ചോരത്തിളപ്പിന്റെ കാലത്ത് നമുക്ക് തോന്നും ഈ ലോകം മുഴുവൻ നമ്മുടെ കാൽക്കീഴിലാണെന്ന്. കുതിച്ചു നടന്ന വഴികളിലൂടെ കിതച്ചു നടക്കുന്ന ഒരു കാല൦ വരുമെന്ന് ഓർക്കുക.
ശരീരവും മനസ്സും തളർന്ന് നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങുമ്പോൾ മനസ്സിലാവും ,കിടക്കുന്ന സ്ഥലം പോലും തന്റെതല്ല എന്ന് .
വിശുദ്ധ ബൈബിളിൽ സഭാ പ്രസംഗകന്റെ പുസ്തകത്തിൽ വാർദ്ധക്യത്തെയും മരണത്തെയും കുറിച്ച് വിശദമായി തന്നെ എഴുതിയിരിക്കുന്നു.
“സൂര്യനും പ്രകാശവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകും വൃഷ്ടികഴിഞ്ഞ് മറഞ്ഞ മേഘങ്ങൾ വീണ്ടും വരും”( വാർദ്ധക്യത്തിൽ നിൻെറ കാഴ്ചകൾക്ക് മങ്ങലേല്ക്കും . യൗവനത്തിൽ കണ്ട കാഴ്ചകൾ വാർദ്ധക്യത്തിൽ നിന്ന് ഭ്രമിപ്പിക്കുകയില്ല .
വീട്ടു കാവൽക്കാർ സ൦ഭ്രമിക്കുകയും
(നിൻെറ കാലുകൾ വിറയ്ക്കുകയും) ശക്തന്മാർ കൂനി പോവുകയും
(നിവർന്നു നിന്നിരുന്ന ശക്തനായ നട്ടെല്ല് വളഞ്ഞ് നീ കൂനി പോകും)
- അരയ്ക്കുന്നവർ ആളു കുറവായതിനാൽ വിരമിക്കുകയും*
( ഭക്ഷണം ചവച്ചരയ്ക്കാൻ തക്ക പല്ലുകൾ കുറവായതിനാൽ ഇഷ്ട ഭക്ഷണം നീ ഒഴിവാക്കും) കിളിവാതിലിലൂടെ നോക്കുന്നവർ അന്തരാവുകയും ചെയ്യും.( നിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടും) തെരുവിലെ വാതിലുകൾ അടയ്ക്കപ്പെടും (ഇഷ്ടപ്രകാരം ഉള്ള നിൻെറ സഞ്ചാരങ്ങൾ വാർദ്ധക്യത്തിൽ സാധിക്കുകയില്ല )
മാവ് പൊടിക്കുന്ന ശബ്ദം മന്ദീഭവിക്കും
(ചെവിയുടെ കേൾവി ശക്തി കുറഞ്ഞില്ലാതാവും) പക്ഷിയുടെ ശബ്ദം കേട്ട് മനുഷ്യൻ ഉണർന്നുപോകും (വാർദ്ധക്യത്തിൽ നിനക്ക് ഉറക്കം നഷ്ടപ്പെടും കിളികൾ ഉണരുന്നത് നീ അറിയും)
ഗായികമാരുടെ ശബ്ദം താഴു൦ (ശബ്ദമുയർത്തിയിരുന്ന നാവ് അത്രമേൽ ഇനി ശബ്ദം ഉയർത്തില്ല) ഉയർന്നുനിൽക്കുന്നതും വഴിയിൽ കാണുന്നതെല്ലാം അവർക്ക് ഭീതിജനകമാകും
( തട്ടി വീഴാതിരിക്കാൻ ഓരോ ചുവടും വയ്ക്കാൻ നീ ഭയപ്പെടും )
ബദാംവൃക്ഷം തളിർക്കും പച്ചക്കുതിര ഇഴയും (ചലനശേഷി കുറഞ്ഞ് നീ നിരങ്ങി നീങ്ങു൦. ഒന്നിനോടും നിനക്ക് ആശ ഉണ്ടാവില്ല. മരണം കാത്ത് നീ ഇരവ് പകലുകൾ ഭീതിയോടെ കഴിയും)
മനുഷ്യൻ തന്റെ നിത്യഭവനത്തിലേക്ക് പോവുകയും വിലപിക്കുന്നവർ തെരുവീഥികളിലൂടെ നീങ്ങുകയും ചെയ്യും.ധൂളി അതിൻെറ ഉറവിടമായ മണ്ണിലേക്ക് മടങ്ങും. ആത്മാവ് തൻെറ ദാതാവായ ദൈവത്തിങ്കലേക്ക് തിരിച്ചു പോവുകയും ചെയ്യും.
( സഭാപ്രസംഗകൻ 12 :2 – 7 )
“നീതിമാൻ പ്രായമെത്താതെ മരിച്ചാലും വിശ്രമ൦ ആസ്വദിക്കും. വാർദ്ധക്യത്തെ മാനിക്കുന്നത് ഏറെക്കാലം ജീവിച്ചത് കൊണ്ടല്ല
മനുഷ്യർക്ക് വിവേകമാണ് നരച്ച മുടി .
കറയറ്റ ജീവിതമാണ് പക്വതയാർന്ന വാർദ്ധക്യം
(ജ്ഞാനം 4 :7 ,8 ,9 )
✍🏻Jincy Santhosh