ഒന്നും കാണാനില്ലെങ്കിൽ പിന്നെ എന്തിനാണ് വിളക്ക്….? എന്നപോലെതന്നെ, ചെയ്തുതീർക്കാൻ ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനീ ജീവിതം….?
ഈ ഭൂമിയിൽ ദൈവം എനിക്കൊരു ജീവിതം അനുവദിച്ചെങ്കിൽ അത് എന്നിലൂടെ പൂർത്തീകരിക്കേണ്ട ചില ദൈവീക പദ്ധതികൾക്ക് വേണ്ടിയാണ്.
നിശ്ചലമായ ക്ലോക്ക് പോലും ദിവസത്തിൽ രണ്ടുപ്രാവശ്യം സമയം കാണിക്കാൻ നിയോഗിക്കപ്പെടുന്നു എങ്കിൽ ….ഞാൻ അറിയണം എനിക്ക് മാത്രം ചെയ്യാൻ കഴിയുന്ന ചില ഉത്തരവാദിത്വങ്ങൾ ദൈവം എന്നെ ഭരമേൽപ്പിച്ചിട്ടുണ്ടെന്ന്.
ലോകത്തിൻെറ
നൈമിഷിക സുഖങ്ങളുടെ പിന്നാലെ ഞാൻ ഓടുമ്പോൾ…., ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭാരമായി തോന്നുമ്പോൾ… വിളിച്ചവനോടുള്ള വിശ്വസ്തതയിൽ നിന്ന് ഞാൻ വ്യതിചലിക്കുമ്പോൾ എൻെറ ജീവിതം സ്വർഗ്ഗത്തിന്റെ കണ്ണീരാണ്.
ദൈവത്തിൻറെ പദ്ധതികളെ മനുഷ്യന് പരാജയപ്പെടുത്താൻ സാധിക്കില്ല. ജീവിതയാത്രയിൽ പൂർത്തിയാക്കാൻ നിനക്കൊരു നിയോഗമുണ്ട്. സഭയാകുന്ന ശരീരത്തിൽ ഓരോ ക്രൈസ്തവനും ചെയ്തുതീർക്കാനുള്ള ചെറുതും വലുതുമായ ഉത്തരവാദിത്വങ്ങളുണ്ട്.
ദൈവം നിന്നെ ഭരമേല്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾക്ക് ഈ ഭൂമിയിൽ ജീവിതത്തിൽ വളരെ പ്രാധാന്യമുണ്ട് .നീയതിനെ നിസ്സാരമായി കാണരുത്. നീ പിന്മാറിയാൽ നിൻറെ സ്ഥാനത്ത് മറ്റൊരാളെ തന്റെ പദ്ധതി നടപ്പാക്കാൻ ദൈവം കണ്ടെത്തും.
നീ ദൈവ സന്നിധിയിൽ തിരസ്കരിക്കപ്പെടുകയും ചെയ്യും. ആകാര വടിവോ ഉയരമോ അല്ല കർത്താവ് നോക്കുന്നത് .
ആരുടെയും അയോഗ്യതയുടെ ആഴമോ യോഗ്യതയുടെ ഉന്നതിയോ അവിടുന്ന് പരിഗണിക്കില്ല .
ദൈവീക പദ്ധതിയിൽ ഒരു മനുഷ്യൻ കാണിക്കുന്ന വിശ്വസ്തതയാണ് അയാളിലൂടെ വലിയ കാര്യങ്ങൾ ചെയ്യാൻ സ്വർഗ്ഗം കണക്കാക്കുന്ന യോഗ്യത .
ഇന്ന് ദൈവം തരുന്ന പ്രേരണ നാളെ നിനക്ക് ലഭിക്കണമെന്നില്ല. അവിടുത്തെ വിളിയുടെ നിമിഷത്തിനു വേണ്ടി നൈമിഷികതയെ ദൂരെ യെറിയാൻ മനസ്സിനെ ചിട്ടപ്പെടുത്താം. നിത്യതയോളം എത്തുന്നു നിത്യതയെ പോലും നിങ്ങളുടെ പ്രത്യുത്തരങ്ങൾ.
“നിൻെറ കിരീടം ആരും കവർന്നെടുക്കാൻ പാടില്ല.”
(വെളിപാട് 3 :11 )