“എല്ലാം പൂർത്തിയായിരിക്കുന്നു.”
അവൻ തല ചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു.
( യോഹന്നാൻ :19 : 30 )
മനുഷ്യജീവിതത്തിൻ്റെ നല്ല പ്രായം എന്നൊക്കെ ലോകം വിശേഷിപ്പിക്കുന്ന യുവത്വത്തിൽ …
തൻ്റെ മുപ്പത്തിമൂന്നാം വയസ്സിൽ,
അതിദാരുണമായ പീഡാസഹനങ്ങൾക്കൊടുവിൽ ആകാശത്തിനും ഭൂമിക്കും മധ്യേ ,
ലോക ദൃഷ്ടിയിൽ ഏറ്റം അപമാനകരമായ കുരിശുമരണത്തിനു തൊട്ടുമുമ്പ് …..
കുരിശിൽ മൂന്നാണികളിൽ തൂങ്ങി കിടന്ന്
” എല്ലാം പൂർത്തിയായി. ” എന്നു പറഞ്ഞ് സംതൃപ്തിയോടെ മരണത്തെ പുൽകുന്ന കിസ്തു
ഏതു പ്രായത്തിലും ,മരണത്തെ പുൽകാൻ മനുഷ്യന് ഭയമാണ്.
ജീവിതത്തെക്കുറിച്ച് സംതൃപ്തിയും തോന്നാറില്ല എന്നതും സത്യം .
മനുഷ്യായുസ്സിൻ്റെ അറുപതിലും എഴുപതിലും ഒന്നും ,മനുഷ്യന് പറയാൻ കഴിയുന്നില്ല
എല്ലാം പൂർത്തിയായി എന്ന് .
ഈ ഭൂമിയിൽ ഇത്ര നാൾ ജീവിച്ചിട്ടും…,
എല്ലാം നേടിയെടുത്തു …., സ്വന്തമാക്കി…
എന്നൊക്കെ കരുതിയിട്ടും….,
കാണാവുന്നതൊക്കെയും കണ്ടു..,
നേടാവുന്നതൊക്കെയും നേടി….,
എന്നൊക്കെ വിചാരിക്കുമ്പോഴും നമുക്ക് ജീവിതത്തിന് ഒരു സംതൃപ്തിയില്ല.
ക്രിസ്തുവിൻ്റെ ‘സംതൃപ്തി ‘
ക്രിസ്ത്യാനിക്ക് ഇപ്പോഴും അന്യം നിൽക്കുന്നു.
ക്രിസ്തു ജീവിച്ചതൊക്കെയും ദൈവഹിതത്തിനു കീഴ് വഴങ്ങിയാണ്.
ക്രിസ്ത്യാനി ജീവിക്കാൻ ശ്രമിക്കുന്നതൊക്കെയും സ്വന്ത ഇഷ്ടങ്ങളാണ്. അതിന് അവസാനമില്ല.
അതു കൊണ്ട് തന്നെ ഒരിക്കലും സംതൃപ്തി കണ്ടെത്താൻ കഴിയുന്നില്ല.
ഒരിക്കൽ ഈ ഭൂമിയോടും ഇവിടെയുള്ളവരാടും ഒക്കെ യാത്ര പറഞ്ഞ് ജീവിതത്തിൽ നിന്ന് ദൈവസന്നിധിയിലേക്ക് എടുക്കപ്പെടുമ്പോൾ ….
ക്രിസ്തുവിനെപ്പോലെ എല്ലാം പൂർത്തിയായി എന്ന മനോഭാവത്തോടെ സംതൃപ്തിയിൽ
മരണത്തെ പുൽകുവാനുള്ള കൃപ
ക്രൂശിതനിൽനിന്നും നമുക്ക് സ്വന്തമാക്കാം .
ഞാൻ ജനിച്ചപ്പോൾ കരഞ്ഞു.
ചുറ്റും നിന്നവർ സന്തോഷിച്ചു.
മരിക്കുമ്പോൾ എനിക്ക് സന്തോഷിക്കണം.
ചുറ്റുമുള്ളവർ കരഞ്ഞുകൊള്ളട്ടെ.
✍🏻Jincy Santhosh