“അപ്പോള്‍ അവനെ ശക്‌തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ പ്രത്യക്‌ഷപ്പെട്ടു.”
(ലൂക്കാ 22 : 43)
സ്വർഗ്ഗത്തിൻ്റെ വാതിലുകൾ തനിക്ക് മുമ്പിൽ അടയ്ക്കപ്പെട്ടുവോ എന്നു പോലും സംശയിച്ചേക്കാവുന്ന നിമിഷങ്ങളിലാണല്ലോ
ക്രിസ്തുവിൻ്റെ നൊമ്പാരങ്ങളെല്ലാം വിയർത്ത് രക്തത്തുള്ളികളായി അവൻ്റെ മേനിയിലൂടെ പനിച്ചിറങ്ങിയത്.
മഹത്വത്തിൻ്റെ ‘താബോറി’ൽ അവനോടൊപ്പമുണ്ടായിരുന്നവർ
സഹനങ്ങളുടെ ‘ഗത് സമെനി’ യിൽ
അവനോടൊപ്പം ഉണർന്ന് ഇരുന്നില്ല.
ബലപ്പെടുത്താൻ … ആശ്വസിപ്പിക്കാൻ
തൻ്റെ ശിഷ്യരെ മൂന്നു തവണ
വിളിച്ചുണർത്തുന്ന ക്രിസ്തു….
മോശയ്ക്ക് അഹറോൻ എന്ന പോലെ….
അഹറോന് ഹൂറെന്ന പോലെ….
ഉറ്റവരുടെ സാന്നിധ്യം മനുഷ്യൻ്റെ സഹന സമയത്ത് അവനെ ശക്തിപ്പെടുത്തും.
ഭൂമി ശക്തിപ്പെടുത്താത്ത സമയത്ത്
സ്വർഗം അവനെ ശക്തിപ്പെടുത്തി.
സ്വർഗത്തിൽ നിന്നും മാലാഖയിറങ്ങി വന്ന് അവനെ ആശ്വസിപ്പിച്ചു.
വേനലിൽ ഇലപൊഴിയുമ്പോൾ നഗ്നമായി നിൽക്കുന്ന ഒരു വൃക്ഷം പോലെ….
നഷ്ടങ്ങളെ പരാതി കൂടാതെ ഏറ്റുവാങ്ങുക എന്നത് പ്രകൃതി പോലും പഠിപ്പിക്കുന്ന പാഠമാണ്.
നിനക്കും ഒരു വേനലുണ്ട്.
നിൻ്റെ ആന്തരിക സത്തയിൽ വെയിലടിക്കുന്ന ഒരു കാലം.
അത് നിൻ്റെ ആന്തരിക ഭൗതിക പീഡകളുടെ കാലമാണ്.
വസന്തത്തിനു മുമ്പ് ഒരു ഇല കൊഴിയൽ….
ഉയിർപ്പിന് മുമ്പ് ഒരു ദുഃഖവെള്ളി.
അന്ന് നിനക്കു തണലാവാൻ….
തല ചായ്ക്കാൻ……
സ്വർഗത്തിൻ്റെ സഹായകൻ നിന്നെ ചേർത്തു നിർത്തും.
✍🏻Jincy Santhoshe