പ്രകൃതിയുടെ അന്തകനായ ഒരു ജീവി ഇവിടെ ഉണ്ടായിരുന്നു എന്നതാകാതിരിക്കട്ടെ മനുഷ്യനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ് – ഡോ. ലാസർ കുറ്റിക്കാടൻ

വായുവും വെള്ളവും മനുഷ്യനും മൃഗവും പക്ഷിയും മത്സ്യവും ചെടിയും മരങ്ങളും പൂക്കളും പുഴുക്കളും സൂക്ഷ്മജീവി യും പൊടിയും ഈർപ്പവും എല്ലാം ഒന്ന് ചേർന്നുണ്ടാവുന്ന യാഥാർത്ഥ്യത്തിന് മനുഷ്യൻ നൽകിയ പേരാണ് പ്രകൃതി. നിലനിൽപ്പിന് പരസ്പര ആശ്രയത്വം ആവശ്യമാണെന്ന ബോധ്യത്തിനാണ് പാരിസ്ഥിതിക അവബോധം എന്ന് പറയുന്നത്.

പ്രകൃതി ഒരു സ്നേഹ ഭവനം

പരിസ്ഥിതി എന്ന വാക്ക് ഇംഗ്ലീഷിൽ ഇക്കോളജി എന്നാണ് പറയുന്നത്. ഇക്കോളജി എന്ന പദത്തിൻറെ മൂലം ഓയിക്കോസ് എന്ന ഗ്രീക്ക് പദമാണ്. ഈ വാക്കിന്റെ അർത്ഥം വീട് എന്നുമാണ്. ഒരുവന് പരിചയമുള്ളതും തിരിച്ചുവരാൻ കഴിയുന്നതുമായ സുരക്ഷിത സ്ഥലമാണ് വീട്. പരസ്പരം പറയുന്നവരും സഹായിക്കുന്നവരും ഉള്ള സ്ഥലം. അവർക്കു തമ്മിൽ തമ്മിലും ചുറ്റുപാടും ആയുള്ള ബന്ധമാണ് സ്നേഹമുള്ള ഭവനം ആക്കി വീടിനെ മാറ്റുന്നത്. ഒരു ഭവനത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രകൃതിയെ നോക്കി കാണുമ്പോൾ, ആ വീടിന് പൂർണ്ണരൂപം വരുന്നത് ആകാശവും മണ്ണും പുഴകളും പക്ഷികളും മൃഗങ്ങളും കൂടിച്ചേരുമ്പോഴാണ്. അങ്ങനെയെങ്കിൽ ഈ യാഥാർത്ഥ്യങ്ങളിൽ ഒന്നു മാത്രമാണ് മനുഷ്യൻ, മറ്റെല്ലാം മനുഷ്യൻറെ സഹോദരീസഹോദരന്മാരാണ് എന്ന തിരിച്ചറിവിലെത്തുന്നു.

ഏറ്റവും ഉദാത്തമായ ക്രൈസ്തവ മാതൃക

ക്രൈസ്തവ ആദ്ധ്യാത്മികത ഈ ചിന്ത വളരെ നേരത്തെ സ്വാംശീകരിച്ചിരുന്നു എന്നതിൻറെ തെളിവാണ് പതിനൊന്നാം നൂറ്റാണ്ടിൽ അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് പക്ഷിമൃഗാദികളെ ”സഹോദരർ” എന്ന് വിളിച്ചത്.നിങ്ങളിൽ വലിയവൻ നിങ്ങളുടെ ശുശ്രൂഷകൾ ആയിരിക്കണം എന്ന് ഗുരു വചനത്തിൻറെ പശ്ചാത്തലത്തിൽ വേണം ഭൂമിയിലെ സകല ജീവികളുടെയും മേൽ നിങ്ങൾക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ എന്ന വചനം പഠിക്കുവാൻ. ക്രൈസ്തവ ആദ്ധ്യാത്മികതയിൽ അധികാരം സേവനത്തിനുള്ള അവസരമാണ്. ഉല്പത്തി പുസ്തകത്തിലെ സൃഷ്ടിയുടെ വിവരണത്തിൽ ഏദൻ കൃഷിചെയ്യാനും സംരക്ഷിക്കാനുമാണ് മനുഷ്യനെ ദൈവം അവിടെ ആക്കിയത്. രണ്ട് കാര്യങ്ങൾ ഇവിടെ വ്യക്തമാകുന്നുണ്ട്; ഒന്നാമതായി മനുഷ്യൻ ഭൂമിയിൽ കൃഷിക്കാരൻ മാത്രമാണ്, നില ഉടമ ദൈവമാണ്. രണ്ടാമതായി ഭൂമി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മനുഷ്യൻറെതാണ് അതിനാൽ ഭൂമിയിലെ പാട്ടക്കാരനായി കഴിയാനുള്ള ദൈവത്തിൻറെ കല്പനയെ തിരിച്ചറിയുമ്പോഴാണ് വിശുദ്ധഗ്രന്ഥം വിരൽചൂണ്ടുന്നത് സമാധാനപൂർണ്ണമായ ഒരു സഹവാസ ത്തിലേക്ക് (Peaceful co – existence) ആണ് എന്നത് നമുക്ക് വ്യക്തമാകുന്നത്.

എല്ലാം തനിക്കു വേണ്ടിയാണെന്നും താനാണ് എല്ലാത്തിന്റെയും അവസാനവാക്ക് എന്നുമുള്ള മനുഷ്യ ചിന്ത ഉപഭോഗ സംസ്കാരത്തിലേക്ക് അവനെ നയിച്ചു. എന്നാൽ ആ സംസ്കാരത്തിൽ നിന്നും ഉളവായ തെറ്റായ ചിന്തകൾ നമ്മെ മാത്രമല്ല മുഴുവൻ പ്രകൃതിയേയും അപകടത്തിലേക്ക് നയിക്കുന്നുണ്ട്. പ്രകൃതിയുടെ സാധ്യത വലുതാണ്, എന്നാൽ അവ അനന്തമല്ല. പ്രകൃതി പദാർത്ഥങ്ങളാൽ നിർമ്മിതമാണ്. പദാർഥങ്ങൾക്ക് പരിമിതികൾ ഉണ്ട്. അതിനാൽ അനന്തമായ സാധ്യതകളെ പ്രകൃതിയിൽനിന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല! ഭൂമിയെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാടും പരിസ്ഥിതിയെ കുറിച്ചുള്ള വ്യക്തമായ ദർശനവും മനുഷ്യൻറെ ചൂഷണ മനോഭാവത്തെ നിയന്ത്രിക്കാൻ ഉപയുക്തമാണ്. സഭയുടെ പഠനങ്ങളെല്ലാം തന്നെ പരിസ്ഥിതിയുടെ സുരക്ഷിതത്വവും ആരോഗ്യപരവുമായ അവസ്ഥയെ സംരക്ഷിക്കാനുമുള്ള നമ്മുടെ കടപ്പാടും ചൂണ്ടിക്കാണിക്കുന്നുണ്ട്.

മുടക്കമില്ലാതെ കിട്ടേണ്ട മൗലിക അവകാശം

സമ്പന്ന വർഗത്തിൻറെ ഉപഭോഗ സംസ്കാരത്തിൻറെ ജീർണ്ണത മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക തകർച്ച അപകടത്തിലാക്കുന്നത് ദരിദ്രരായ മനുഷ്യരെയാണ്. അവരുടെ ജീവിതസാഹചര്യങ്ങൾ കാലാവസ്ഥയിലെ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ വഴി നശിപ്പിക്കപ്പെടുമ്പോൾ, അവയെ തടയാനോ അതിൽ നിന്ന് കര കയറാനോ ദരിദ്ര ജനവിഭാഗങ്ങൾക്ക് സംവിധാനങ്ങളില്ല. രാഷ്ട്ര സംവിധാനങ്ങൾ ഇതിനുവേണ്ടി പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും, പ്രാണവായു ദാഹജലം ഇതെല്ലാം മലിനമാക്കാതെ ലഭിക്കുക എന്ന് മൗലികാവകാശം സംരക്ഷിക്കപ്പെടുകയും ചെയ്യണം. ഒരു വിഭാഗം ഇവയെല്ലാം മലിനമാക്കുകയും മറ്റൊരു വിഭാഗം അതിൻറെ ഫലം അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു എന്നത് അനീതിയാണ്. 2011ലെ ഒരു പഠനമനുസരിച്ച് കേരളത്തിൽ 15 ശതമാനമേ ശുദ്ധജലം ഉള്ളു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ ഇപ്പോൾ അതെത്രമാത്രം ശുഷ്കം ആയിരിക്കും?

മനുഷ്യരും ജീവജാലങ്ങളും പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചു കഴിയണം എന്നതാണ് ദൈവഹിതം. ഇത് തന്നെയാണ് പ്രകൃതിയുടെ നിയമം. ഇതിനുവേണ്ടി ധാർമികത കരുണ സ്നേഹം സഹനം എന്നിവ മനുഷ്യരുടെ ഇടയിൽ പ്രോത്സാഹിപ്പിക്കപ്പെടണം. റോബർട്ട് കോൺസ്റ്റൻസ് എന്ന ശാസ്ത്രജ്ഞർ നടത്തിയ ഒരു പഠനത്തിൻറെ റിസൾട്ട് ശ്രദ്ധേയമാണ്. ഒരു വർഷം പ്രകൃതി ചെയ്യുന്ന ജോലിക്ക് കൂലിയും ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിലയും നിശ്ചയിച്ചാൽ ഒരു വർഷം 33 ട്രില്ല്യൺ യുഎസ് ഡോളർ മനുഷ്യൻ പ്രകൃതിക്ക് നൽകേണ്ടിവരും. എന്നാൽ ലോകത്തിലെ എല്ലാ മനുഷ്യരുടെയും അധ്വാനത്തിന്റെ കൂലി നിശ്ചയിച്ചാൽ അത് വെറും 18 ട്രില്ല്യൺ യുഎസ് ഡോളർ മാത്രമേ വരുന്നുള്ളൂ! അങ്ങനെയെങ്കിൽ മനുഷ്യൻ തൻറെ ആയുസ്സിന് എന്തുമാത്രം പ്രകൃതിയോട് കടപ്പെട്ടിരിക്കുന്നു എന്ന കാര്യം മറക്കരുത്.മറ്റ് ജീവജാലങ്ങളുടെയെല്ലാം അന്തകനായ ഒരു ജീവി, മനുഷ്യൻ എന്ന പേരിൽ ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നതാകാതിരിക്കട്ടെ ജീവൻറെ ചരിത്രപുസ്തകത്തിൽ മനുഷ്യൻറെ സ്ഥാനം.

(സഭയുടെ സാമൂഹിക പ്രബോധനം, കന്യാകോണിൽ & ആലപ്പാട്ടുമേടയിൽ eds. 2011)