“നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്‌ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്‌ഷ നമുക്കു രക്‌ഷ നല്‍കി; അവന്റെ ക്‌ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.”
(ഏശയ്യാ 53 : 5)
പിതാവ് പുത്രനെ നൽകി ലോകത്തെ സ്നേഹിച്ചു.
ക്രിസ്തു സ്വന്ത ജീവൻ നൽകി മനുഷ്യകുലത്തെ സ്നേഹിച്ചു.
പീലാത്തോസിൻ്റെ പ്രത്തോറിയത്തിനുള്ളിൽ
ചാട്ടവാറടികളാൽ അവൻ്റെ പുറം തകർന്നപ്പോൾ….
അടിപ്പിണരുകളാൽ അവൻ്റെ ശരീരത്തിൽ ഉഴവു ചാലുകൾ കീറിയപ്പോഴും..
അസ്ഥി കഷണങ്ങളും ഈയകട്ടകളും കൊണ്ട് കെട്ടിയുണ്ടാക്കിയ ചാട്ട കൊണ്ട് പടയാളികളിൽ നിന്ന് ,
മത്സരിച്ചുള്ള പ്രഹരം ഏല്ക്കുമ്പോൾ ….
നിശബ്ദനായി ആ സഹനങ്ങളെ അവൻ ഏറ്റെടുത്തത് എന്നോടുള്ള സ്നേഹത്തെ പ്രതിയായിരുന്നു.
പടയാളികൾ മുഖത്ത്
കാർക്കിച്ച് തുപ്പിയപ്പോൾ ……
ആ അപമാനഭാരത്തെ അവൻ സഹിച്ചതും, എന്നോടുള്ള സ്നേഹത്തിൻ്റെ വെളിപ്പെടുത്തലായിരുന്നു.
മുൾക്കിരീടം അവൻ്റെ ശിരസ്സിൽ
അവർ വച്ചു കൊടുക്കുമ്പോൾ…
അത് അവൻ്റെ ചർമ്മത്തെയും മാംസത്തേയും തുളച്ച് അസ്ഥിയോളം മുള്ളുകൾ ആഴ്ന്നപ്പോൾ ….
ആ കഠോര വേദനയിലും ശാന്തതയോടെ
സഹിച്ചത് …
എൻ്റെ പാപങ്ങൾക്കു പരിഹാരം ചെയ്യാനായിരുന്നു.
ഭാരമേറിയ കുരിശു ചുമന്നുകൊണ്ട് കാൽവരി കേറുമ്പോൾ ….
പലയാവർത്തി മുഖമിടിച്ച് വീണ് അവൻ്റെ ശരീരം തകർന്നപ്പോൾ അവനാഗ്രഹിച്ചത്
ആ സ്നേഹം ഞാനൊന്നു മനസ്സിലാക്കിയിരുന്നുവെങ്കിൽ…. എന്നാണ്.
ശിരസ്സിൽ മുൾമുടി ആഴ്ന്നിറങ്ങിയപ്പോഴും ചാട്ടവാർ അടിയിലും ഇരുമ്പാണി തുളച്ചു കയറിയതിലും ചിന്നി ചിതറിയ ചോരകൊണ്ട് അവൻ നഗ്നത മറച്ചപ്പോൾ …..ഇന്ന് നീയും ഞാനും പാപത്തിന്റെ ലജ്ജാഭാരം ഇല്ലാതെ ദൈവ സന്നിധിയിൽ നിൽക്കുന്നത് അവൻെറ രക്തത്തെ ഉടയാടയാക്കിയാണ് എന്ന് തിരിച്ചറിയുക .
അന്ന് ഏദനിൽ ആദ്യ മാതാപിതാക്കളുടെ പാപം മൂലം ഉണ്ടായ നഗ്നതയെ തോലുകൊണ്ട് മറച്ച ദൈവം ഇന്ന് സ്വപുത്രൻെറ രക്തത്താൽ മനുഷ്യകുലത്തിന്റെ പാപ നഗ്നത മറച്ചു .
നിൻ്റെ മുറിവുകൾ എന്നും
മറ്റുള്ളവർക്ക് സൗഖ്യം നൽകാനുള്ള
തിരുമുറിവുകളാക്കി മാറ്റണം.
സമാനമായൊരു മുറിവ് വേറൊരാൾക്ക് നൽകുകയില്ലെന്ന സ്നേഹ ശാഠ്യം നിന്നിൽ ഉണ്ടാകണം.
അപ്പോൾ ….. നിൻ്റെ മാത്രമല്ല;
നിൻ്റെ ചുറ്റുമുള്ളവരുടെ ജീവിതം കൂടി പ്രകാശപൂർണ്ണമാകും.
അവൻെറ ക്ഷതങ്ങൾ മാത്രമല്ല നിൻെറ ക്ഷതങ്ങളും സൗഖ്യദായകമാണ്
രണ്ടായിരം വർഷങ്ങൾക്കു മുമ്പ് …..
ക്രിസ്തു സഹിച്ച പീഡകളും കുരിശുമരണവും എൻ്റെയും നിൻ്റെയും നിത്യരക്ഷയ്ക്കു വേണ്ടിയായിരുന്നു
എന്നത് …ഒരു കെട്ടുകഥയല്ല
എന്നു വിശ്വസിക്കുവാൻ,
ഉയിരേകിയവൻ്റെ ഉടലിലെ ഉഴവുചാലുകൾ നി൯െറ
ഉശ്വാസനിശ്വാസങ്ങൾക്ക് ഉണർവ്വാകട്ടെ.
✍🏻Jincy Santhosh