പ്രാര്‍ത്ഥന ഹൃദയത്തില്‍ നിന്നാവട്ടെ

പ്രാര്‍ത്ഥിക്കാത്തവരായി ആരുമുണ്ടാവില്ല. പക്ഷേ പ്രാര്‍ത്ഥന ഏതുതരത്തിലുള്ളതാണ് എന്ന് കണ്ടെത്തുന്നവര്‍ വളരെ കുറവായിരിക്കും. വിവിധ തരംപ്രാര്‍ത്ഥനാരീതികളെക്കുറിച്ച് നാം വിശുദ്ധ ഗ്രന്ഥത്തില്‍ കാണുന്നുണ്ട്. പ്രാര്‍ത്ഥന എന്തുമാകട്ടെ ഏതുതരത്തിലുമായിക്കോട്ടെ പ്രാര്‍ത്ഥിക്കുന്നതെല്ലാം ഹൃദയത്തില്‍ നിന്നായിരിക്കണം. അത്തരം പ്രാര്‍ത്ഥനകളാണ് ദൈവസന്നിധിയില്‍ എത്തുന്നത്. ചുങ്കക്കാരന്റെയും ഫരിസേയന്റെയും പ്രാര്‍ത്ഥനയെക്കുറിച്ച് നമുക്കറിയാം.

ഒരാള്‍ തന്റെതന്നെ പുണ്യങ്ങളില്‍ അഭിമാനിച്ചു, അഭിരമിച്ചു. മനോഹരമായ വാക്കുകള്‍ അടുക്കിവച്ചുകൊണ്ട് അയാള്‍ പ്രാര്‍ത്ഥനയെ അലങ്കരിച്ചു. തന്റെ തന്നെപുണ്യങ്ങളിലും നേട്ടങ്ങളിലുമായിരുന്നു അയാളുടെ അഭിമാനം. പക്ഷേ മറ്റേയാളാവട്ടെ സ്വയം പാപിയായി കരുതി. ദൈവകൃപയ്ക്കുവേണ്ടി അയാള്‍ യാചിച്ചു. ബലഹീനമാകുന്ന മനുഷ്യപ്രകൃതിയുടെയും ദൈവകരുണയ്ക്കുവേണ്ടിയുള്ള മനുഷ്യാത്മാവിന്റെ അടങ്ങാത്ത ദാഹത്തിന്റെയും തെളിവാണ് ചുങ്കക്കാരന്‍. അയാള്‍ ഒടുവില്‍ നീതികരിക്കപ്പെട്ടവനായി ഇറങ്ങിപ്പോയി എന്നാണ് വിശുദ്ധ ഗ്രന്ഥം നല്കുന്ന സൂചന.

ബൈബിളില്‍ വേറൊരു പ്രാര്‍ത്ഥനയുമുണ്ട. കര്‍ത്താവായ യേശുക്രിസ്തുവേ ദൈവത്തിന്റെ പുത്രാ പാപിയായ എന്റെ മേല്‍ കരുണയായിരിക്കണമേ എന്നതാണ് ആ പ്രാര്‍ത്ഥന.
നമ്മുടെ പ്രാര്‍ത്ഥനകള്‍ ഇത്തരത്തിലുള്ളതാവട്ടെ. നാം പാപിയാണെന്ന് ഏറ്റുപറഞ്ഞുകൊണ്ട് ദൈവകരുണയ്ക്കായി യാചിക്കുക. ദൈവം നമ്മെ അനുഗ്രഹിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.