പത്രോസിനെ പോലെ ദുര്‍വാശി കാണിക്കരുത്, കാലു കഴുകാന്‍ കര്‍ത്താവിനെ അനുവദിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പത്രോസ് ശ്ലീഹായെ പോലെ ദുര്‍വാശി കാണിക്കരുതെന്നും നിങ്ങളുടെ പാദം കഴുകാന്‍ കര്‍ത്താവിനെ അനുവദിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കര്‍ത്താവ് നിങ്ങളുടെ സേവകനാണ്. അവിടുന്ന് നിങ്ങളുടെ അടുക്കലുണ്ട്. നിങ്ങള്‍ക്ക് ശക്തി നല്കാന്‍, നിങ്ങളുടെ കാലുകള്‍ കഴുകാന്‍. ഇന്നലെ പെസഹാദിനത്തില്‍ വൈദികര്‍ക്ക് സന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.

വൈദികരെക്കുറിച്ച് പരാമര്‍ശിക്കാതെ എനിക്ക് ഈ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ കഴിയുകയില്ല. തങ്ങളുടെ ജീവിതം ദൈവത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നവരാണ് വൈദികര്‍. അവര്‍ സേവകരാണ്. അടുത്ത ദിവസങ്ങളില്‍ 60 വൈദികര്‍ ഇറ്റലിയില്‍ മരണമടഞ്ഞു. ആശുപത്രിയില്‍ രോഗീ പരിചരണത്തിനിടയില്‍ മരണമടഞ്ഞവരാണ് അവര്‍. സേവനത്തിനിടയില്‍ ജീവന്‍ നഷ്ടമായവര്‍. അവരെല്ലാം വിശുദ്ധിയുടെ അടുത്തപടിയിലുള്ളവരാണ്.

നമ്മള്‍ എല്ലാവരും വൈദികരാണ്. അഭിഷേകം ചെയ്യപ്പെട്ടവരാണ്. ദിവ്യകാരുണ്യം കൂദാശ ചെയ്യാന്‍ വിളിക്കപ്പെട്ടിരിക്കുന്നവര്‍.. സേവനം ചെയ്യാന്‍ അഭിഷിക്തരായവര്‍.
പാപികളായ വൈദികര്‍ മെത്രാന്മാരിലും മാര്‍പാപ്പമാരിലും ഉണ്ട്. പാപികള്‍ ഒരിക്കലും ക്ഷമ ചോദിക്കാന്‍ മറക്കരുത്. നമ്മളെല്ലാവരും പാപികളാണ്. നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ന ിങ്ങളോടും ക്ഷമിക്കപ്പെടും. നിങ്ങള്‍ കൊടുക്കുന്ന അളവില്‍ തന്നെ.

ക്ഷമിക്കാന്‍ പേടിക്കരുത്. ചിലപ്പോള്‍ നമുക്ക് അതിനെക്കുറിച്ച് പേടിയുണ്ടാകാം. അപ്പോള്‍ ക്രിസ്തുവിലേക്ക് നോക്കിയാല്‍ മതി. അവിടെ എല്ലാവര്‍ക്കും ക്ഷമയുണ്ട്. പൗരോഹിത്യത്തിന്റെ കൃപയ്ക്ക ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.

വൈദികര്‍ക്കുവേണ്ടി ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ദൈവം നിങ്ങളെ സ്‌നേഹി്ക്കുന്നു. അവിടുന്ന് ഒന്നു മാത്രമേ നിങ്ങളോട് ചോദിക്കുന്നുള്ളൂ, നിങ്ങളുടെ കാലുകള്‍ കഴുകാന്‍ അവിടുത്തെ അനുവദിക്കണമെന്ന്.