിതഗത് സമെനികളിലൂടെ
കടന്നുപോയ നേരങ്ങളിൽ അവരുടെ കൂടെ ഉണർന്നിരുന്ന് പ്രാർത്ഥിക്കാൻ…..
ഞാനും നീയും ശ്രമിച്ചിട്ടുണ്ടോ എന്ന
ആത്മശോധനയും….

എപ്പോഴാണ് മറ്റൊരാളുടെ നൊമ്പരപ്രാർത്ഥനകൾക്ക് ഉണർന്ന് കൂട്ടിരിക്കാൻ നമുക്ക് കഴിയുന്നത് ….?

സഹന വേളകളിൽ നീയും ഞാനും ഒറ്റപ്പെടാതിരിക്കട്ടെ.
അതോടൊപ്പം ആരെയും നമുക്കും ഒറ്റപെടുത്താതിരിക്കാം.

സങ്കടപ്പെട്ട്…കണ്ണു നിറഞ്ഞ് …
ആരെങ്കിലും ഒക്കെ ഒന്നു കൂടെയുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവർക്ക് ഒരു കൂട്ടാവാൻ…
അവരോട് ചേർന്ന് അവർക്കു വേണ്ടി
പ്രാർത്ഥിക്കാൻ…..
ഗ ത് സമെനിയിൽ നൊമ്പര തീയിൽ
കൂട്ടു തേടിയൻ നമുക്ക് കൂട്ടാവട്ടെ.

✍🏻Jincy Santhosh