മുള്‍ക്കിരീടവും ചെമന്ന മേലങ്കിയും ധരിച്ച് യേശു പുറത്തേക്കു വന്നു. അപ്പോള്‍ പീലാത്തോസ് അവരോടു പറഞ്ഞു: ഇതാ, ആ മനുഷ്യന്!”
(യോഹന്നാന് 19 : 5)
യേശുവിൽ കുറ്റമൊന്നും കാണാതിരുന്നിട്ടും ജനത്തെ തൃപ്തിപ്പെടുത്താനായി ചമ്മട്ടിയടിയേല്ക്കാൻ വിട്ടു കൊടുത്ത പീലാത്തോസ്,
യേശു പ്രഹരമേറ്റശേഷം മുൾക്കിരീടമണിഞ്ഞ് വീണ്ടും പീലാത്തോസിൻ്റെ മുന്നിലെത്തിയപ്പോൾ തിരിച്ചറിയാനാവാത്ത വിധം അവൻ്റെ മുഖം വിരൂപമായിരുന്നു.
വൈവിധ്യങ്ങളുടെ സുവിശേഷം അവിടുത്തെ രൂപഭാവങ്ങളിൽ തെളിഞ്ഞു നിന്നു.
എല്ലാ സമ്പത്തിൻ്റെയും ഉടയവനായിരുന്നിട്ടും…
ഒരു സമ്പാദ്യവും ഇല്ലന്ന് ഭാവിച്ചവൻ.
രാജാവായിരുന്നിട്ടും ….
ദാരിദ്ര്യത്തിൻ്റെ അറ്റം കണ്ടവൻ.
എല്ലാവരെയും സ്നേഹിച്ചിട്ടും എല്ലാവരാലും തിരസ്കരിക്കപ്പെട്ട സ്നേഹിതനായവൻ…
അലിവിൻ്റെ അപ്പക്കഷണം അയ്യായിരങ്ങൾക്കു നൽകി അവരുടെ വിശപ്പകറ്റിയിട്ട്….
ഒട്ടിയ വയറുമായി ആകാശത്തിനും ഭൂമിക്കും മധ്യേ മൂന്നാണികളിൽ തൂക്കപ്പെട്ടവൻ.
കാനായിലെ കല്യാണ വേളയിൽ
വെള്ളത്തെ വിഞ്ഞാക്കി മാറ്റിയിട്ട്…..
എനിക്കു ദാഹിക്കുന്നു എന്ന്പറഞ്ഞ് കുരിശിൽ കിടന്ന് വെള്ളത്തിനു വേണ്ടി
ദാഹം കൊണ്ടവൻ.
തൻ്റെ വസ്ത്രത്തിൻ്റെ വിളുമ്പിൽ തൊട്ടവൾക്ക് പോലും സൗഖ്യം കൊടുത്തിട്ട്
കാൽവരിയിൽ ഉടുവസ്ത്രം ഉരിയപ്പെട്ട് നഗ്നനായവൻ.
ആശ്വസിപ്പിക്കാനാരുമില്ലാതെ മനോവേദനയുടെ പാരമ്യത്തിൽ
“കഴിയുമെങ്കിൽ ഈ കാസ എന്നിൽ നിന്ന് എടുത്തു മാറ്റണമേ എന്ന്
ഉച്ചത്തിൽ കരഞ്ഞിട്ട്….
തനിക്കു വേണ്ടി കരഞ്ഞ ഓർശ്ശേം സ്ത്രീകളെ ആശ്വസിപ്പിച്ചവൻ.
കുഷ്ഠരോഗികളെയും,
തൻ്റെ ശിഷ്യനാൽ ചെവി അറുത്തുമാറ്റപ്പെട്ട ശതാധിപ ഭൃത്യനെയും സുഖപ്പെടുത്തിയിട്ട് ….
ഉയിർത്തെഴുന്നേറ്റ ശേഷവും തൻ്റെ മേനിയിൽ മുറിവുകൾ അവശേഷിപ്പിച്ചവൻ.
എല്ലാം മാറ്റിമറിക്കാൻ കഴിവുണ്ടായിട്ടും കാലിത്തൊഴുത്തു മുതൽ കാൽവരി വരെ സ്വയരക്ഷയ്ക്കു വേണ്ടി
ഒരു മാറ്റവും വരുത്താതിരുന്നവൻ.
ജീവിതവൈവിധ്യം കൊണ്ട് സുവിശേഷം ജീവിച്ചു കാണിച്ചവൻ… യേശുക്രിസ്തു
നശ്വരതകളുടെ ലോകത്ത് …
അനശ്വരതയെ ലക്ഷ്യം വയ്ക്കാൻ
സ്വയം ശൂന്യവത്ക്കരണത്തിൻ്റെ
ആഹ്വാനം ക്രിസ്തു നമ്മോടാവർത്തിക്കുന്നു.
” വിനയം കൊണ്ട് മഹത്വമാർജ്ജിക്കുക ;
നിലവിട്ട് സ്വയം മതിക്കരുത്.”
( പ്രഭാഷകൻ 10 : 28 )
✍🏻Jincy Santhosh