പ്രാര്‍ത്ഥന ഒരു കലയാണ്, അത് നിരന്തരം ശീലിക്കണം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥന ഒരു കലയാണെന്നും അത് നിരന്തരം നാം ശീലിക്കേണ്ടിയിരിക്കുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. നിരന്തരം പ്രാര്‍ത്ഥിക്കണമെന്നാണ് ക്രിസ്തു നമ്മോട് പറഞ്ഞിരിക്കുന്നത്. തുടര്‍ച്ചയായ പ്രാര്‍ത്ഥന പുരോഗമനപരമായ മാറ്റമുണ്ടാക്കുന്നു. പ്രതികൂലങ്ങളുടെ സമയം അത് നമുക്ക് ശക്തി നല്കുന്നു. അപ്പസ്‌തോലിക് പാലസ് ലൈബ്രറിയില്‍ നിന്ന് സംസാരിക്കുകയായിരുന്നു പാപ്പ.

തന്റെ പരസ്യജീവിതകാലഘട്ടത്തില്‍ യേശു പ്രാര്‍ത്ഥനയുടെ ശക്തിയില്‍ നിരന്തരം ആശ്രയിക്കുന്നുണ്ട്. പ്രാര്‍ത്ഥിക്കുന്നതിന് ആളൊഴിഞ്ഞ ഇടങ്ങളിലേക്ക് മാറുന്ന ക്രിസ്തുവിനെയും നാം കാണുന്നു. പാവങ്ങളുടെയും രോഗികളുടെയും കാര്യങ്ങളില്‍ വ്യാപൃതനായിരുന്നപ്പോള്‍ പോലും യേശു പിതാവുമായുള്ള ഗാഢമായ സംഭാഷണത്തില്‍ വീഴ്ച വരുത്തിയിരുന്നില്ല.

യേശുവിന്റെ പ്രാര്‍ത്ഥന ഒരു നിഗൂഢ യാഥാര്‍ത്ഥ്യമാണെന്നും പാപ്പ പറഞ്ഞു. പ്രാര്‍ത്ഥനയാണ് യേശുവിന്റെ ഗതിയെ നിയന്ത്രിക്കുന്ന ചുക്കാന്‍. നേട്ടങ്ങളും അംഗീകാരങ്ങളുമല്ല. പ്രാര്‍ത്ഥനാരഹിതമായ ദിവസം അസ്വസ്ഥമോ വിരസമോ ആയി മാറുന്ന അനുഭവവുമുണ്ട്. പാപ്പ ഓര്‍മ്മിപ്പിച്ചു.