ഫാ. സ്റ്റാന്‍ സ്വാമിക്ക് സ്‌ട്രോയും സിപ്പര്‍ കപ്പും കിട്ടുമോ? ഡിസംബര്‍ നാലുവരെ കാത്തിരിക്കണം

മുംബൈ: ഈശോസഭാംഗവും ആക്ടിവിസ്റ്റുമായ ഫാ. സ്റ്റാന്‍ സ്വാമിയ്ക്ക് സ്‌ട്രോയും സിപ്പര്‍ കപ്പും കിട്ടുമോയെന്നറിയാന്‍ ഡിസംബര്‍ നാലുവരെ കാത്തിരിക്കണം. പാര്‍ക്കിന്‍സണ്‍ രോഗിയായ ഫാ. സ്വാമിക്ക് ഇവയുടെ സഹായത്തോടെ മാത്രമേ ഭക്ഷണം കഴിക്കാനാവൂ.

ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ താമസസ്ഥലത്ത് നിന്ന് ദേശീയ സുരക്ഷാ ഏജന്‍സി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോള്‍ സ്‌ട്രോയും സിപ്പര്‍ കപ്പും എടുത്തിട്ടില്ലെന്നാണ് മുംബൈ കോടതിയില്‍ ബോധിപ്പിച്ചിരുന്നത്. സ്‌ട്രോയും സിപ്പര്‍ കപ്പും ജയിലില്‍ ഉപയോഗിക്കാന്‍ അനുവാദം ചോദിച്ച് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോഴായിരുന്നു എന്‍ഐയുടെ മറുപടി.ഇതേതുടര്‍ന്ന് സ്വാമിയുടെ അപേക്ഷ പൂനെയിലെ പ്രത്യേക കോടതി തള്ളിയിരുന്നു തുടര്‍ന്ന് ജയിലില്‍ സ്‌ട്രോയും സിപ്പറും തണുപ്പുകാല വസ്ത്രങ്ങളും ഉപയോഗിക്കാന്‍ അനുവാദം ചോദിച്ച് സ്വാമി വീണ്ടും കോടതിയെ സമീപിച്ചു.

ഡിസംബര്‍ നാലിന് ഈ ഹര്‍ജി പരിഗണിക്കാമെന്നാണ് കോടതിയുടെ നിലപാട്. അനിയന്ത്രിതമായ കൈവിറയലാണ് പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ പ്രത്യേകത. സ്‌ട്രോയും സിപ്പര്‍ കപ്പും കൂടാതെ ഇവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സാധിക്കാറില്ല. മാനുഷികമായ ഈ പരിഗണന പോലുമാണ് ഫാ. സ്റ്റാന്‍ സ്വാമിക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നത്.