മരണത്തിനപ്പുറം…

അമർത്യതയുടെ ദിവ്യ ഔഷധമാണ് വിശുദ്ധ കുർബാന.

മരണത്തെക്കുറിച്ചും നിത്യതയെകുറിച്ചും ചിന്തിക്കുകയും ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഈ നാളുകളിൽ,നാമോ രോരുത്തരും ബലിയർപ്പണത്തിനായി ദേവാലയത്തിൽ എത്രത്തോളം ഭയഭക്തി ബഹുമാനത്തോടെ നിൽക്കണം എന്നുകൂടി ചിന്തിക്കുന്നത് ഉചിതമാണ്.

ഓരോ ദേവാലയത്തിലും വിശുദ്ധ കുർബാന അർപ്പിക്കപ്പെടുമ്പോൾ അവിടെ ദൈവപുത്രനായ യേശുവിൻെറ ജനനവും ജീവിതവും മരണവും ഉത്ഥാനവും അനുസ്മരിക്കുകയാണ് ചെയ്യുന്നത് .
ഈ സമയം ദേവാലയത്തിനുള്ളിൽ ഇടതും വലതുമായി സ്ത്രീപുരുഷന്മാർ അൾത്താരയിലെ സക്രാരിലേക്കും ബലിപീഠത്തിലേക്കു൦ ഭയഭക്തിപൂർവ്വം നോക്കി നിൽക്കുന്നു. അൾത്താരയ്ക്ക് ചുറ്റും കാൽവരിയിലെ കുരിശി൯ ചുവട്ടിൽ എന്നപോലെ, പരിശുദ്ധ അമ്മയുടെയും സകല മാലാഖമാരുടെയും വിശുദ്ധരുടെയും അദൃശ്യമായ സജീവ സാന്നിധ്യം ഉണ്ടായിരിക്കും.

ദൈവജനം ആകുന്ന ഓരോ വ്യക്തിയുടെയും തൊട്ടരികിൽ ആ വ്യക്തിയുടെ കാവൽമാലാഖയും പേരിനു കാരണഭൂതരായ വിശുദ്ധൻ /വിശുദ്ധ ഉണ്ടായിരിക്കും.ഭൂവാസികളും സ്വർഗ്ഗവാസികളും അൾത്താരയിലേക്ക് നോക്കി ഭയഭക്തിയോടെ നിൽക്കുമ്പോൾ, ദേവാലയത്തിന്റെ മധ്യഭാഗത്തായി ശുദ്ധീകരണാത്മാക്കളുടെ അദൃശ്യ സാന്നിധ്യം ഉണ്ടായിരിക്കും .എന്നാൽ അവർ അൾത്താരയിലേക്ക് തിരിയാതെ ദൈവജനത്തിന് അഭിമുഖമായി കരഞ്ഞുകൊണ്ട് നിൽക്കുന്നു. കാരണം അവർക്ക് ബലി അർപ്പിക്കാനോ പ്രാർത്ഥിക്കാനോ കഴിയില്ല. ഭൂവാസികളായ നമ്മുടെ നേരെ തിരിഞ്ഞ് അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ കരഞ്ഞു രാജിക്കുകയാണ് ചെയ്യുന്നത് .

എല്ലാ വിശുദ്ധബലിയിലും ഓരോശുദ്ധീകരണാത്മാവു൦ നിന്നോട് യാചിക്കുന്നു.” ബലിപീഠത്തിനു മുമ്പിൽ നിൽക്കുമ്പോളെല്ലാം എന്നെയും ഓർക്കണമേ”

✍🏻Jincy Santhosh