ഭാഗ്യം

മംഗളവാര്‍ത്താക്കാലം

നാലാം ദിവസം

ഉള്ളവന് നല്കപ്പെടും. അവന് സമൃദ്ധിയുണ്ടാവുകയും ചെയ്യും.ഇല്ലാത്തവനില്‍ നിന്ന് ഉള്ളതുപോലും എടുക്കപ്പെടും….. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു അനേകം പ്രവാചകന്മാരും നീതിമാന്‍മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു. എങ്കിലും കണ്ടില്ല, നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു. എങ്കിലും കേട്ടില്ല.
( മത്താ: 13:12-17)

എല്ലാ മനുഷ്യരും അതാഗ്രഹിക്കുന്നുണ്ട്. ഭാഗ്യം. ഭാഗ്യമുള്ളവരായിരിക്കുക. ജീവിതത്തില്‍ കിട്ടുന്ന വലിയ അനുഗ്രഹങ്ങളിലൊന്നാണിത്. ഭാഗ്യത്തെ നാം പലപ്പോഴും വിലയിരുത്തുന്നത് ഭൗതികമായ സമ്പത്തുകളുടെ അടിസ്ഥാനത്തിലാണ്. വലിയ വീട്..കാര്‍..സൗന്ദര്യവും ആരോഗ്യവുമുള്ള ജീവിതപ്ങ്കാളി, സമര്‍ത്ഥരായ മക്കള്‍.ഇതിനൊക്കെ പുറമെ നാട്ടില്‍ ലഭിക്കുന്ന നിലയും വിലയും. ഒരാളെ നാം ഭാഗ്യവാനെന്നോ ഭാഗ്യവതിയെന്നോ വിളിക്കുന്നത് മേല്‍പ്പറഞ്ഞ ചില ഘടകങ്ങള്‍ കൊണ്ടാണ്. ഭൗതികമായ സമ്പത്തു ബൈബിളിന്റെ അടിസ്ഥാനത്തിലും ഭാഗ്യമാണ്. പ്രത്യേകിച്ച് പഴയ നിയമത്തില്‍. അബ്രാഹത്തിന്റെയും ജോബിന്റെയും ജീവിതം തന്നെ ഉദാഹരണം.

പക്ഷേ പുതിയ നിയമത്തില്‍ ആ ഭാഗ്യം വ്യത്യാസപ്പെടുന്നതായി കാണുന്നുണ്ട്. ദരിദ്രര്‍ ഭാഗ്യവാന്മാര്‍ എന്നാണ് പുതിയ നിയമം നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍ ഈ തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍ ഭാഗ്യത്തെ നമുക്ക് മറ്റൊരു രീതിയിലും കാണാം. അത് ദൈവവചനം കേള്‍ക്കാനും കാണാനും ലഭിച്ചിരിക്കുന്ന അവസരമാണ്. ദൈവവചനം പഠിക്കാനും മനസ്സിലാക്കാനും ഹൃദിസ്ഥമാക്കാനും നമുക്ക് കഴിയുന്നുണ്ടോ. ആ വചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ? ശരിക്കും അപ്പോഴാണ് നമ്മുടെ ജീവിതം ഭാഗ്യപ്പെട്ടതാകുന്നത്. വചനത്തിന്റെ സമൃദ്ധി നാനാഭാഗത്തു നിന്നും കോരിച്ചൊരിയപ്പെടാന്‍ ഭാഗ്യം ലഭിച്ച ഒരു കൂട്ടര്‍ നമ്മെ പോലെ വേറെയാരും ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷേ നമ്മില്‍ എത്ര പേര്‍ അത് പ്രയോജനപ്പെടുത്തുന്നുണ്ട്. വഴിയരികിലുംപാറപ്പുറത്തും വീണ വിത്തുകള്‍ പോലെ, മുള്ളുകള്‍ക്കിടയിലും പാഴായ സ്ഥലത്തും വീണ വിത്തുകള്‍ പോലെയാണോ നാം..

അതോ നാല്പതും അറുപതും മേനിയെങ്കിലും വിളവെടുക്കാന്‍ കഴിഞ്ഞ വിത്തുകള്‍ പോലെയാണോ. എങ്കില്‍ തീര്‍ച്ചയായും നാം ഭാഗ്യവാന്മാരാണ്.അന്യായമായും അഹിതമായും നാം കെട്ടിപ്പൊക്കുന്നതൊന്നും നമ്മുടെ ഭാഗ്യങ്ങളേയല്ല. വചനത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പൊക്കിയതെല്ലാം നമ്മുടെ ഭാഗ്യങ്ങളുമാണ്. അത്തരമൊരു ഭാഗ്യത്തിന്റെ തിരിച്ചറിവിന് ഈ ആഗമനകാലം നമുക്ക് പ്രേരണനല്കട്ടെ.
വിഎന്‍