പെറുവില്‍ വൈദികരും സന്നദ്ധപ്രവര്‍ത്തകരും കൂടി കൊറോണക്കാലത്ത് വിതരണം ചെയ്തത് 15,000 ഭക്ഷണപ്പൊതികള്‍

ലിമ: കൊറോണ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പട്ടിണിയിലായ ജനങ്ങള്‍ക്ക് ആശ്വാസമായി വൈദികരും സന്നദ്ധപ്രവര്‍ത്തകരും ആയിരക്കണക്കിന് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു.

ലിമായുടെ സൗത്ത് പ്രവിശ്യയായ ലൂറിനില്‍ ഇതിനകം 15,000 ഭക്ഷണപ്പൊതികള്‍വിതരണം ചെയ്തതായി കാരിത്താസ് സെക്രട്ടറി ജനറല്‍ ഫാ.ഓമര്‍ പോര്‍ട്ടിലോ പറഞ്ഞു. കഴിഞ്ഞ ദിവസം വരെ വിതരണം ചെയ്തവയുടെ കണക്കാണിത്. മറ്റൊരു 15,000 ഭക്ഷണപ്പൊതികള്‍ റെഡിയായി കഴിഞ്ഞതായും അച്ചന്‍ അറിയിച്ചു. പെറു ഗവണ്‍മെന്റ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് മാര്‍ച്ച് 15 നാണ്.

തുടര്‍ന്ന് യാത്രകള്‍ക്ക് നിരോധനം വന്നു. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. പതിനഞ്ച് ദിവസത്തേക്കാണ് നിരോധനമെങ്കിലും ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച ഏപ്രില്‍ 15 വരെ ഇത് നീണ്ടുപോകുമെന്നാണ്.

ഏറ്റവും ദാരിദ്ര്യാവസ്ഥയില്‍ കഴിയുന്നവരാണ് ലൂറിനില്‍ കഴിയുന്നത്. അനുദിനജീവിതാവശ്യങ്ങള്‍ക്ക് വേണ്ടി പൊറുതിമുട്ടുന്ന ഇവര്‍ക്ക് വളരെയധികം ആശ്വാസം നല്കിയിരിക്കുകയാണ് ഈ ഭക്ഷണപ്പൊതികള്‍.