നോമ്പ് – 49

യഹൂദരോടുള്ള ഭയം നിമിത്തം
യേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്ന
അരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.
(യോഹന്നാൻ 19 : 38 )അവൻ യേശുവിൻറെ ശരീരം കുരിശിൽ നിന്ന് ഇറക്കി ശുചിയായ ഒരു തുണിയിൽ പൊതിഞ്ഞ് തൻെറ പുതിയ കല്ലറയിൽ സംസ്കരിച്ചു .

മനുഷ്യ ദൃഷ്ടിയിൽ നിസ്സാരമായ പ്രവർത്തി ദൈവസന്നിധിയിൽ വിലയുള്ളതായി മാറി .ജോസഫ് യേശുവിൻറെ ശരീരത്തിന് കൊടുത്ത ആദരവ് അവനെ അനശ്വരൻ ആക്കി മാറ്റി തിരുവെഴുത്തിന്റെ താളുകളിൽ സ്വർഗം അവൻെറ പേര് എഴുതിച്ചേർത്തു.

യേശുവിൻറെ ശരീരമാകുന്ന പരിശുദ്ധ കുർബാനയോട് നമ്മൾ കാണിക്കുന്ന ആദരവ് നാളെ നമ്മളെ അനശ്വരരാക്കി മാറ്റും.
യേശുവിൻെറ ശരീരത്തോട് ….
അവിടുത്തെ സഭയോട്… അവൻെറ ശരീരത്തിലെ അവയവങ്ങളായ ഈ എളിയവരിൽ ഒരുവനോട് കാണിക്കുന്ന ആദരവ് നാളെ നമ്മളെ അനശ്വരരാക്കി മാറ്റും

യേശുവിനെ പരസ്യമായി അംഗീകരിക്കുകയും ശിഷ്യത്വം ഏറ്റുപറയുകയും, അവിടുത്തെ ഭൗതിക സാന്നിധ്യ നിറവ് സദാ അനുഭവിച്ചറിഞ്ഞവരും, തള്ളി പറയുകയും ഒറ്റപ്പെടുത്തി ഉപേക്ഷിച്ച് ഓടിപ്പോവുകയും ചെയ്തപ്പോൾ ……..
യേശുവിനെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന
അവൻ്റെ രഹസ്യ ശിഷ്യനായ നിക്കോദേമൂസ് അരിമത്യക്കാരൻ ജോസഫിനൊപ്പം അവനെ കല്ലറയിൽ സൂക്ഷിക്കുവാനായി യേശുവിൻ്റെ ശരീരം സ്വന്തമാക്കി.

ക്രിസ്തുവിൻ്റെ ശിഷ്യനാകുക എന്നാൽ…
ശാരീരികമായി അവനോട് ചേർന്നിരിക്കുക എന്നല്ല;
ആത്മീയമായി അവനോട് ചേർന്നിരിക്കുക എന്നു തന്നെയാണ്.

വെളിച്ചത്തിൻ്റെ വില അറിയണമെങ്കിൽ ഇരുളറിയണം.
ജീവൻ്റെ വില അറിയണമെങ്കിൽ മൃതിയുടെ തണുപ്പറിയണം.

ഈ തിരിച്ചറിവിൽ നിന്ന് മനുഷ്യൻ്റെ പദ്ധതികളും മോഹങ്ങളും മിതമാകുന്നു.

ഈശോയെ അടക്കിയ കല്ലറ മനോഹരമായ ഒരു തോട്ടത്തിനുള്ളിലായിരുന്നു.
” അവൻ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടമുണ്ടായിരുന്നു.
ആ തോട്ടത്തിൽ അതു വരെ ആരെയും സംസ്കരിക്കാത്ത പുതിയ ഒരു കല്ലറയുമുണ്ടായിരുന്നു.”
(യോഹന്നാൻ 19 : 41)

ഇതൊരു ധ്യാന വിഷയമാണ്.

മനോഹരമായ ഒരു തോട്ടമാണ് ജീവിതം. അത് എത്ര സുഖദുഃഖങ്ങൾ തന്നാലും
ആ തോട്ടത്തിനകത്ത് ഒരു ‘കല്ലറ’ നിനക്കായ് ഒരുക്കിയിട്ടുണ്ട് എന്നത് മറക്കരുത്.

‘ഞാൻ’ എന്ന ഭാവം ഉള്ളിലുണരുമ്പോഴൊക്കെ ഈ ‘കല്ലറ’യെക്കുറിച്ച് ധ്യാനിക്കുന്നത് ഉചിതമാണ്.

അവസാനം ദൈവത്തിൻ്റെ
ന്യായാസനത്തിനു മുമ്പിൽ നിൽക്കുമ്പോൾ …
വിജയിച്ചു എന്നു പറയാൻ,
ചില മനുഷ്യരുടെ മുമ്പിൽ ….
ചിലരുടെ സ്നേഹത്തിനു മുമ്പിൽ…,
മറ്റുള്ളവരുടെ ക്രൂരതയ്ക്കും
നിന്ദനത്തിനും മുമ്പിൽ …,
തോറ്റു കൊടുക്കാൻ….

‘കല്ലറ ധ്യാനം ‘നിന്നെ സഹായിക്കും.
‘കല്ലറ ധ്യാനം’ നിന്നെ വിശുദ്ധനാക്കും.

✍🏻Jincy Santhosh